ന്യൂദല്‍ഹി: സര്‍ക്കാര്‍ അവതരിപ്പിക്കാന്‍ പോകുന്ന പുതിയ ക്രിപ്‌റ്റോകറന്‍സി ബില്ലില്‍ ഏതാനും ക്രിപ്‌റ്റോകറന്‍സികള്‍ ഒഴികെ മറ്റെല്ലാറ്റിനും നിരോധനം ഏര്‍പ്പെടുത്താന്‍ നിര്‍ദേശം.
ഈ വരുന്ന ശീതകാലസമ്മേളനത്തില്‍ കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിക്കാന്‍ പോകുന്ന ക്രിപ്‌റ്റോകറന്‍സി ബില്ലിലാണ് ഈ തീരുമാനമെന്നറിയുന്നു. റിസര്‍വ്വ് ബാങ്ക് പുറത്തിറക്കാന്‍ പോകുന്ന പുതിയ ഡിജിറ്റല്‍ ക്രിപ്‌റ്റോകറന്‍സി സൃഷ്ടിക്കാനുള്ള ചട്ടക്കൂട് ഉണ്ടാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ക്രിപ്‌റ്റോ കറന്‍സി ബില്‍ അവതരിപ്പിക്കുന്നത്. ഈ ബില്ലില്‍ ഏതാനും ചില ക്രിപ്‌റ്റോകറന്‍സികള്‍ ഒഴികെ മറ്റെല്ലാ സ്വകാര്യ ക്രിപ്‌റ്റോകറന്‍സികളും ഇന്ത്യയില്‍ നിരോധിക്കും. ക്രിപറ്റോ കറന്‍സികള്‍ക്ക് പിന്നിലെ സാങ്കേതിക വിദ്യയായ ബ്ലോക് ചെയിന്‍ ടെക്‌നോളജി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഏതാനും ക്രിപ്‌റ്റോകറന്‍സികളെ നിയമവിധേയമാക്കുന്നത്. ഏതൊക്കെ ക്രിപ്റ്റോ കറന്‍സികളാണ് നിയമവിധേയമാകുക, ഏതൊക്കെയാണ് നിരോധിക്കപ്പെടുക എന്നത് സംബന്ധിച്ച് വിവരങ്ങള്‍ പുറത്തായിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ ക്രിപ്റ്റോ കറന്‍സിയുമായി ബന്ധപ്പെട്ട സംഘടനകളും തിങ്ക്ടാങ്കുകളും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഈ സുപ്രധാനതീരുമാനമെന്നറിയുന്നു.
ആദായനികുതി വകുപ്പിന്റെ നിയമങ്ങള്‍ക്ക് കീഴിലാക്കി ക്രിപ്‌റ്റോകറന്‍സികള്‍ക്ക് നികുതി ചുമത്തിയേക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. പക്ഷെ ഇത് സംബന്ധിച്ച് അടുത്ത ബജറ്റില്‍ മാത്രമേ നിര്‍ദേശമുണ്ടാകൂ എന്ന് റവന്യൂ സെക്രട്ടറി തരുണ്‍ ബജാജ് പറഞ്ഞു.
ഈയിടെ സിഡ്‌നി ഡയലോഗില്‍ മുഖ്യപ്രഭാഷണം നടത്തവേ പ്രധാനമന്ത്രി നരേന്ദ്രമോദി ക്രിപ്‌റ്റോ കറന്‍സികള്‍ സംബന്ധിച്ച് ചില ആശങ്കകള്‍ പങ്കുവെച്ചിരുന്നു. ക്രിപ്‌റ്റോ കറന്‍സികള്‍ ദുരുപയോഗം ചെയ്യപ്പെടാതിരിക്കാന്‍ ജനാധിപത്യ രാഷ്‌ട്രങ്ങള്‍ കൈകോര്‍ക്കണമെന്നായിരുന്നു മോദി അഭിപ്രായപ്പെട്ടത്. ഭാവിയിലെ ഈ സാങ്കേതികവിദ്യ സംബന്ധിച്ച് കൂടുതല്‍ ഗവേഷണവും വികസനവും നടക്കണമെന്നും മോദി അഭിപ്രായപ്പെട്ടിരുന്നു. അതുവഴി മാത്രമേ വിശ്വസനീയമായ ക്രിപ്‌റ്റോകറന്‍സി നിര്‍മ്മാണത്തിനുള്ള അടിത്തറയും വിശ്വാസ്യയോഗ്യമായ വിതരണ ശൃംഖലകളും സൃഷ്ടിക്കാന്‍ കഴിയൂ.
പ്രധാനമായും കള്ളപ്പണം വെളുപ്പിക്കലിനും തീവ്രവാദ ധനസഹായത്തിനും ക്രിപ്‌റ്റോ കറന്‍സി ഉപയോഗിക്കുമോ എന്ന ആശങ്കയാണ് കേന്ദ്രസര്‍ക്കാരിനുള്ളത്. ക്രിപ്‌റ്റോ കറന്‍സികള്‍ തെറ്റായ കൈകളില്‍ എത്തിപ്പെട്ട് അത് നാട്ടിലെ യുവാക്കളെ നശിപ്പിക്കുന്ന സ്ഥിതിവിശേഷം ഉണ്ടാകരുതെന്നും മോദി അഭിപ്രായപ്പെടുന്നു. ഈ പശ്ചാത്തലത്തിലാണ് ക്രിപ്റ്റോ കറന്‍സികള്‍ എന്ന ദുരൂഹ പണമിടപാട് സംവിധാനത്തെ ഇല്ലാതാക്കുന്നതിനെക്കുറിച്ച് കേന്ദ്രം ആലോചിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: