കാലിഫോർണിയ: ഏകദേശം ആറരക്കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് ദിനോസറുകള്‍ക്ക് വംശനാശം സംഭവിച്ചത് ഭൂമിയില്‍ ഏതോ ഒരു വാല്‍നക്ഷത്രമോ ഛിന്നഗ്രഹമോ വന്ന് ഇടിച്ചാതാണെന്ന് നമ്മള് കരുതുന്നുണ്ട്. ഭാവിയില്‍ ഇനിയും ഏതെങ്കിലും ഛിന്നഗ്രഹങ്ങള്‍ ഭൂമിയെ തേടിവന്നേക്കാം. ഇത്തരം ഛിന്നഗ്രഹങ്ങളെ ഭൂമിയിലെത്തും മുമ്പേ പ്രതിരോധിക്കാനുള്ള തന്ത്രം മെനയുകയാണ് ‘ഡാര്‍ട്ട്’ ദൗത്യത്തിലൂടെ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. ഭൂമിയിലേക്ക് ഇടിച്ചിറങ്ങി വന്‍ നാശനഷ്ടമുണ്ടാക്കാവുന്ന ഛിന്നഗ്രഹങ്ങളെയും ഉല്‍ക്കകളെയും ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിക്കുന്നതിനു മുന്‍പായി തന്നെ തകര്‍ക്കുകയാണ് ലക്ഷ്യം.
നവംബര്‍ 24നു രാജ്യാന്തര സമയം രാവിലെ 11.50 നാണു പേടകം വിക്ഷേപിച്ചത്. നാസയുടെ ചെലവുകുറഞ്ഞ ദൗത്യങ്ങളിലൊന്നാണു ഡാര്‍ട്ട്. കലിഫോര്‍ണിയയിലെ വാന്‍ഡര്‍ബര്‍ഗ് സ്പേസ് ഫോഴ്സ് ബേസില്‍ നിന്നു സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റിലാണ് ഡാര്‍ട്ട് പേടകം പറന്നുയര്‍ന്നത്. വിക്ഷേപണ സമയം 610 കിലോഗ്രാം ഭാരമാണ് ഡാര്‍ട്ടിനുള്ളത്. ഛിന്നഗ്രഹത്തില്‍ ഇടിക്കുന്ന സമയത്തു 550 കിലോയുമാകും ഇതിന്റെ ഭാരം.
രണ്ടു സോളര്‍ പാനലുകളാണു ഡാര്‍ട്ടിനുള്ളത്. ഗതിമാറ്റാന്‍ ഹൈഡ്രസീന്‍ പ്രൊപ്പലന്റും ഇതില്‍ ഉപയോഗിച്ചിട്ടുണ്ട്. ഡബിള്‍ ആസ്റ്ററോയ്ഡ് റീഡയറക്ഷന്‍ ടെസ്റ്റ് എന്ന ദൗത്യത്തിലൂടെ ഛിന്നഗ്രഹത്തിന്റെ സഞ്ചാര പാത മാറ്റാനാണ് നാസ ലക്ഷ്യമിടുന്നത്. ഭാവിയില്‍ ഭൂമിയില്‍ പതിക്കാന്‍ സാധ്യതയുള്ള ഛിന്നഗ്രഹങ്ങള്‍ വരുമ്പോള്‍ സമാനമായ പ്രവര്‍ത്തനം പിഴവില്ലാതെ നടത്തുകയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.
റഷ്യയിലും സൈബീരിയയിലും 1908 ജൂണ്‍ 30നു ഛിന്നഗ്രഹങ്ങള്‍ പതിച്ചിരുന്നു. ഛിന്നഗ്രഹങ്ങള്‍ ഇടിച്ചിറങ്ങിയതിന്റെ ഫലമായി ലക്ഷക്കണക്കിനു മരങ്ങളും ജീവികളും ഇല്ലാതായി. ഇതിന്റെ ഓര്‍മയിലാണ് ജൂണ്‍ 30ന് രാജ്യാന്തര ഛിന്നഗ്രഹ ദിനമായി ആചരിക്കുന്നത്. റഷ്യയില്‍ 2013ലും ഛിന്നഗ്രഹങ്ങള്‍ പതിച്ചിരുന്നു. ഭാവിയില്‍ ഭൂമിക്ക് ദോശകരമാകുന്ന ഛിന്നഗ്രഹങ്ങളെ ദിശ മാറ്റി വിടാനോ അല്ലെങ്കില്‍ അന്തരീക്ഷത്തില്‍ വച്ചു തന്നെ തകര്‍ത്ത് കഷ്ണങ്ങളാക്കി മാറ്റിയാല്‍ അവ അന്തരീക്ഷത്തിന്റെ ഘര്‍ഷണത്തില്‍ കത്തിത്തീരും. അങ്ങനെ ഭൂമിയെ വില്ലന്മാരായ ഛിന്നഗ്രഹങ്ങളില്‍ നിന്നും സംരക്ഷിക്കാനാകും.
നാസയുടെ പുതിയ ത്രസ്റ്ററുകളും ഹൈ റെസല്യൂഷന്‍ ഇമേജറും ഡാര്‍ട്ട് ഇതിനൊപ്പം പരീക്ഷിക്കുന്നുണ്ട്. 10 കിലോഗ്രാം സെനോണ്‍ ആണു പേടകത്തില്‍ ഉള്‍പ്പെടുത്തുക. ഇതുപയോഗിച്ചാണ് നാസയുടെ പുതിയ ത്രസ്റ്റര്‍ നെക്സ്റ്റ് പ്രവര്‍ത്തിക്കുന്നത്. ഉയര്‍ന്ന ഇന്ധനക്ഷമതയും കൈകാര്യം ചെയ്യുന്നതിലെ എളുപ്പവുമാണ് നെക്സ്റ്റിനെ വ്യത്യസ്തമാക്കുന്നത്. ഇനി നടക്കാനിരിക്കുന്ന ദൗത്യങ്ങളില്‍ നെക്സ്റ്റ് ത്രസ്റ്ററുകള്‍ ഉപയോഗിക്കാനുള്ള സാധ്യത കൂടുതലാണ്.
ഡാര്‍ട്ട് പേടകത്തിന്റെ ലക്ഷ്യം ഡൈമോഫോസ് എന്ന ഛിന്ന ഗ്രഹത്തെ ലക്ഷ്യം വച്ചാണ്. മണിക്കൂറില്‍ 24,000 കിലോമീറ്റര്‍ വേഗത്തിലാകും ഡൈമോര്‍ഫോസിനെ ഡാര്‍ട്ട് ഇടിക്കുക. 2022 സെപ്റ്റംബര്‍ 26നും ഒക്ടോബര്‍ ഒന്നിനും ഇടയിലാകും കൂട്ടിയിടി എന്നാണു നാസയുടെ കണക്കുകൂട്ടല്‍. ഇടിയുടെ ദൃശ്യങ്ങള്‍ ഇറ്റാലിയന്‍ സ്പേസ് ഏജന്‍സിയുടെ ലിസിയക്യൂബ് ഉപഗ്രഹം പകര്‍ത്തി ഭൂമിയിലേക്കയക്കും. ഡൈമോര്‍ഫോസില്‍നിന്ന് 55 കിലോമീറ്റര്‍ മാറിയായിരിക്കും ലിസിയക്യൂബ നിലകൊള്ളുന്നത്. ഭൂമിയില്‍നിന്ന് ടെലിസ്കോപ്പ് ഉപയോഗിച്ചും ഇത് നിരീക്ഷിക്കും.
ഛിന്നഗ്രഹത്തെ ഇടിച്ചുതെറിപ്പിക്കുന്ന ഡാര്‍ട്ട് പദ്ധതി വിജയിച്ചാല്‍ ഭൂമിയെ സംരക്ഷിക്കാനുള്ള വലിയ മുന്നേറ്റമായിരിക്കുമിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: