ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ദക്ഷിണാഫ്രിക്കന്‍ പര്യടനം ഉഗ്രശേഷിയുള്ള പുതിയ കോവിഡ് വകഭേദം മൂലം മുടങ്ങിയേക്കുമെന്ന് സൂചന. മൂന്ന് ടേസ്റ്റ് മത്സരങ്ങളും മൂന്ന് ഏകദിനവും നാല് ടി20 മത്സരവുമാണ് ഡിസംബറില്‍ ആരംഭിക്കുന്ന ഏഴാഴ്ചത്തെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്.
ക്രിക്കറ്റ് സൗത്ത് ആഫ്രിക്കയില്‍ നിന്നും കൃത്യമായ വിവരം ലഭിച്ചതിന് ശേഷമേ ഇന്ത്യന്‍ ടീമിന്റെ പര്യടനത്തെക്കുറിച്ച് അന്തിമതീരുമാനമെടുക്കൂ എന്ന നിലപാടിലാണ് ബിസിസി ഐ. ഡിസംബര്‍ എട്ടിനോ ഒമ്പതിനോ ദക്ഷിണാഫ്രിക്കയിലേക്ക് പുറപ്പെടാനാണ് ഇന്ത്യ തീരുമാനിച്ചിരുന്നത്. എളുപ്പം പടര്‍ന്ന് പിടിക്കുന്ന, നിരവധി തവണ മ്യൂട്ടേഷന് സംഭവിച്ച ബി1.1.529 എന്ന കോവിഡ് വകഭേദം കണ്ടെത്തിയതിനെ തുടര്‍ന്ന് യൂറോപ്യന്‍ യൂണിയനിലെ മിക്ക രാജ്യങ്ങളും ദക്ഷിണാഫ്രിക്കയില്‍ നിന്നും യാത്രാവിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ബ്രിട്ടനും വിലക്കേര്‍പ്പെടുത്തുകയാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ രാഷ്ട്രങ്ങള്‍ വിമാനയാത്രാവിലക്ക് ഏര്‍പ്പെടുത്തും. ഇതുവരെ ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള വിമാനയാത്രയ്ക്ക് വിലക്ക് പ്രഖ്യാപിച്ചിട്ടില്ല.
എളുപ്പം പടര്‍ന്ന് പിടിക്കുന്ന, നിരവധി തവണ മ്യൂട്ടേഷന് സംഭവിച്ച ബി1.1.529 എന്ന കോവിഡ് വകഭേദമാണ് ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയിരിക്കുന്നത്.ഈ വകഭേദത്തിന് എളുപ്പം പടര്‍ന്നുപിടിക്കാനുള്ള ശേഷിയുണ്ട്. ആരോഗ്യരക്ഷാസംവിധാനത്തില്‍ അടുത്ത ഏതാനും നാളുകളിലും ആഴ്ചകളിലും വലിയ സമ്മര്‍ദ്ദമുണ്ടാക്കാന്‍ ഈ വൈറസ് വകഭേദത്തിന് ശേഷിയുണ്ടെന്ന് ദക്ഷിണാഫ്രിക്കയിലെ വൈറോളജിസ്റ്റ് ടുലിയോ ഡെ ഒലിവെയ്റ പറഞ്ഞു. ആരോഗ്യവിദഗ്ധര്‍ ബി.1.1.529 വകഭേദത്തെക്കുറിച്ച് അപായമണി മുഴക്കിയതോടെ കൂടുതല്‍ രാജ്യങ്ങള്‍ യാത്രാനിരോധനം ഏര്‍പ്പെടുത്തി രോഗം പകരുന്നത് തടയാന്‍ മുന്‍കയ്യെടുക്കുകയാണ്. ശരീരത്തിന്റെ പ്രതിരോധ ശേഷിയെ വെട്ടിച്ച് കടക്കാനുള്ള അതിതീവ്രശേഷി ബി.1.1.529 എന്ന വൈറസ് വകഭേദത്തിനുണ്ടെന്ന് മാത്രമല്ല എളുപ്പം പടര്‍ന്നുപിടിക്കാനും ശേഷിയുണ്ടെന്ന് ജോഹന്നാസ് ബര്‍ഗില്‍ നിന്നും റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ദക്ഷിണാഫ്രിക്കയിലെ വടക്കന്‍ ഭാഗങ്ങളില്‍ ഈ പുതിയ കോവിഡ് വകഭേദം കൂടുതല്‍ പേരില്‍ പടര്‍ന്നു പിടിക്കുകയാണ്. ഇവിടെയുള്ള ജോഹന്നാസ്ബര്‍ഗ്, പ്രിട്ടോറിയ എന്നീ പ്രദേശങ്ങളിലെ രണ്ട് മൈതാനങ്ങളിലാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരകള്‍ ആസൂത്രണം ചെയ്തിരുന്നത്. എന്തായാലും രോഗം കൂടുതല്‍ പടര്‍ന്നുപിടിച്ചാല്‍ മത്സരങ്ങള്‍ നടത്താനാവില്ല.
പല തവണ മ്യൂട്ടേഷന് സംഭവിച്ച ഉഗ്രശേഷി കൈവരിച്ച ഈ വൈറസ് വകഭേദം മിക്കവാറും വിപണികളിലുള്ള ഇന്നത്തെ വാക്സിനുകള്‍ കൊണ്ട് നശിപ്പിക്കാന്‍ കഴിഞ്ഞെന്ന് വരില്ലെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. മാത്രമല്ല, കോവിഡ് ലക്ഷ്ണങ്ങള്‍ തന്നെ കൂടുതല്‍ തീവ്രസ്വഭാവമുള്ളതുമായിരിക്കും.
യുണൈറ്റഡ് റഗ്ബി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കേണ്ട നാല് റഗ്ബി ടീമുകള്‍ ബ്രിട്ടന് ദക്ഷിണാഫിക്കയില്‍ നിന്നും വിമാനയാത്ര വിലക്കുന്നതിനാല്‍ ഉടനെ രാജ്യം വിടുകയാണ്. യുണൈറ്റഡ് റഗ്ബി ചാമ്പ്യന്‍ഷിപ്പ് തന്നെ റദ്ദാക്കിയതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഗോള്‍ഫിലെ ജോബര്‍ഗ് ഓപ്പണിന്റെ രണ്ടാം റൗണ്ട് വെള്ളിയാഴ്ച ആരംഭിക്കേണ്ടതായിരുന്നു. എന്നാല്‍ 15 ബ്രിട്ടീഷ്- ഐറിഷ് ഗോള്‍ഫര്‍മാര്‍ പിന്‍വാങ്ങിയതോടെ ടൂര്‍ണ്ണമെന്റ് തന്നെ റദ്ദാക്കിയേക്കും. നെതര്‍ലാന്റ്സില്‍ നിന്നുള്ള ക്രിക്കറ്റ് ടീം ഇപ്പോള്‍ ദക്ഷിണാഫിക്കന്‍ പര്യടനത്തിലാണ്. മൂന്ന് ഏകദിനമത്സരങ്ങളാണ് കളിക്കാന്‍ തീരുമാനിച്ചിരുന്നത്. ഇതില്‍ ഒരെണ്ണം വെള്ളിയാഴ്ച അരംഭിച്ചെങ്കിലും രണ്ടും മൂന്നും ഏകദിനങ്ങളുടെ കാര്യം ആശങ്കയിലാണെന്ന് ക്രിക്കറ്റ് സൗത്താഫ്രിക്ക ഉദ്യോഗസ്ഥര്‍ പറയുന്നു.
2020ല്‍ കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ഇന്ത്യയുടെ ദക്ഷിണാഫ്രിക്കയുമായുള്ള ഏകദിനമത്സരമായിരുന്നു ആദ്യമായി റദ്ദാക്കപ്പെട്ടത്. ക്രമേണം ക്രിക്കറ്റ് ലോകം പൂര്‍ണ്ണമായും നിലച്ചു. പുതിയ കോവിഡ് വകഭേദവും സ്പോര്‍ട്സ് കലണ്ടര്‍ തന്നെ അട്ടിമറിക്കുന്ന രീതിയിലുള്ള പ്രതിസന്ധിയിലേക്ക് വളരുമോ എന്ന ആശങ്കയിലാണ് കായിക ലോകം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: