പത്തനാപുരം: ഏരിയാ സമ്മേളനത്തില്‍ കെ.ബി. ഗണേഷ്കുമാര് എംഎല്‍എക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം പ്രതിനിധികള്‍. പത്തനാപുരം നോര്‍ത്ത്, പട്ടാഴി, പട്ടാഴി വടക്കേക്കര, പുന്നല തുടങ്ങിയ ലോക്കല്‍ കമ്മറ്റി പ്രതിനിധികളാണ് ഗണേഷ്കുമാറിന്റെ പ്രവര്‍ത്തനങ്ങളെ എണ്ണിപ്പറഞ്ഞ് വിമര്‍ശിച്ചത്.
പൊതുമരാമത്ത് ഉദ്യോഗസ്ഥരെ പൊതുജന മധ്യത്തില്‍ വച്ച് അപമാനിക്കുന്നു, എല്‍എഡിഎഫിന്റെ ചട്ടകൂടില്‍ നില്‍ക്കാതെ എംഎല്‍എ സ്വതന്ത്രമായാണ് പ്രവര്‍ത്തിക്കുന്നത്, സിപിഎം നേതാക്കളെയും പ്രവര്‍ത്തകരേയും അംഗീകരിക്കുന്നില്ല, സര്‍ക്കാര്‍ ഫണ്ടുകള്‍ എംഎല്‍എ ഫണ്ടാണെന്ന് പ്രചരിപ്പിച്ച് കൈയ്യടി നേടുന്നു,
ഉദ്ഘാടനങ്ങള്‍ക്ക് വകുപ്പ് മന്ത്രിമാരെ ഒഴുവാക്കുന്നു, മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുന്ന തരത്തിലാണ് ഗണേഷ് കുമാറിന്റെ പ്രവര്‍ത്തനം, കൂടാതെ സിപിഎം പുറത്താക്കിയവരെ കേരളകോണ്‍ഗ്രസ് (ബി) മെമ്പര്‍ഷിപ്പ് നല്കി പാര്‍ട്ടിയില്‍ എടുക്കുന്നു… എന്നിങ്ങനെ ഒട്ടേറെ വിമര്‍ശനങ്ങളാണ് എംഎല്‍എക്കെതിരെ വിവിധ ലോക്കല്‍ കമ്മറ്റി അംഗങ്ങള്‍ ഉയര്‍ത്തിയത്. ഗണേഷ് കുമാര്‍ മാടമ്പിയെ പോലെയാണ് പെരുമാറുന്നതെന്നാണ് ഒരു സിപിഎം നേതാവ് വിമര്‍ശിച്ചത്.
ലോക്കല്‍ കമ്മറ്റികള്‍ വിമര്‍ശനം ഉന്നയിക്കുമ്പോഴും പത്തനാപുരം ഏരിരാ നേതൃത്ത്വത്തിന് ഗണേഷ് കുമാറുമായി അഭിപ്രായ ഭിന്നതയില്ലെന്നാണ് പുറത്ത് വരുന്ന വിവരം. ഏരിയാ സമ്മേളനത്തിന് മുന്നോടിയായുള്ള സാംസ്കാരിക സമ്മേളനം ഗണേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തത് ഇതിന് തെളിവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: