തിരുവനന്തപുരം: കുഞ്ഞിനെ ദത്ത് നല്കിയതല്ല, തട്ടിയെടുത്ത് കടത്തിയതുതന്നെയെന്ന് സ്ഥിരീകരിച്ച് വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട്. ഇതോടെ, സര്‍ക്കാരും സിപിഎമ്മും നടപടികളെ പല തവണ ന്യായീകരിച്ച മന്ത്രി വീണാ ജോര്‍ജും വെട്ടിലായി.
അനുപമയുടെ അച്ഛന് സിപിഎം നേതാവു കൂടിയായ ജയചന്ദ്രനു വേണ്ടി പാര്‍ട്ടി അറിഞ്ഞ്, സര്‍ക്കാര്‍ ഒത്താശയോടെ ശിശുക്ഷേമ സമിതിയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും ചേര്‍ന്ന് കുഞ്ഞിനെ നാടുകടത്തിയെന്ന് വ്യക്തമാക്കുന്നതാണ് വനിത ശിശുവികസന ഡയറക്ടര്‍ ടി.വി. അനുപമയുടെ റിപ്പോര്‍ട്ട്.
ദത്ത് നല്കി നാലാം നാള് അനുപമ അവകാശവാദമുന്നയിച്ച് എത്തിയിട്ടും നടപടികളുമായി മുന്നോട്ടു പോയെന്നാണ് വനിത ശിശുവികസന ഡയറക്ടറുടെ കണ്ടെത്തല്‍. റിപ്പോര്‍ട്ട് മന്ത്രി വീണാ ജോര്‍ജിന് ഇന്നലെ കൈമാറി.
ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാന്, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അധ്യക്ഷ സുനന്ദ എന്നിവര്‍ ഗുരുതര വീഴ്ച വരുത്തിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2020 ഒക്ടോബര്‍ 22ന് രാത്രി കിട്ടിയ കുട്ടിയുടെ വിവരങ്ങള്‍ ശിശുക്ഷേമ സമിതിയില്‍ നിന്നു സിഡബ്ല്യുസിയെ അറിയിച്ചത് ഒക്ടോബര്‍ 28ന്. ആണ്‍കുഞ്ഞിനെ പെണ്‍കുഞ്ഞാക്കി ആശുപത്രി രേഖകളിലടക്കം തിരുത്തി. കുഞ്ഞിന്റെ രക്ഷിതാക്കളെ അന്വേഷിച്ചുകൊണ്ടുള്ള പത്രപ്പരസ്യം കണ്ട ശേഷം അനുപമയുടെ ഭര്‍ത്താവ് അജിത് നിരവധി തവണ ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാനെ കണ്ടു. എന്നാല്‍ അജിത്തിന്റെ വരവ് സന്ദര്‍ശക രജിസ്റ്ററില്‍ നിന്ന് മായ്ച്ച് കളഞ്ഞു.
അനുപമ സിഡബ്ല്യുസി ഉത്തരവുമായെത്തിയപ്പോള്‍ ദത്ത് നല്കിയ കുഞ്ഞിന്റെ വിവരം മറച്ചുവച്ച് മറ്റൊരു കുഞ്ഞിനെ കാണിച്ചു. ആ കുഞ്ഞിന്റെ ഡിഎന്‍എ ടെസ്റ്റ് നടത്തി. അപ്പോഴും ആന്ധ്ര സ്വദേശികള്‍ക്കായി ദത്ത് നടപടികള്‍ മുന്നോട്ടുപോകാന്‍ 2021 ആഗസ്ത് 16ന് കോടതിയില്‍ സത്യവാങ്മൂലം നല്കി. ശിശുക്ഷേമ സമിതിയിലെത്തിയത് മുതല്‍ കുഞ്ഞ് അനുപമയുടെ കുഞ്ഞാണെന്ന് ഷിജുഖാന് ഉത്തമ ബോധ്യമുണ്ടായിരുന്നു എന്നാണ് കണ്ടെത്തല്‍.
ഏപ്രില്‍ ഇരുപത്തിരണ്ടിന് ഓണ്‍ലൈനിലൂടെയാണ് അനുപമ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ സമീപിച്ചത്. പരാതി കേട്ടിട്ടും കുഞ്ഞിനെ കാണാനില്ലെന്ന വിവരം പോലീസില്‍ അറിയിച്ചില്ല. 2021 ആഗസ്ത് ആറിന് കുഞ്ഞിനെ ആന്ധ്ര ദമ്പതികള്‍ക്ക് ദത്ത് നല്കി. ആഗസ്ത് പതിനൊന്നിന് അനുപമ വീണ്ടും സിഡബ്ല്യുസിയെ സമീപിച്ചു.
മറ്റൊരു കുഞ്ഞിനെ കാണിച്ച ശേഷം ഡിഎന്‍എ ടെസ്റ്റ് നടത്തി. പരിശോധനാഫലം നെഗറ്റീവായി. എന്നിട്ടും ദത്ത് നല്കിയ കുട്ടിയെ തിരികെ എത്തിച്ച് ഡിഎന്‍എ പരിശോധന നടത്താനോ ദത്ത് നടപടികള്‍ നിര്‍ത്തിവയ്ക്കാനോ ലീഗല്‍ ഫ്രീ ഫോര്‍ അഡോപ്ഷന്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാനോ സിഡബ്ല്യുസി ഇടപെട്ടില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. ഈ നടപടികളിലെ ഗൂഢാലോചന കണ്ടെത്താന്‍ വകുപ്പുതല അന്വേഷണത്തിലൂടെ സാധിക്കില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കുഞ്ഞിനെ അനുപമയില്‍ നിന്ന് അകറ്റാന്‍ പാര്‍ട്ടി, സര്‍ക്കാര്‍ തലത്തില്‍ നടത്തിയ ഗൂഢാലോചനയാണ് വകുപ്പുതല അന്വേഷണത്തിലൂടെ പുറത്തുവന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: