തിരുവനന്തപുരം: ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മന്ത്രി പി. രാജീവ് മോഫിയയുടെ വീട് സന്ദര്‍ശിച്ചിരുന്നു. അപ്പോള്‍ മോഫിയയുടെ മാതാപിതാക്കളുമായും മുഖ്യമന്ത്രി ഫോണിലൂടെ സംസാരിച്ചു.
മുഖ്യമന്ത്രിയുടെ ഉറപ്പില്‍ പ്രതീക്ഷയുണ്ടെന്ന് മോഫിയയുടെ മാതാപിതാക്കള്‍ പ്രതികരിച്ചു. കുറ്റക്കാരെ സംരക്ഷിക്കുന്ന നടപടി സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകില്ല. മോഫിയയ്ക്ക് നീതി ഉറപ്പാക്കും, വകുപ്പ് തല അന്വേഷണം പുരോഗമിക്കുകയാണെന്നും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി തുടര്‍നടപടി ഉണ്ടാകും. സിഐയുടെ സ്ഥലം മാറ്റം നടപടിക്രമങ്ങളുടെ ഭാഗമാണെന്നും മന്ത്രി പി. രാജീവും അറിയിച്ചു. .
ഇതിനിടെ ഭര്‍ത്താവിന്റെ വീട്ടില്‍ മോഫിയ പര്‍വീണ്‍ നേരിട്ടത് കൊടിയ പീഡനങ്ങളാണെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. പെണ്‍കുട്ടിയെ മാനസിക രോഗിയായി മുദ്രകുത്താന്‍ ശ്രമം നടന്നു. ഭര്‍ത്താവ് സുഹൈല്‍ ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഭര്‍ത്തൃവീട്ടുകാര്‍ മോഫിയയെ അടിമയെപ്പോലെ ജോലി ചെയ്യിപ്പിച്ചു. സുഹൈലിന് പുറമെ മാതാവ് റുഖിയയും ഉപദ്രവിച്ചെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
40 ലക്ഷം രൂപ സ്ത്രീധനമായി സുഹൈലും വീട്ടുകാരും ആവശ്യപ്പെട്ടിരുന്നു. പണം നല്‍കാത്തതിനെ തുര്‍ന്നാണ് ഭര്‍തൃവീട്ടുകാര്‍ പീഡിപ്പിച്ചത്. മോഫിയ പുറത്ത് പറയാന്‍ പറ്റാത്ത രീതിയിലുള്ള പീഡനം നേരിട്ടിരുന്നതായി മരണത്തിന് പിന്നാലെ സഹപാഠികള്‍ വെളിപ്പെടുത്തി. ഭര്‍ത്താവ് സുഹൈല്‍ സ്വകാര്യ ഭാഗത്ത് പച്ചകുത്താന്‍ നിര്‍ബന്ധിക്കുകയും മറ്റും ചെയ്തിരുന്നതായാണ് വെളിപ്പെടുത്തല്‍. ക്രൂരമായ പീഡനം നേരിട്ടിരുന്നതായി മോഫിയയുടെ മാതാപിതാക്കളും ആരോപിച്ചിരുന്നു.
ആലുവ പൊലീസ് സ്റ്റേഷനില്‍ കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ നടത്തുന്ന കുത്തിയിരിപ്പ് സമരം മൂന്നാം ദിവസവും തുടരുന്നു. ബെന്നി ബഹന്നാന് എംപി, എംഎല്‍എമാരായ അന്‍വര്‍ സാദത്ത്, റോജി എം ജോണ്‍ എന്നിവരാണ് സമരം നടത്തുന്നത്. മോഫിയ പര്‍വീണിന്റെ ആത്മഹത്യക്ക് കാരണക്കാരനായ സിഐ സുധീറിനെ സസ്പെന്‍ഡ് ചെയ്യും വരെ സമരം തുടരാനാണ് തീരുമാനം. പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുള്ള പോലീസിന്റെ ഹര്‍ജിയും കോടതി ഇന്ന് പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: