ന്യൂദല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള ഗോതമ്പ് അഫ്ഗാനിസ്ഥാനിലേക്കെത്തിക്കാന്‍ പാകിസ്ഥാന്‍ റോഡ് തുറന്നുകൊടുക്കും. ഇന്ത്യയുടെ ചരക്കുകള്‍ക്ക് പാകിസ്ഥാന്‍ പാത ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന കടുത്ത നിലപാടില്‍ നിന്നും പാകിസ്ഥാന് പിന്‍മാറേണ്ടിവന്നു. ഇന്ത്യയുടെ നയതന്ത്ര വിജയമായാണ് ലോകം ഇതിനെ വിലയിരുത്തുന്നത്. താലിബാന്‍ സര്‍ക്കാര്‍ പാകിസ്ഥാന് മേല്‍ നടത്തിയ സമ്മര്‍ദ്ദം മൂലമാണ് ഇന്ത്യയില്‍ നിന്നുള്ള ഗോതമ്പ് പാകിസ്ഥാന്‍ വഴി കൊണ്ടുപോകാന്‍ അനുമതി ലഭിച്ചത്.
50,000 മെട്രിക് ടണ്‍ ഗോതമ്പാണ് ഇന്ത്യ അഫ്ഗാനിസ്ഥാന് സഹായമെന്ന നിലയില്‍ നല്‍കുന്നത്. ഇത് പാകിസ്ഥാന്‍ വഴി അഫ്ഗാനിലെത്തിക്കാന്‍ അനുവദിക്കണമെന്ന് ഇന്ത്യ അഭ്യര്‍ത്ഥിച്ചിരുന്നു. അഫ്ഗാന്‍ സര്‍ക്കാരിന്റെ കൂടി സമ്മര്‍ദ്ദമേറിയപ്പോള്‍ ഒടുവില്‍ പാകിസ്ഥാന് അത് സമ്മതിക്കേണ്ടി വന്നു.
വാഗ അതിര്‍ത്തി റോഡ് വഴിയാണ് ചരക്ക് ലോറികള്‍ ഗോതമ്പ് അഫ്ഗാനിസ്ഥാനിലെത്തിക്കുക. രണ്ട് ദിവസം മുന്‍പ് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ തന്നെ ഇന്ത്യയ്‌ക്ക് പാകിസ്ഥാന്‍ വഴി ഗോതമ്പ് അഫ്ഗാനിലെത്തിക്കാനുള്ള അനുമതി നല്‍കിയിരുന്നു. ചൊവ്വാഴ്ച പാകിസ്ഥാന്‍ വിദേശകാര്യമന്ത്രാലയവും ഇന്ത്യയ്‌ക്ക് ഔദ്യോഗികമായി അനുമതി നല്‍കി. ‘അഫ്ഗാന്‍ ജനതയോടുള്ള സൗമനസ്യം എന്ന നിലയിലാണ് പാകിസ്ഥാന്‍ സര്‍ക്കാര്‍ 50,000 മെട്രിക് ടണ്‍ ഗോതമ്പ് വാഗ അതിര്‍ത്തിവഴി കടത്തിവിടാന്‍ അനുമതി നല്‍കിയത്. ‘, പാകിസ്ഥാന്‍ വിദേശ കാര്യമന്ത്രാലയം അറിയിച്ചു.
നേരത്തെയും ഇന്ത്യ അഫ്ഗാനിസ്ഥാനിലേക്ക് ഭക്ഷ്യവസ്തുക്കള്‍ പാകിസ്ഥാന്‍ വഴി അയക്കാന്‍ തീരുമാനിച്ചെങ്കിലും പാകിസ്ഥാന്‍ സര്‍ക്കാരിന്റെ എതിര്‍പ്പ് മൂലം നടന്നിരുന്നില്ല. ഈയിടെ ന്യൂദല്‍ഹിയില്‍ നടന്ന ദേശീയ സുരക്ഷ ഉപദേശകരുടെ യോഗത്തിലാണ് ഇന്ത്യ പാകിസ്ഥാന്‍ വഴി ഗോതമ്പ് അയയ്‌ക്കാന്‍ തീരുമാനിച്ചത്. ഇന്ത്യ വിളിച്ചുചേര്‍ത്ത ദേശീയ സുരക്ഷാ ഉപദേശകരുടെ യോഗത്തില്‍ റഷ്യ, കിര്‍ഗിസ്ഥാന്‍, കസാഖ്സ്ഥാന്‍, ഇറാന്‍ എന്നിവരുള്‍പ്പെടെ എട്ട് രാജ്യങ്ങളിലെ പ്രതിനിധികള്‍ പങ്കെടുത്തു. ഈ യോഗത്തില്‍ നിന്നും വിട്ടുനിന്ന പാകിസ്ഥാനെ യോഗം വിമര്‍ശിച്ചു. അഫ്ഗാന്‍ മണ്ണ് തീവ്രവാദത്തിനുപയോഗിക്കരുതെന്നും ഈ യോഗം ആഹ്വാനം ചെയ്തു. ഈ യോഗത്തില്‍ തന്നെയാണ് അഫ്ഗാനിസ്ഥാനിലേക്ക് പാകിസ്ഥാന്‍ അനുവദിച്ചാല്‍ ഗോതമ്പ് അയയ്‌ക്കാമെന്ന് ഇന്ത്യ പ്രഖ്യാപിച്ചത്. പട്ടിണിയില്‍ വലയുന്ന അഫ്ഗാനിസ്ഥാനെ സംബന്ധിച്ചിടത്തോളം ഇന്ത്യ വച്ചുനീട്ടുള്ള മാനുഷിക സഹായം നിഷേധിക്കാന്‍ വയ്യാത്ത ഒന്നായിരുന്നു. അതോടെ അഫ്ഗാന്‍ സര്‍ക്കാര്‍ തന്നെ ഇന്ത്യയുടെ ഗോതമ്പ് പാകിസ്ഥാനിലൂടെ കടക്കാന്‍ അനുവദിക്കണമെന്ന് ഇമ്രാന്‍ഖാനോട് അഭ്യര്‍ത്ഥിക്കുകയായിരുന്നു. ഈ അഭ്യര്‍ത്ഥന നിഷേധിക്കാന്‍ പാകിസ്ഥാന് കഴിയുമായിരുന്നില്ല. ഇത് ഇന്ത്യയുടെ പാകിസ്ഥാനുമേലുള്ള നയതന്ത്രവിജയമായാണ് കണക്കാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: