നോയിഡ : രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവള നിര്‍മാണത്തിന് ഉത്തര്‍പ്രദേശ് നോയിഡയില്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ശിലയിടും. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉള്‍പ്പടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കും. ജേവാര്‍ എന്ന ഈ വിമാനത്താവളത്തില്‍ എട്ട് റണ്‍വേകളാണ് ഉണ്ടാകുക. 10,500 കോടി മുതല്‍ മുടക്കില്‍ 5000 ഹെക്ടര്‍ സ്ഥലത്ത് നിര്‍മിക്കുന്ന വിമാനത്താവളം രണ്ട് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വിമാനത്താവളത്തിലേക്ക് മെട്രോപാതയും നിര്‍മിക്കുന്നുണ്ട്. സൂറിക് എയര്‍പോര്‍ട്ട് കമ്പനിക്കാണ് വിമാനത്താവളത്തിന്റെ നിര്‍മാണക്കരാര്‍. യമുന ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ്, നോയ്ഡ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (നിയാല്‍) എന്നിവയാണ് കരാര്‍ പങ്കാളികള്‍. ഇതിനായി 29,560 കോടി രൂപ മുതല്‍മുടക്കും.
നിര്‍മാണം പൂര്‍ത്തിയാവുന്നതോടെ അഞ്ച് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള രാജ്യത്തെ ഏകസംസ്ഥാനമായി യുപി മാറും. ലഖ്നൗ, വാരാണസി അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ മാത്രമുണ്ടായിരുന്ന യുപിയില്‍ കഴിഞ്ഞ മാസം കുശിനഗര്‍ വിമാനത്താവളം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു. അയോധ്യ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിര്‍മാണവും പുരോഗമിക്കുകയാണ്. നിലവിലുള്ള താജ് എക്സ്പ്രസ് വേ ജേവാര്‍ വിമാനത്താവളവുമായി റോഡ് മാര്‍ഗം ബന്ധിപ്പിക്കുമെന്നത് യാത്രക്കാര്‍ക്ക് ഏറെ ഗുണകരമാവും. നോയിഡ, ഗ്രേറ്റര്‍ നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് പദ്ധതി ഗുണം ചെയ്യും. ഗ്രേറ്റര്‍ നോയിഡയിലേക്ക് 45 കിലോമീറ്ററാണ് ജേവാറില്‍ നിന്നുള്ള ദൂരം. താജ് എക്സ്പ്രസ്വേയിലൂടെ സഞ്ചരിച്ചാല്‍ 45 മിനിറ്റാണ് യാത്രാദൂരം.
നോയിഡയും ദല്‍ഹിയും മെട്രോ സര്‍വീസ് വഴി വിമാനത്താവളവുമായി കണ്ണി ചേര്‍ക്കും. യമുന അതിവേഗപാത, വെസ്റ്റേണ്‍ പെരിഫറല്‍ എക്സ്പ്രസ് വേ, ഈസ്റ്റേണ്‍ പെരിഫറല്‍ എക്സ്പ്രസ് വേ ദല്‍ഹി- മുംബൈ എക്സ്പ്രസ് വേ തുടങ്ങി സമീപത്തെ എല്ലാ പ്രധാന റോഡുകളും ഹൈവേകളും വിമാനത്താവളവുമായി ബന്ധിപ്പിക്കും. ദല്‍ഹി- വാരാണസി ഹൈ സ്പീഡ് റെയിലുമായും വിമാനത്താവളം ബന്ധിപ്പിക്കും. ഈ വിമാനത്താവളം യുപി വിനോദ മേഖലയ്ക്കും ഉണര്‍വേകും. താജ്മഹല്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് ദല്‍ഹിയില്‍ ഇറങ്ങാതെ, ജേവാര്‍ വിമാനത്താവളം വഴി പോകാനും സൗകര്യമൊരുങ്ങും.
ജേവാറില്‍ നിന്ന് ആഗ്രയിലേക്ക് 140 കിലോമീറ്ററാണ്. താജ് എക്സ്പ്രസ് വേയിലൂടെ രണ്ടര മണിക്കൂറാണ് യാത്രാദൂരം. തീര്‍ഥാടന കേന്ദ്രങ്ങളായ വൃന്ദാവന്‍, മഥുര എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാര്‍ക്കും വിമാനത്താവളം ഗുണം ചെയ്യും. ലക്നൗ, വാരാണസി, അലഹാബാദ്, ഗൊരഖ്പുര്‍ എന്നീ വിമാനത്താവളങ്ങളെ ഉഡാന്‍ (രാജ്യത്തെ ചെറു വിമാനത്താവളങ്ങളെ കൂട്ടിയിണക്കുന്ന പദ്ധതി) വഴി ജേവാറുമായി ബന്ധിപ്പിക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: