കൊച്ചി : എറണാകുളം- അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാന ക്രമം വേണ്ട, നിലവിലെ ജനാഭിമുഖ കുര്‍ബാന തുടര്‍ന്നാല്‍ മതിയെന്ന് വത്തിക്കാന്‍. മെത്രാപ്പോലീത്തന്‍ വികാരി ആന്റണി കരിയില്‍ മാര്‍പ്പാപ്പയുമായി നടത്തിയ കൂടികാഴ്ച്ചയെ തുടര്‍ന്നാണ് വത്തിക്കാന്‍ ഈ തീരുമാനം അറിയിച്ചത്.
അതിരൂപത മെത്രോപ്പോലീത്തന്‍ വികാരി മാര്‍ ആന്റണി കരിയില്‍ ഇതുസംബന്ധിച്ച സര്‍ക്കുലര്‍ വൈദികര്‍ക്ക് കൈമാറി. ഏകീകൃത കുര്‍ബാന ക്രമം നടപ്പാക്കുന്നതിനെതിരെ എറണാകുളം- അങ്കമാലി അതിരൂപത വിശ്വാസികള്‍ക്കിടയില്‍ ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതൊന്നും വകവെയ്ക്കാതെ ഞായറാഴ്ച മുതല്‍ ഇത് നടപ്പാക്കാനായിരുന്നു തീരുമാനം.
ഞായറാഴ്ച മുതല്‍ പുതിയ രീതിയില്‍ കുര്‍ബാനയര്‍പ്പിക്കാന്‍ താത്പര്യപ്പെട്ട ഇടവകകളില്‍ വിശ്വാസികളുമായി വൈദികര്‍ ചര്‍ച്ച നടത്തിയിരുന്നു. വിശ്വാസികളുടെ പിന്തുണ 80 ശതമാനമെങ്കിലും ഉള്ളയിടങ്ങളില്‍ മാത്രമേ കുര്‍ബാന അര്‍പ്പിക്കാന്‍ സാധ്യതയുള്ളു. മറ്റു പള്ളികളില്‍ ഈസ്റ്ററിന് ശേഷം പുതുക്കിയ കുര്‍ബാനയര്‍പ്പണം നടത്തണമെന്നാണ് സിനഡ് അറിയിച്ചിട്ടുള്ളത്.
വിശ്വാസികളുടെ പൂര്‍ണ പിന്തുണയില്ലാതെ കുര്‍ബാന നടത്താന്‍ ഇടയുള്ള പള്ളികളില്‍ ഞായറാഴ്ച പ്രതിഷേധം സംഘടിപ്പിക്കാനും വാശ്വാസികള്‍ തീരുമാനിച്ചിരുന്നതാണ്. അതിനിടയിലാണ് വത്തിക്കാന്‍ വിഷയത്തില്‍ ഇടപെടുന്നതും നിലവിലെ കുര്‍ബാന ക്രമം തന്നെ തുടരാന്‍ ആവശ്യപ്പെട്ടതും. വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പായുമായി 45 മിനിറ്റോളം വികാരി ആന്റണി കരിയില്‍ സംസാരിച്ചുവെന്ന് സഭാവൃത്തങ്ങള്‍ അറിയിച്ചു. മോണ്‍. ഫാ. ആന്റണി നരികുളവും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
അതിനിടെ പുതിയ കുര്‍ബാന രീതി ചാലക്കുടി ഫെറോന പള്ളിയില്‍ നടപ്പിലാക്കരുതെന്ന് കോടതി ഉത്തരവിട്ടു. ഏകീകൃത കുര്‍ബാന ക്രമം താത്കാലികമായി സ്റ്റേ ചെയ്ത് നിലവിലെ കുര്‍ബാന രീതി തുടരണം എന്നും കോടതി നിര്‍ദ്ദേശിച്ചു. ഇടവക വിശ്വാസിയായ വില്‍സണ്‍ കല്ലന് നല്കിയ പരാതിയില്‍ ആണ് ചാലക്കുടി മുന്‍സിഫ് കോടതിയാണ് ഉത്തരവിറക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: