തിരുവനന്തപുരം:കോലിഞ്ചി കൃഷിക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ് പറഞ്ഞു. തിരുവനന്തപുരത്ത് വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തില്‍ കോലിഞ്ചി കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. കോലിഞ്ചി കര്‍ഷകര്‍ നേരിടുന്ന വിവിധ പ്രശ്നങ്ങളെ കുറിച്ച് കോന്നി എംഎല്‍എ കെ.യു. ജെനിഷ് കുമാര്‍ വിശദീകരിച്ചു.
കേരളത്തിലെ വിവിധ ഭാഗങ്ങളിലുള്ള കോലിഞ്ചി കര്‍ഷകരെ ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ ഏകോപിപ്പിച്ചുകൊണ്ട് കണ്‍സോര്‍ഷ്യം രൂപീകരിക്കുകയും അതിലൂടെ ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് ആനുകൂല്യം ലഭ്യമാക്കുകയും ചെയ്യും. കോലിഞ്ചി കൃഷി ചെയ്യാന്‍ കഴിയുന്ന പ്രദേശത്തിന്റെ പ്രത്യേകത കണക്കിലെടുത്ത് ഭൗമസൂചികാ പദവി ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നതോടൊപ്പം വിപണനം സുഗമമാക്കാനും, വിലസ്ഥിരത ഉറപ്പുവരുത്താനും നടപടി സ്വീകരിക്കും. കോലിഞ്ചി ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് കര്ഷകന് പ്രോത്സാഹനം ലഭിക്കുന്ന തരത്തില്‍ ആനുകൂല്യം നിശ്ചയിക്കണമെന്ന് നാഷണല്‍ ആയുഷ് മിഷനോട് ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: