ഇത് കേരളമാണെന്ന് അവകാശപ്പെടുന്നവരാണ് ഇടതുമുന്നണി സര്‍ക്കാരിന് നേതൃത്വം നല്‍കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണെങ്കില്‍ അഹങ്കാരത്തോടെ ഇടയ്ക്കിടെ ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്നു. പക്ഷേ ഇടതുമുന്നണി ഭരണത്തില്‍ ജനങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന കഷ്ടപ്പാടുകള്‍ ഇതേ കേരളത്തിലാണെന്ന കാര്യം ഇക്കൂട്ടര്‍ ബോധപൂര്‍വം വിസ്മരിക്കുകയാണ്. അവശ്യ സാധനങ്ങളുടെ വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുമ്പോള്‍ അക്കാര്യത്തിലിടപെട്ട് ജനങ്ങള്‍ക്ക് ആശ്വാസമെത്തിക്കാന്‍ യാതൊരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ല. പച്ചക്കറികളുടെയും പലവ്യഞ്ജനങ്ങളുടെയും വില മുന്‍പെങ്ങും കാണാത്തവിധം കുതിച്ചുയരുകയാണ്. തക്കാളി, കാരറ്റ്, സവാള, വെണ്ടയ്ക്ക, ബീറ്റ്റൂട്ട്, പച്ചമുളക് എന്നുവേണ്ട ഒട്ടുമിക്ക പച്ചക്കറികളുടെയും വില ഒറ്റയടിക്ക് കുതിച്ചുകയറി. ഇവയില്‍ പലതിനും അന്‍പത് ശതമാനത്തോളമാണ് ദിവസങ്ങള്‍ക്കകം വില വര്‍ധിച്ചിരിക്കുന്നത്. കിലോയ്ക്ക് 100 രൂപയായിരുന്ന മുരിങ്ങക്കയുടെ വില 250 രൂപയായിരിക്കുന്നു. ഇതില്‍നിന്നു തന്നെ വിലക്കയറ്റത്തിന്റെ ഭീകരാവസ്ഥ മനസ്സിലാക്കാവുന്നതേയുള്ളൂ. അരി വിലയും നിത്യേനയെന്നോണം വര്‍ധിച്ചുകൊണ്ടിരിക്കുന്നു. 35 ശതമാനത്തോളം വര്‍ധന ഉണ്ടായിരിക്കുന്ന അരി വില താങ്ങാനാവാതെ സാധാരണ ജനങ്ങള്‍ അമ്പരന്നു നില്‍ക്കുകയാണ്.
എല്ലാം ശരിയാക്കുമെന്ന മുദ്രാവാക്യവുമായാണല്ലോ 2016 ല്‍ ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. അഞ്ച് വര്‍ഷത്തിനുശേഷം ഭരണത്തുടര്‍ച്ച ലഭിക്കുകയും ചെയ്തു. ഫലത്തില്‍ ആറുവര്‍ഷത്തോളമായി അധികാരത്തിലുള്ളത് ഒരേ സര്‍ക്കാര്‍ തന്നെയാണ്. ഇക്കാലയളവില്‍ കൊവിഡ് നിയന്ത്രണമുണ്ടായപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നല്കിയ ഭക്ഷ്യധാന്യങ്ങള്‍ കിറ്റുകളാക്കി ജനങ്ങള്‍ക്ക് നല്‍കിയതിനു പുറമെ സ്വന്തം നിലയ്ക്ക് ഒന്നും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്തതിന്റെ കേമത്തം ഘോഷിച്ചുകൊണ്ടിരിക്കുന്നതല്ലാതെ വില നിയന്ത്രണം പിടിച്ചു നിര്‍ത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ചിന്തിക്കുക പോലും ചെയ്യാത്ത സര്‍ക്കാരാണ് പിണറായി വിജയന്റേത്. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രിയെന്ന നിലയ്ക്കാണ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പെരുമാറുന്നത്. ഇന്ധന നികുതി കുറച്ചിരുന്നെങ്കില്‍ വിലക്കയറ്റത്തില്‍ നിന്ന് കുറച്ചെങ്കിലും ആശ്വാസം ജനങ്ങള്‍ക്ക് ലഭിക്കുമായിരുന്നു. എന്നാല്‍ ഇങ്ങനെയൊരു നടപടി തങ്ങളില്‍ നിന്ന് പ്രതീക്ഷിക്കേണ്ടതില്ലെന്ന നയം സര്‍ക്കാര്‍ വ്യക്തമാക്കിക്കഴിഞ്ഞു. തമിഴ്നാടും ആന്ധ്രയുമൊക്കെ വെള്ളപ്പൊക്കക്കെടുതിയില്‍പ്പെട്ടതാണ് അവിടങ്ങളില്‍ നിന്നുവരുന്ന അരിയും പച്ചക്കറികളുമൊക്കെ വില വര്‍ധിക്കാന്‍ കാരണമെന്ന വാദമുന്നയിച്ച് ജനങ്ങളെ നരകയാതന അനുഭവിക്കാന്‍ വിടുകയാണ്. നികുതിപ്പണം ഉപയോഗിച്ച് ആഡംബര ജീവിതം നയിക്കുന്ന മന്ത്രിമാരെയും ഉദ്യോഗസ്ഥ പ്രഭുക്കന്മാരെയുമൊക്കെ വില വര്‍ധന ബാധിക്കാത്തതിനാല്‍ അങ്ങനെയൊരു പ്രശ്മില്ലെന്ന് സര്‍ക്കാര്‍ കണ്ണടച്ചിരുട്ടാക്കുകയാണ്.
വിലക്കയറ്റത്തിന്റെ കാരണങ്ങള്‍ പലതായിരിക്കാം. പക്ഷേ ഇതില്‍ നിന്ന് സാധാരണക്കാരായ ജനങ്ങളെ രക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. വിപണിയില്‍ ഇടപെടുക എന്നതാണ് ഇതിനുള്ള വഴി. ഇങ്ങനെ ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പ്രതിപക്ഷത്തിരിക്കുമ്പോള്‍ ആവര്‍ത്തിക്കാറുള്ള പാര്‍ട്ടിയാണ് സിപിഎം. ഇക്കാര്യത്തില്‍ ഭരണപക്ഷത്തെ കടന്നാക്രമിക്കുകയും ചെയ്യാറുണ്ട്. പക്ഷേ കഴിഞ്ഞ ആറ് വര്‍ഷത്തോളമായി അധികാരത്തില്‍ തുടരുന്ന ഇടതുമുന്നണി സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇങ്ങനെയൊരു ഇടപെടലുണ്ടായതായി ആരും കണ്ടിട്ടില്ല. ഇതിന്റെ ദുരന്തമാണ് ജനങ്ങള്‍ അനുഭവിക്കുന്നത്. ജനങ്ങളുടെ ജീവന്മരണ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനു പകരം കെ-റെയില്‍ പോലുള്ള വന്‍ പദ്ധതികള്‍ക്കു പിന്നാലെയാണ് സര്‍ക്കാര്‍. ഇക്കാര്യത്തില്‍ എടുക്കുന്ന താല്‍പ്പര്യത്തിന്റെ നൂറിലൊരംശം പോലും വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ കാണിച്ചിരുന്നെങ്കില്‍ ജനങ്ങള്‍ക്ക് അത് വലിയ ആശ്വാസമായേനെ. പക്ഷേ ഇതു ചെയ്തതുകൊണ്ട് വ്യക്തിപരമായ നേട്ടമൊന്നുമില്ലെന്ന് സര്‍ക്കാരിനെ നയിക്കുന്നവര്‍ക്കറിയാം. സാധാരണ ജനങ്ങള്‍ക്ക് യാതൊരു പ്രയോജനവുമില്ലെങ്കിലും കേരളത്തിന്റെ സമ്പദ്വ്യവസ്ഥയെ തന്നെ നശിപ്പിക്കുന്ന കെ-റെയില്‍ പദ്ധതി ഒരു ഖനിയാണെന്ന് ഇക്കൂട്ടര്‍ക്കറിയാം. ജനങ്ങള്‍ കഷ്ടപ്പെടാന്‍ വിധിക്കപ്പെട്ടവരാണ്. വിലക്കയറ്റമുള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ സഹിച്ചേ മതിയാവൂ. ഇടതുമുന്നണി സര്‍ക്കാരിന്റെ ഈ മനോഭാവമാണ് ജനങ്ങളെ ചെന്നായ്ക്കെറിഞ്ഞു കൊടുക്കുന്നത്. ഇടതുപക്ഷ ഭരണത്തിന്റെ അധികാരത്തുടര്‍ച്ച കേരളത്തെ സമ്പൂര്‍ണ തകര്‍ച്ചയിലേക്ക് നയിക്കുമെന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: