കോട്ടയം: എംജി സര്‍വ്വകലാശാലയുടെ കെടുകാര്യസ്ഥതയില്‍ നിരവധി പിജി വിദ്യാര്‍ഥികള്‍ ദുരിതത്തില്‍. കഴിഞ്ഞ ജനുവരിയില്‍ പിജി അവസാന വര്‍ഷ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചെങ്കിലും വിദ്യാര്‍ഥികള്‍ക്ക് നാലാം സെമസ്റ്ററിന്റെ മാര്‍ക്ക് ലിസ്‌റ്റോ, പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റോ നല്കാന്‍ ഇതുവരെ നടപടിയായില്ല. സര്‍ട്ടിഫിക്കറ്റ് നല്കാത്തതില്‍ സര്‍വ്വകലാശാലയ്‌ക്കും വ്യക്തമായ ഉത്തരമില്ല.
സാധാരണ മൂല്യനിര്‍ണയം കഴിഞ്ഞ് ടാബുലേഷന്‍ പൂര്‍ത്തിയാക്കി ഫലപ്രഖ്യാപനത്തിനാണ് പലപ്പോഴും കാലതാമസം വരിക. ഇവിടെ ഇതെല്ലാം യഥാസമയം പൂര്‍ത്തിയായി ഫലവും വന്നു. പിന്നെ കാലവിളംബം വരേണ്ടതില്ല. പക്ഷേ, പരീക്ഷാഭവനിലെ താളപ്പിഴവുകളാണ് വിദ്യാര്‍ഥികളെ വട്ടംകറക്കുന്നത്. സാങ്കേതിക സംവിധാനങ്ങളുടെ മികവ് അവകാശപ്പെടുമ്പോഴും അതിനനുസരിച്ചുള്ള കൃത്യനിര്‍വഹണമില്ല.
പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാകാത്തതിനാല്‍ ഉപരിപഠനം നഷ്ടമായവര്‍ നിരവധി. സെറ്റ്, നെറ്റ് പരീക്ഷകള്‍ പാസായവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍ പിജിയുടെ പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ് നല്കണം. പിഎച്ച്ഡി ചെയ്യണമെങ്കിലും സര്‍ട്ടിഫിക്കറ്റ് വേണം.
ഹയര്‍ സെക്കന്‍ഡറി അധ്യാപനത്തിന്റെ പ്രാഥമിക യോഗ്യതയായ സെറ്റ് പാസായാല്‍ അതിന്റെ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി ആറ് മാസമാണ്. സര്‍വ്വകലാശാല സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യാന്‍ വൈകുംതോറും സെറ്റ് യോഗ്യത നേടിയവര്‍ അതില്‍ നിന്ന് പുറത്താകും. പിന്നീട് വീണ്ടും എഴുതേണ്ടിവരും. പിജി പാസായവര്‍ക്ക് ഉദ്യോഗങ്ങളില്‍ അപേക്ഷിക്കാനും കഴിയില്ല. രാജ്യത്തെ സര്‍വ്വകലാശാലകളില്‍ മികവു നേടാന്‍ കടലാസ് പണികള്‍ നടത്തുന്ന അധികൃതര്‍, സ്വന്തം വിദ്യാര്‍ഥികളുടെ ഉപരിപഠന സാധ്യതകള്‍ നഷ്ടപ്പെടുത്താതെ സര്‍വ്വകലാശാല ആസ്ഥാനത്തു നിന്നുള്ള നടപടികള്‍ക്ക് വേഗത കൂട്ടുകയാണ് ആദ്യം ചെയ്യേണ്ടതെന്ന് അധ്യാപകരും വിദ്യാര്‍ഥികളും അഭിപ്രായപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: