അപമാനവീകരിക്കപ്പെട്ട ഒരു ഭരണത്തിന് കീഴിലാണ് കേരളം കഴിഞ്ഞ ആറ് വര്‍ഷത്തോളമായി കഴിഞ്ഞുകൂടുന്നതെന്ന് ഇനിയാര്‍ക്കും സംശയം വേണ്ട. തിരുവനന്തപുരത്തെ ചോരക്കുഞ്ഞിനെ ആന്ധ്രയിലെ ദമ്പതികള്‍ക്ക് ദത്ത് നല്കിയ നടപടി റദ്ദാക്കിക്കൊണ്ട് യഥാര്‍ത്ഥ അമ്മയ്ക്ക് തിരികെ നല്കിയ കോടതി വിധി ഇടതുപക്ഷ ഭരണത്തിന്റെ തനിനിറം തുറന്നുകാണിച്ചിരിക്കുകയാണ്. അഴിമതിക്കാരെയും അക്രമികളെയും കൊലപാതകികളെയും ലൈംഗിക പീ
ഡനക്കേസുകളില്‍ പ്രതികളാവുന്നവരെയും നിയമത്തിന്റെ പിടിയില്‍നിന്ന് രക്ഷിക്കാന്‍ ഏതറ്റം വരെയും പോകുന്ന ഒരു പാര്‍ട്ടിയും, അത് നേതൃത്വം നല്കുന്ന ഭരണസംവിധാനവുമാണ് കേരളത്തിലുള്ളതെന്ന് ആവര്‍ത്തിച്ച് തെളിയിക്കപ്പെട്ടതാണ്. ഏറ്റവും ഒടുവിലത്തേതാണ് തിരുവനന്തപുരത്ത് ചോരക്കുഞ്ഞിനെ നിയമവിരുദ്ധമായി ദത്തു നല്‍കിയതെന്ന് പറയാനാവില്ല. ഇതുപോലെ മറ്റ് സംഭവങ്ങള്‍ നിരവധി അരങ്ങേറിയിട്ടുണ്ടാവും. അധികാരം ഉപയോഗിച്ച് മൂടിവച്ചിട്ടുള്ള പലതും പുറത്തുവന്നിട്ടില്ലെന്നേ പറയാനാവൂ. ദത്ത് വിവാദത്തില്‍ ഇപ്പോള്‍ പ്രതിക്കൂട്ടില്‍ നില്ക്കുന്ന ശിശുക്ഷേമ സമിതിയുമായി ബന്ധപ്പെട്ടുതന്നെ വേറെയും നിയമവിരുദ്ധ നടപടികള്‍ ഉണ്ടായിട്ടുള്ളതായാണ് വിവരം. പലവിധ സ്വാധീനത്താല്‍ മൂടിവയ്ക്കപ്പെട്ടിട്ടുള്ള ഇത്തരം സംഭവങ്ങള്‍ കൂടുതല്‍ അന്വേഷണത്തിലൂടെ മാത്രമേ പുറത്തുവരൂ. മാധ്യമങ്ങള്‍ വേണം അതിന് മുന്നിട്ടിറങ്ങാന്‍. ഇടതുപക്ഷത്തെ ഭയക്കുകയും, അവര്‍ക്ക് വിധേയപ്പെടുകയും കീഴ്പ്പെടുകയും ചെയ്യുന്ന മാധ്യമാന്തരീക്ഷത്തില്‍ ഇതിനു സാധ്യത വളരെ കുറവായിരിക്കും. തിരുവനന്തപുരത്തെ ദത്തു വിവാദം ഒതുക്കിത്തീര്‍ക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും പല കാരണങ്ങളാല്‍ അത് നടന്നില്ല എന്നു മാത്രം.
യഥാര്‍ത്ഥത്തില്‍ തിരുവനന്തപുരത്ത് നടന്നത് ദത്തല്ല, മനുഷ്യക്കടത്തു തന്നെയാണെന്ന് ഇപ്പോള്‍ പൂര്‍ണമായും വ്യക്തമായിരിക്കുകയാണ്. ആശുപത്രിയില്‍ പ്രസവിച്ച ആണ്‍കുഞ്ഞിനെ ഡോക്ടറേയും മറ്റും സ്വാധീനിച്ച് രജിസ്റ്ററില്‍ തിരുത്തു വരുത്തി പെണ്കുഞ്ഞാക്കുക. അവിടെ നിന്ന് കടത്തിക്കൊണ്ടുപോയി അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കുക. പിന്നീട് ശിശുക്ഷേമ സമിതിക്കു കൈമാറുക. ആണ്കുഞ്ഞായിരുന്നിട്ടും മലാല എന്ന പേരു നല്കി പെണ്കുഞ്ഞാണെന്നു വരുത്തി. ശിശുക്ഷേമ സമിതിയുടെ പക്കല്‍ കുഞ്ഞ് ഉള്ളപ്പോള്‍ തന്നെ, അന്വേഷിച്ചു ചെന്ന അമ്മയ്ക്ക് നല്‍കാതിരിക്കുക. ഈ വസ്തുതകളെല്ലാം മറച്ചുപിടിച്ച് ആന്ധ്രയിലെ ദമ്പതികള്‍ക്ക് ദത്തു നല്‍കുക. കേരളത്തിലെന്നല്ല, രാജ്യത്തെ മറ്റൊരിടത്തുപോലും കേട്ടുകേള്‍വിയില്ലാത്ത കാര്യങ്ങളാണ് ഇതൊക്കെ. കുഞ്ഞിന്റെ അമ്മ സിപിഎം കുടുംബത്തില്പ്പെട്ടതായതിനാലും, ഇവരുടെ അച്ഛന് സിപിഎമ്മിന്റെ നേതാവുമായതിനാലാണ് ഇങ്ങനെയൊക്കെ സംഭവിച്ചതെന്ന് ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ. ഒരച്ഛന് ചെയ്യുന്നതേ താന്‍ ചെയ്തിട്ടുള്ളൂ എന്ന് ഈ അച്ഛന് ‘കുറ്റസമ്മതവും’ നടത്തുകയുണ്ടായല്ലോ. ഇങ്ങനെ പറയേണ്ടി വരുന്നത് ഏതൊരു അച്ഛന്റെയും ഗതികേടാണ്. ഇവിടെ വലിയൊരളവോളം പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത് ‘പ്രോലിറ്റേറിയന്‍ സദാചാരം’ പറയുന്ന പാര്‍ട്ടി തന്നെയാണ്. ലൈംഗിക അരാജകത്വം പാടിപ്പുകഴ്ത്തുന്ന സംഘടനകളില്‍ അംഗങ്ങളായവരാണ് ഈ വിവാദത്തില്‍ സമൂഹത്തിനു മുന്നില്‍ വാദികളും പ്രതികളുമായി നില്‍ക്കുന്നത്. ഇതുകൊണ്ടാകാം സാംസ്കാരിക നായകന്മാരൊക്കെ നിശ്ശബ്ദരാണ്. മതതീവ്രവാദികള്‍ സംഘടിതവും ആസൂത്രിതവുമായി നടത്തിക്കൊണ്ടിരിക്കുന്ന ലൗജിഹാദിനുവേണ്ടിപ്പോലും വാദിക്കുന്ന ഇക്കൂട്ടര്‍ക്ക് വാക്കുകള്‍ വിഴുങ്ങേണ്ടിവന്നിരിക്കുന്നു.
ഡിഎന്‍എ പരിശോധനയിലൂടെ യഥാര്‍ത്ഥ അമ്മയ്ക്ക് കുഞ്ഞിനെ കിട്ടിയെന്നതു ശരി തന്നെ. പക്ഷേ പ്രശ്നം ഇവിടെ അവസാനിക്കുന്നില്ല. അവസാനിക്കാനും പാടില്ല. ഒരു സദാചാര പ്രശ്നമായി ഈ വിവാദത്തെ ചുരുക്കിക്കാണാതെ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം. ഇവര്‍ ആരൊക്കെയാണെന്ന ചോദ്യം പ്രസക്തമാണ്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കും ശിശുക്ഷേമ സമിതിക്കും നേതൃത്വം നല്കുന്നവരാണിവര്. ആദ്യത്തേതിന്റെ അധ്യക്ഷന്‍ മുഖ്യമന്ത്രി പിണറായി വിജയനും ഉപാധ്യക്ഷ ആരോഗ്യമന്ത്രി വീണാ ജോര്‍ജുമാണ്. രണ്ടാമത്തേതിന്റെ അധ്യക്ഷയും സെക്രട്ടറിയും പാ
ര്‍ട്ടി നേതാക്കള്‍ തന്നെ. സിപിഎമ്മുകാരാണെന്ന പരിഗണനയാണ് ഇവരെ ഈ സ്ഥാനങ്ങളിലെത്തിച്ചത്. വകുപ്പുതല അന്വേഷണത്തില്‍ ശിശുക്ഷേമ സമിതിയെ നയിച്ചിരുന്നവര്‍ ബോധപൂര്‍വം വീഴ്ച വരുത്തിയതായി കണ്ടെത്തിയിരിക്കുന്നു. ഇവര്‍ക്ക് സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല. ദത്ത് നല്‍കിയത് നിയമാനുസൃതമാണെന്ന് ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയായിരുന്നു ശിശുക്ഷേമ സമിതി സെക്രട്ടറി ഷിജു ഖാന്. കോടതിയും വകുപ്പുതല അന്വേഷണവും ഇത് തള്ളിക്കളഞ്ഞിരിക്കുന്നു. എന്നിട്ടും നടപടിയെടുക്കാതെ സംരക്ഷിക്കുകയാണ് സര്‍ക്കാര്‍. ഇവര്‍ക്കെതിരെ നടപടിയെടുത്താല്‍ കൂടുതല്‍ പേര് പ്രതിക്കൂട്ടിലാവും എന്ന ഭയമായിരിക്കും കാരണം. നിയമവിരുദ്ധമായ കാര്യങ്ങള്‍ നടക്കുന്നത് തുടക്കം മുതല്‍ മുഖ്യമന്ത്രി അറിഞ്ഞിരുന്നു എന്നതിന് തെളിവുണ്ട്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അധ്യക്ഷന്‍ കൂടിയായിരുന്നിട്ടും പ്രശ്നത്തോട് ഇതുവരെ മുഖ്യമന്ത്രി പ്രതികരിച്ചിട്ടില്ല. പ്രശ്നം കോടതിയിലെത്തുകയും തിരിച്ചടിയുണ്ടാവുകയും ചെയ്യുമെന്നറിഞ്ഞതോടെ സര്‍ക്കാര്‍ അമ്മയ്ക്കൊപ്പമാണെന്ന് പറയാന്‍ നിര്‍ബന്ധിതയായ ആരോഗ്യമന്ത്രിയും ജനങ്ങളുടെ കണ്ണില്‍ കുറ്റക്കാരിയാണ്. ഈ മനുഷ്യക്കടത്തുകാര്‍ ശിക്ഷിക്കപ്പെടുന്നതുവരെ കേരളത്തിന്റെ മനഃസാക്ഷി ഇക്കൂട്ടരെ വിചാരണ ചെയ്തുകൊണ്ടിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: