ന്യൂദല്‍ഹി: പുല്‍വാമ ബോംബാക്രമണത്തില്‍ തീവ്രവാദികള്‍ ഉപയോഗിച്ച ബോംബുകള്‍ നിര്‍മ്മിക്കുന്നതിനുള്ള രാസവസ്തുക്കള്‍ സംഭരിച്ചത് ആമസോണ്‍ വഴി. വ്യാപാരികളുടെ സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് (സി എ ഐടി) ആണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
മയക്കമരുന്നും മരിജുവാനയും വില്‍ക്കുന്ന ആമസോണ്‍ ഇ-കൊമേഴ്‌സ് പോര്‍ട്ടലിന്റെ നിയമവിരുദ്ധ നടപടി ഇതാദ്യമല്ലെന്നും സി എ ഐടി പറഞ്ഞു. 40 സിആര്‍പിഎഫ് ജവാന്‍മാരുടെ മരണത്തിനിടയാക്കിയ 2019ലെ ബോംബുസ്‌ഫോടനത്തില്‍ ഉപയോഗിച്ച സ്‌ഫോടകവസ്തുക്കള്‍ തീവ്രവാദികള്‍ ശേഖരിച്ചത് ആമസോണ്‍ ഇ-കൊമേഴ്‌സ് പോര്‍ട്ടല്‍ വഴിയാണ്. ഡെക്കാന്‍ ഹെറാള്‍ഡ് പത്രത്തെ ഉദ്ധരിച്ചുകൊണ്ടാണ് സിഎ ഐടി ഇക്കാര്യം വെളിപ്പെടുത്തിയത്. പുല്‍വാമ ആക്രമണത്തില്‍ അന്വേഷണം നടത്തിയ എന്‍ ഐഎ 2020 മാര്‍ച്ചില്‍ പുറത്തുവിട്ട അന്വേഷണ റിപ്പോര്‍ട്ടില്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ട്.
നിയന്ത്രിത സ്‌ഫോടനത്തിനുള്ള ഉപകരണം ( ഐഇഡി) നിര്‍മ്മിക്കുന്നതിനുള്ള വസ്തുക്കള്‍, അമോണിയം നൈട്രേറ്റ് എന്നിവ തീവ്രവാദികള്‍ ആമസോണ്‍ വഴിയാണ് ശേഖരിച്ചത്. അമോണിയ നൈട്രേറ്റ് നിരോധിത വസ്തുവാണ്. എന്‍ ഐഎ അറസ്റ്റ് ചെയ്ത തീവ്രവാദി ഇക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ട്. ഐഇഡി ഉണ്ടാക്കാനുള്ള രാസവസ്തുക്കള്‍ സംഭരിച്ചത് ആമസോണ്‍ വഴിയാണെന്ന് പ്രതി വെളിപ്പെടുത്തിയിരുന്നു. ബാറ്ററികളും മറ്റ് അനുബന്ധ വസ്തുക്കളും ആമസോണ്‍ വഴിയാണ് വാങ്ങിയത്.
ബോംബില്‍ ഉപയോഗിച്ച സ്‌ഫോടനകവസ്തുക്കള്‍ അമോണിയം നൈട്രേറ്റ്, നൈട്രോഗ്ലിസറിന്‍ തുടങ്ങിയവയാണെന്ന് ഫോറന്‍സിക് പരിശോധനയിലാണ് അറിഞ്ഞത്. ഇന്ത്യന്‍ പട്ടാളക്കാരെ ആക്രമിക്കാനുള്ള ബോംബില്‍ ഉപയോഗിക്കാനുള്ള നിരോധിക്കപ്പെട്ട അമോണിയം നൈട്രേറ്റ് ആമസോണ്‍ നല്‍കിയതിനാല്‍ കമ്പനിക്കെതിരെ വഞ്ചനയ്‌ക്ക് കേസെടുക്കണമമെന്നും സി എ ഐടി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: