കോഴിക്കോട്: മാറാട് എട്ട് ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്തശേഷം ഒളിവില്‍ പോയ രണ്ട് പ്രതികള്‍ക്ക് ലഭിച്ച ശിക്ഷാവിധി മത ഭീകരവാദികള്‍ക്കേറ്റ കനത്ത തിരിച്ചടിയാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വത്സന് തില്ലങ്കേരി.ഗൂഢാലോചനയെത്തുടര്‍ന്നാണ് അക്രമമുണ്ടായതെന്ന കോടതി വിധിയിലെ പരാമര്‍ശം ഏറെ ഗൗരവമര്‍ഹിക്കുന്നതാണ്. സ്ഫോടകവസ്തു നിയമപ്രകാരം ശിക്ഷിക്കപ്പെട്ട പ്രതി മാറാടിന് പുറത്തുള്ളതാണെന്ന വസ്തുത കൂട്ടക്കൊലയ്ക്കു പിന്നില്‍ ബാഹ്യബന്ധമുണ്ടെന്നും ഗൂഢാലോചനയുണ്ടെന്നുമുള്ളതിനുള്ള ശക്തമായ തെളിവാണ്.
ഒളിവിലായിരുന്ന പ്രതികള്‍ക്ക് നിയമ സഹായമടക്കമുള്ള പിന്തുണ നല്‍കിയത് മതഭീകര സംഘടനകളാണ്. കൂട്ടക്കൊലയില്‍ എന്‍ഡിഎഫിനുള്ള പങ്ക് ഒരിക്കല്‍ക്കൂടി വ്യക്തമാക്കുന്നതാണ് കോടതി വിധി. മാറാട് കൂട്ടക്കൊലയെ തുടര്‍ന്ന് ഒളിവില്‍ പോയ പ്രതികളെ സംരക്ഷിച്ചവരാരാണെന്ന് പൊതുസമൂഹത്തിന് അറിയണം.
കൂട്ടക്കൊലയ്ക്ക് ശേഷം ഇരകളെ അവഗണിക്കുകയും വേട്ടക്കാരെ സംരക്ഷിക്കുകയും ചെയ്ത ഇരുമുന്നണികളുടെയും നിലപാടിനേറ്റ തിരിച്ചടികൂടിയാണിത്. ഉറ്റവര്‍ കൂട്ടക്കൊല ചെയ്യപ്പെട്ടിട്ടും നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമര്‍പ്പിച്ച അരയ സമാജത്തിന്റെയും ഹിന്ദു സംഘടനകളുടെയും വിജയമാണിത്. കേരളത്തിലെ ഹൈന്ദവ ആചാര്യന്മാരുടെയും വിവിധ സാമുദായിക സംഘടനകളുടെയും പിന്തുണയില്‍ വിശ്വാസമര്‍പ്പിച്ചവര്‍ക്ക് നീതി ലഭിച്ചത് ഇന്നത്തെ സാഹചര്യത്തില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. എവിടെ ഒളിച്ചാലും ഭീകരവാദികള്‍ക്ക് രക്ഷപ്പെടാനാവില്ലെന്ന് വിധി തെളിയിക്കുന്നു. എന്‍ഡിഎഫിനെ സംരക്ഷിക്കുന്ന സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും ഇത് തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഗൂഢാലോചന പുറത്തുകൊണ്ടുവരണം: ഭാരതീയ മത്സ്യപ്രവര്‍ത്തകസംഘം
കൊച്ചി: മാറാട് കൂട്ടക്കൊലയിലെ പ്രതികളായ കോയമോന്, നിസാമുദ്ദീന്‍ എന്നിവര്‍ക്ക് ഇരട്ട ജീവപര്യന്തം നല്കിയ മാറാട് പ്രത്യേക കോടതി വിധിയെ മത്സ്യപ്രവര്‍ത്തകസംഘം സ്വാഗതം ചെയ്തു. സ്ഫോടക വസ്തുക്കള്‍ കൈവശം വയ്ക്കുക, മത സ്പര്‍ദ്ധ വളര്‍ത്തുക, മാരകായുധങ്ങളുമായി കലാപമുണ്ടാക്കുക എന്നിവയാണ് രണ്ടുപേര്‍ക്കുമെതിരെ തെളിഞ്ഞ കുറ്റങ്ങള്‍. അതുകൊണ്ട് കൂട്ടക്കൊല നടത്തുന്നതിനായി നടന്ന ഗൂഢാലോചനകള്‍ പുറത്തുകൊണ്ടുവരാന്‍ സിബിഐ അന്വേഷണം വേഗത്തിലാക്കണമെന്ന് ഭാരതീയ മത്സ്യപ്രവര്‍ത്തകസംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി സി.ആര്. രാജേഷ് പ്രസ്താവനയില്‍ പറഞ്ഞു.
തീരദേശത്ത് മാരകയുധങ്ങളുമായി വന്ന് കലാപം സൃഷ്ടിച്ച് ഹിന്ദു സമൂഹത്തെ ഉന്മൂലനം ചെയ്യുന്നതിനുള്ള ഗൂഢാലോചനകള്‍ നടക്കുന്നുവെന്നതിനുള്ള തെളിവായി ഈ വിധിയെ കാണണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ സുരക്ഷാ നടപടികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: