ഭാരതം സ്വാതന്ത്ര്യത്തിന്റെ അമൃതവര്‍ഷം ആഘോഷിക്കുകയാണ്. നമ്മുടെ സ്വാതന്ത്ര്യ സമരം സ്വധര്‍മ്മവും സ്വാഭിമാനവും വീണ്ടെടുക്കാനുള്ള സമഗ്രവും സര്‍വ്വ സ്പര്‍ശിയുമായ മുന്നേറ്റമായിരുന്നു. മതങ്ങള്‍ തമ്മില്‍ സഹവര്‍ത്തിത്വം കൊണ്ടുവരിക, ജാതിവിവേചനം അവസാനിപ്പിക്കുക, അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ദൂരീകരിക്കുക, വിദ്യാഭ്യാസ-ശാസ്ത്ര പാരമ്പര്യങ്ങള്‍ വീണ്ടെടുക്കുക എന്നിവയ്ക്കായി ദേശവ്യാപകമായ ശ്രമങ്ങള്‍ ഉയിര്‍ക്കൊണ്ടു. ഭാരതത്തിന്റെ തനിമയും ഗരിമയും വീണ്ടെടുക്കുന്നതായിരുന്നു നമ്മുടെ സ്വാതന്ത്ര്യ പ്രക്ഷോഭം. സ്വാമി വിവേകാനന്ദന്റെ വാക്കുകളില്‍ ഭാരതത്തിന്റെ ലോകവിജയത്തില്‍ കുറഞ്ഞ് മറ്റൊന്നുമായിരുന്നില്ല അത്.
കേരളത്തില്‍ ദേശീയ പ്രസ്ഥാനം ശക്തമാകുന്നത് നിസ്സഹകരണ പ്രസ്ഥാനത്തോടെയാണ്. അതിന്റെ മുഖമുദ്രയായിരുന്നു ഹിന്ദു-മുസ്ലിം ഐക്യവും അഹിംസയും അയിത്തോച്ചാടനവും. ഹിന്ദു-മുസ്ലിം ഐക്യത്തിനായി കൊണ്ടുവന്ന ഖിലാഫത്ത്, കേരളത്തില്‍ കൊടിയ ഹിന്ദുവംശഹത്യയായി പരിണമിച്ചു. മുസ്ലിം വേറിടല്‍ വാദം വളര്‍ന്ന് ഭാരതവിഭജനത്തില്‍ കലാശിച്ചു. അതേസമയം ഹിന്ദു സമാജത്തിനുള്ളിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ അഭംഗുരം തുടര്‍ന്നു. ക്ഷേത്രപ്രവേശന സമരങ്ങളും മിശ്രഭോജനവും ക്ഷേത്രനവീകരണവും അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും എതിരെയുള്ള വിപ്ലവങ്ങളും ഓരോ ദിവസവും പുതു അധ്യായങ്ങളായി. കേരള ഗാന്ധി കെ.കേളപ്പന് കമ്യൂണിസ്റ്റുകാരുടെ രാഷ്ട്രീയ വഞ്ചനയേയും മുസ്ലിം വര്‍ഗീയവാദത്തേയും പ്രതിരോധിച്ചുകൊണ്ട് ദേശിയ നവോത്ഥാന ധാരയെ ക്ഷേത്ര സംരക്ഷണ പ്രസ്ഥാനത്തിലൂടെ പ്രോജ്ജ്വലമാക്കി. അതിലെ ഐതിഹാസികമായ അധ്യായമായിരുന്നു അങ്ങാടിപ്പുറം തളിക്ഷേത്ര വിമോചന സമരം.
ഒരേ മനസ്സോടെ, ഒറ്റക്കെട്ടായി
1968 ലാണ് കേളപ്പജി അങ്ങാടിപ്പുറത്തെ തകര്‍ക്കപ്പെട്ട തളിക്ഷേത്ര ഭൂമി സന്ദര്‍ശിച്ചത്. ഭക്തജനങ്ങളോട് ആ വര്‍ഷം നവരാത്രിയോടെ ക്ഷേത്രഭൂമി വൃത്തിയാക്കി ഭജനയും പൂജയും നടത്താന്‍ നിര്‍ദ്ദേശിച്ചു. കോഴിക്കോട്, പാലക്കാട് ജില്ലകളിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി ഒരു പുതിയ മുസ്ലിം ജില്ല രൂപീകരിക്കുന്നതിന് എതിരായുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായുള്ള സന്ദര്‍ശനത്തിലാണ് നാടുനീളെ തകര്‍ന്നുകിടക്കുന്ന ക്ഷേത്രാവശിഷ്ടങ്ങള്‍ അദ്ദേഹം ശ്രദ്ധിക്കുന്നത്. ഹിന്ദു ജാഗരണത്തില്‍ താല്പര്യമുള്ള അങ്ങാടിപ്പുറത്തെ പ്രമുഖര്‍ കേളപ്പജിയുടെ നേതൃത്വം ആവേശത്തോടെ ഏറ്റെടുത്തു. സി.പി. കേശവന്, സി.പി. ജനാര്ദ്ദനന്, സി.പി. ശ്രീധരന് തുടങ്ങിയവരുടെ സംഘാടന മികവും ഹിന്ദു ജാഗരണത്തിന് മുതല്‍ക്കൂട്ടായി.
തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിന് സമീപത്താണെങ്കിലും ടിപ്പുവിന്റെ പടയോട്ടക്കാലത്ത് തകര്‍ക്കപ്പെട്ട തളി ശിവക്ഷേത്രഭൂമി അനാഥമായി കഴിഞ്ഞിരുന്നു. മലവിസര്‍ജ്ജനത്തിനും മാലിന്യങ്ങള്‍ നിക്ഷേപിക്കാനുമാണ് ഇവിടം ഉപയോഗിച്ചിരുന്നത്. അന്യാധീനപ്പെട്ട ഈ ഭൂമി വൃത്തിയാക്കി ക്ഷേത്ര പുനര്‍നിര്‍മ്മാണം നടത്താന്‍ നാട്ടുകാര്‍ മുന്നോട്ടുവന്നത് ഒരു വിഭാഗം മാപ്പിളമാരെ അരിശം കൊള്ളിച്ചു. ഇത് തങ്ങള്‍ക്കെതിരായ നീക്കമായി കണ്ട് എതിര്‍ക്കുവാനും അക്രമങ്ങള്‍ അഴിച്ചുവിടാനും തുടങ്ങി. സമീപത്തെ മുസ്ലിം ഭൂരിപക്ഷ ഗ്രാമമായ പാങ്ങില്‍ നിന്നും ക്ഷേത്രഭൂമി വൃത്തിയാക്കുന്നതിനും ഭജനമിരിക്കാനും പോയ അറുമുഖന്റെ വീട് ഒരു സംഘം മതഭ്രാന്തന്മാര് ആക്രമിച്ചു, അദ്ദേഹത്തെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി. ഏതാനും വര്‍ഷം മുമ്പ് സമീപ സ്ഥലത്ത് ക്ഷേത്ര നവീകരണം ആരംഭിച്ച ഉണ്യേന്‍ സാഹിബ് എന്ന രാമസിംഹനേയും കുടുംബത്തേയും വെട്ടിക്കൊന്നതുപോലെ ഈ അരുംകൊലയിലൂടെ ഹിന്ദുക്കളെ മുഴുവന്‍ ഭയപ്പെടുത്താം എന്ന ചില മതമൗലികവാദികളുടെ കണക്കുകൂട്ടലുകള്‍ അപ്പാടെ തെറ്റി. അങ്ങാടിപ്പുറത്ത് വന്‍ പ്രതിഷേധ റാലിയും അറുമുഖന് കുടുംബ സഹായ ധനശേഖരണ പ്രഖ്യാപനവും നടന്നു. തളിക്ഷേത്ര വിമോചന സമരം പുതിയ വഴിത്തിരിവിലേക്ക് നീങ്ങി.
സമരവും ഭജനയും അവസാനിപ്പിക്കാന്‍ പ്രലോഭനങ്ങളും ഭീഷണിയും അടക്കം സര്‍ക്കാര്‍ പല അടവുകളും പയറ്റി. സമര നേതാക്കളെയും ഭക്തജനങ്ങളെയും കബളിപ്പിച്ച് ക്ഷേത്രഭൂമി പുരാവസ്തു വകുപ്പിനെക്കൊണ്ട് ഏറ്റെടുപ്പിച്ചു. സ്ഥലം കെട്ടിയടയ്ക്കാനും ഭക്തജനങ്ങളെ കള്ളക്കേസുകളില്‍ കുടുക്കി ദ്രോഹിക്കാനുമാണ് സര്‍ക്കാര്‍ ശ്രമിച്ചത്. മുസ്ലിം ലീഗിന്റെ സമ്മര്‍ദ്ദത്താല്‍ ആഭ്യന്തര മന്ത്രി ഇമ്പിച്ചിബാര് നിരോധനാജ്ഞ പ്രഖ്യാപിച്ചു. അത് ലംഘിച്ച് ആരാധനാ സ്വാതന്ത്ര്യ സത്യഗ്രഹ സമരത്തിന് കേളപ്പജി ആഹ്വാനം നല്കി. ആ സമരം,സാമൂഹ്യ പങ്കാളിത്തം കൊണ്ട് ഗാന്ധിയന്‍ സമര ചരിത്രത്തിലും ഹിന്ദു ജാഗരണ ചരിത്രത്തിലും പുതിയ അധ്യായം കുറിച്ചു. അവര്‍ണ്ണ-സവര്‍ണ്ണ ജാഥകളോ പ്രത്യേകം പ്രത്യേകം സത്യഗ്രഹങ്ങളോ ഉണ്ടായില്ല. ഹിന്ദു സമാജം ഒറ്റക്കെട്ടായി. ആബാലവൃദ്ധം ഗ്രാമീണരും നഗരവാസികളും സമരത്തില്‍ അണിചേര്‍ന്നു. യശോദ മാധവനും നീലിയും സമരനായികമാരായി. ടി.പി. വിനോദിനി അമ്മയും ലീലാ ദാമോദരമേനോനും ആവേശമായി. കേളപ്പജിയും, കെ.പി. കേശവമേനോനും പ്രായം മറന്ന് സമരവേദിയില്‍ ഒന്നിച്ചു. പി. പരമേശ്വരനും ടി.എന്‍. ഭരതനും സംഘാടകരായി.
അണയാത്ത ദീപനാളം
നവംബര്‍ 17ന് ആരംഭിച്ച സത്യഗ്രഹ സമരം പരാജയപ്പെടുത്താനുള്ള സര്‍ക്കാരിന്റെ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു. ഒരു ഭാഗത്ത് ലീഗിനെ പ്രീണിപ്പിക്കാന്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ കെട്ടിപ്പൊക്കിയ കന്മതില് ഭക്തരുടെ സമരാവേശത്തില്‍ തകര്‍ന്നു. സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്തു കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ വിധി ഭക്തജനങ്ങള്ക്കനുകൂലമായി. സര്‍ക്കാര്‍ നടപടികള്‍ റദ്ദ് ചെയ്തു. ആരാധനാ സ്വാതന്ത്ര്യം മൗലികാവകാശമാണെന്ന് ജനങ്ങളും നിയമവും ഉറക്കെ പ്രഖ്യാപിച്ചു. മാസങ്ങള്‍ക്കകം മുസ്ലിം ലീഗ്- കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ നിലംപതിച്ചു.
പോലീസ് സ്റ്റേഷനില്‍ ദിവസങ്ങളായി ഉപവാസം നടത്തിയിരുന്ന കേളപ്പജി സമരം അവസാനിപ്പിച്ചു. ആയിരക്കണക്കിന് ഭക്തജനങ്ങളുടെ അകമ്പടിയോടെ, ശിവ പഞ്ചാക്ഷരിയാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ ക്ഷേത്രഭൂമിയിലെത്തി. മലിനമായി കിടന്ന ശിവവിഗ്രഹത്തില്‍, ജനങ്ങള്‍ നല്കിയ തീര്‍ത്ഥം കൊണ്ട് അഭിഷേകം നടത്തി, ആ തീര്‍ത്ഥം സേവിച്ച് ഉപവാസ സമരം അവസാനിപ്പിച്ചു. നൂറ്റാണ്ടുകളായി തെളിയാതെ കിടന്ന ഭഗവാന്റെ മുന്നിലെ കല്‍വിളക്കില്‍ അന്തിത്തിരി തെളിച്ച് ദീപാരാധന നടത്തി. ആരാധനാ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. അരുവിപ്പുറത്തെ ക്ഷേത്ര പ്രതിഷ്ഠയിലൂടെ ഹിന്ദു സമാജത്തില്‍ അലയടിച്ച നവോത്ഥാന തരംഗം, അങ്ങാടിപ്പുറത്ത് ‘നായ പാത്തിയ കല്ലില്‍മേല്‍ ചന്ദനംപൂശി’ കേരള ഗാന്ധി കേളപ്പന് പുതിയ ദീപശീഖയായി പകര്‍ന്നു കൊടുത്തു. അത് പിന്നീട് ഗ്രാമങ്ങള്‍ തോറും പടര്‍ന്ന് ആയിരമായിരം തകര്‍ന്നടിഞ്ഞ ക്ഷേത്രസങ്കേതങ്ങളില്‍ ദീപനാളമായി ജ്വലിച്ചു.
കേരളത്തില്‍ മാത്രമല്ല, ഭാരത ചരിത്രത്തിലെ തന്നെ തകര്‍ക്കപ്പെട്ട ക്ഷേത്രങ്ങളുടെ പുനര്‍നിര്‍മ്മാണത്തില്‍ പുതിയ അധ്യായം അവിടെ ആരംഭിക്കുകയായിരുന്നു. ഹിന്ദു അവകാശ സമരങ്ങളുടെ ഒരു തരംഗത്തിനാണ് അന്ന് തിരിതെളിക്കപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: