ആര്‍എസ്എസ് മുന്‍ പ്രാന്തസംഘചാലക് അഡ്വ. ടി.വി. അനന്തന്റെ സഹധര്‍മ്മിണി ടി.എ. വിജയലക്ഷ്മി വിട പറഞ്ഞു എന്ന വാര്‍ത്ത മനസ്സിനെ കൊണ്ടുപോയത് എഴുപതുകളിലേക്കാണ്. 1973 ജനുവരിയില്‍ (അതോ ഫെബ്രുവരിയോ) അന്ന് പ്രാന്തകാര്യവാഹായിരുന്ന അനന്തേട്ടന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എസ്എസ് കലാമന്ദിറില്‍ പോയത്, കോളജ് വിദ്യാഭ്യാസകാലത്ത് സംഘത്തില്‍ ചേര്‍ന്നത് മുതല്‍ ‘കാര്യാലയ വാസി’ ആയിരുന്ന അദ്ദേഹം ആദ്യമായി മറ്റൊരു വീട്ടില്‍ താമസിക്കുന്നത്, രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത്…ഒക്കെ ചിന്തയിലോടിയെത്തി.
അടിയന്തരാവസ്ഥയുടെ നാളുകളില്‍ പൂര്‍ണഗര്‍ഭിണിയായ ഭാര്യയുടെ മുന്നില്‍ നിന്നാണ് അനന്തേട്ടനെ പോലീസ് കൊണ്ടുപോകുന്നത്. ജൂണ്‍ മാസത്തിലായിരുന്നു അത്. അര്‍ധരാത്രിയില്‍ അനന്തേട്ടനേയും രാധാകൃഷ്ണ ഭട്ജിയെയും പോലീസ് അറസ്റ്റ് ചെയ്തു, ഫാസിസ്റ്റ് ഇന്ദിരയുടെ ഭീകരവാഴ്ച… ഇരുവരും മിസാ തടവുകാരായി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക്…
അത്യാധുനികമായ എല്ലാ മെഡിക്കല്‍ സൗകര്യങ്ങളും ചുറ്റുപാടും സഹായത്തിന് ബന്ധുജനങ്ങളും ഉള്ള ഇന്നത്തെ കാലത്തുപോലും സ്ത്രീകള്‍ ഭയാശങ്കയോടെയാണ് പ്രസവത്തെ കാണുന്നത് എന്നതാണ് അനുഭവം. പക്ഷെ, അന്ന് ആര്‍എസ്എസ് പ്രാന്തകാര്യവാഹിന്റെ ധര്‍മ്മപത്നി ആ സാഹചര്യത്തെ നേരിട്ടത് ധീരമായിട്ടായിരുന്നു. വിജയലക്ഷ്മിച്ചേച്ചിക്ക് അന്ന് പിറന്നത് മകള്‍. വിദ്യയെന്ന് പേര്. ഇപ്പോള്‍ ഡോ. ഗോവിന്ദ് രാജ് ഷേണായിയുടെ ധര്‍മ്മപത്നി.
വിദ്യ അച്ഛനെ കാണുന്നത് ജനിച്ച് ഒരു വര്‍ഷമാകുമ്പോഴാണ്. അനന്തേട്ടന് ഒരാഴ്ചത്തെ പരോളില്‍ ഇറങ്ങിയപ്പോഴായിരുന്നു അത്. വീണ്ടും ജയിലിലേക്കും പോയ അദ്ദേഹം പിന്നെ മോചിപ്പിക്കപ്പെടുന്നത് ഫാസിസ്റ്റ് ഇന്ദിരയുടെ തെരഞ്ഞെടുപ്പു പതനത്തിനും അടിയന്തരാവസ്ഥയുടെയും സംഘ നിരോധനത്തിന്റെയും പിന്‍വലിക്കലിനും ശേഷമാണ്. 21 മാസത്തെ ജയില്‍വാസത്തിനു ശേഷം.
ജനാധിപത്യത്തിന്റെ പുനരുദയത്തിനു ശേഷം ജയില്‍മോചിതനായ അനന്തേട്ടന് വീണ്ടും സംഘഗംഗയിലെ ശക്തമായ തരംഗമായി. സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയം, അന്നത്തെ കേന്ദ്ര സര്‍ക്കാരിന്റെ രാമജന്മഭൂമി വിരുദ്ധനീക്കങ്ങള്‍, കേരളത്തിലെ സര്‍ക്കാരുകളുടെ സംഘവിരുദ്ധ നയം എന്നിവയ്ക്കെതിരെ പ്രവര്‍ത്തിക്കാന്‍ ഭാസ്ക്കര്‍റാവുജി-മാധവ്ജി-ഹരിയേട്ടന് എന്നിവരോടൊപ്പം നേതൃനിരയില്‍ തന്നെ.
വക്കീല്‍ ജോലിയും സംഘടനാ പ്രവര്‍ത്തനവും ഏതാണ്ട് പൂര്‍ണസമയമായപ്പോള്‍, കുടുംബത്തെ മുന്നോട്ടുനയിക്കുന്ന ഉത്തമ ‘മന്ത്രിയായി’ വിജയലക്ഷ്മിചേച്ചി മാറി. അനന്തേട്ടന്റെ നിഴലെന്ന് ഞങ്ങള്‍ പ്രവര്‍ത്തകര്‍ക്ക് തോന്നിയെങ്കിലും യഥാര്‍ത്ഥത്തില്‍ കരുത്തായിരുന്നു അവര്‍. അദ്ദേഹത്തെ ഉജ്ജ്വല സാമൂഹ്യപ്രവര്‍ത്തകനും മാതൃകാ വക്കീലും ആയി നിലനിര്‍ത്തിയ ശക്തമായ സാന്നിധ്യമായിരുന്നു അത്.
സംഘകാര്യത്തില്‍ കര്‍ക്കശക്കാരനായ അനന്തേട്ടന്റെ ജീവിത പങ്കാളിയാവുക എന്നത് ഒരു വെല്ലുവിളിയായിരുന്നു എന്ന് തീര്‍ച്ചയാണ്. സംഘശിക്ഷാ വര്‍ഗുകളിലടക്കം ആദ്യവസാനം പങ്കെടുക്കുന്ന ആളാണ് അദ്ദേഹം. കോടതിയുടെ വേനല്‍ അവധിക്കാലത്താണ് വര്‍ഗ് എന്നതും സൗകര്യമാണ്. വിവാഹം കഴിഞ്ഞ് കഷ്ടിച്ചു രണ്ടര മാസം ആയപ്പോഴായിരുന്നു 1973 ലെ സംഘ ശിക്ഷാ വര്‍ഗ്. ഇത്തവണ അനന്തേട്ടന് ഉണ്ടാവില്ലെന്നാണ് സ്വാഭാവികമായും ഞങ്ങളെ പോലുള്ളവര്‍ വിചാരിച്ചത്. പക്ഷെ പതിവ് തെറ്റിക്കാതെ പ്രാന്തകാര്യവാഹ് അതിലും ആദ്യവസാനം പങ്കെടുത്തു.
അതിനിടെ 1996 കാലത്താണ് അനന്തേട്ടന് ഭീകരവാദികളുടെ ഭീഷണിയെന്നു കേന്ദ്ര ഇന്റലിജന്റ്സ് റിപ്പോര്‍ട്ട് വന്നത്. സദാ പോലീസ് സംരക്ഷണം. വീട്ടില്‍ പോലീസ്, കാറില്‍ പോലീസ്. അദ്ദേഹത്തെ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കാന്‍ രാമന് എന്നും ചന്ദ്രന് എന്നും വിളിക്കപ്പെടുന്ന തമ്മനത്തെ രാമചന്ദ്രന് എന്ന സ്വയംസേവകന്. ഈ തിരക്കിനിടെ വിദ്യയുടെ വിവാഹം. ഇതെല്ലാം സാധാരണനിലയില്‍ ഒരു വീട്ടമ്മയെ തളര്‍ത്താന്‍പോന്ന സാഹചര്യങ്ങളാണ്.
1997ല്‍ അനന്തേട്ടന് പ്രാന്തസംഘചാലകായി. ആരോഗ്യനില തീരെ മോശമായപ്പോള്‍ ആ പദവിയും ഒഴിഞ്ഞു. ദീര്‍ഘകാലം ശയ്യാവലംബിയായി… അപ്പോഴെല്ലാം അക്ഷരാര്‍ത്ഥത്തില്‍ സഹധര്‍മ്മിണിയായി, എല്ലാറ്റിലും ഒപ്പം നിന്ന്, മുന്നില്‍ നിന്ന് കടമകള്‍ പൂര്‍ത്തീകരിച്ചു. അസ്തമിക്കുന്നത് നിഴലായും കരുത്തായും സംഘജീവിതക്കടലിന്റെ ഓരം പറ്റിയ ഒരു ജീവിതം. ശരിക്കും അനന്തേട്ടന്റെ വിജയവും ലക്ഷ്മിയുമായി നിറഞ്ഞ ജീവിതമാണ് വിടവാങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: