Categories: Health

കരള്‍ രോഗങ്ങളെ നിസ്സാരമായി കാണരുത്; ലിവര്‍ ക്യാന്‍സറിനെ എങ്ങനെ പ്രതിരോധിക്കാം, സ്ത്രീകളേക്കാള്‍ രോഗബാധ നാല് മടങ്ങ് കൂടുതല്‍ പുരുഷന്മാരില്‍

മുപ്പത്തിനാലായിരത്തിലേറെ ആളുകളാണ് ഓരോ വര്‍ഷവും ഇന്ത്യയില്‍ ലിവര്‍ ക്യാന്‍സര്‍ ബാധിതരാകുന്നത്. മുപ്പത്തിമൂവായിരത്തോളം പേര്‍ ഇതു മൂലം മരണപ്പെടുന്നു. ലിവര്‍ ക്യാന്‍സര്‍ കൂടുതലായി കണ്ടുവരുന്നത് നാല്‍പത് മുതല്‍ എഴുപത് വയസ്സുവരെയുള്ള ആളുകളിലും.

Published by

മനുഷ്യ ശരീരത്തില്‍ ഏറ്റവും സങ്കീര്‍ണ്ണമായ പ്രവര്‍ത്തനങ്ങള്‍ അരങ്ങേറുന്ന അവയവങ്ങളിലൊന്നാണ് കരള്‍. കരളിന്റെ പ്രവര്‍ത്തനം താളംതെറ്റിയാല്‍ ബാധിക്കുന്നത് ശരീരത്തെ മുഴുവനാണെന്നു വേണം പറയാന്‍. അതുകൊണ്ടു തന്നെ കരളിനെ ബാധിക്കുന്ന അസുഖങ്ങളെക്കുറിച്ചറിയുകയും, കരളിന്റെ ആരോഗ്യം ഉറപ്പ് വരുത്തേണ്ടതും ഏറെ പ്രധാനമാണ്. ശ്വാസകോശത്തിനു താഴെ വലതു വശത്ത് വാരിയെല്ലുകള്‍ക്കടിയില്‍ സ്ഥിതി ചെയ്യുന്ന കരളിനെ ക്യാന്‍സര്‍ പിടിമുറുക്കുന്നത് ഇന്ന് സാധാരണമായിരിക്കുകയാണ്.

മുപ്പത്തിനാലായിരത്തിലേറെ ആളുകളാണ് ഓരോ വര്‍ഷവും ഇന്ത്യയില്‍ ലിവര്‍ ക്യാന്‍സര്‍ ബാധിതരാകുന്നത്. മുപ്പത്തിമൂവായിരത്തോളം പേര്‍ ഇതു മൂലം മരണപ്പെടുന്നു. ലിവര്‍ ക്യാന്‍സര്‍ കൂടുതലായി കണ്ടുവരുന്നത് നാല്‍പത് മുതല്‍ എഴുപത് വയസ്സുവരെയുള്ള ആളുകളിലും. സ്ത്രീകളെ അപേക്ഷിച്ച് കരള്‍ ക്യാന്‍സര്‍ രോഗബാധ പുരുഷന്മാരില്‍ നാലു മടങ്ങു കൂടുതലാണ്. മുതിര്‍ന്നവരില്‍ ലിവര്‍ ക്യാന്‍സറിന്റെ ഏറ്റവും കൂടുതലായി കാണപ്പെടുന്ന രൂപമാണ് ഹെപ്പറ്റോസെല്ലുലാര്‍ കാര്‍സിനോമ (എച്ച്‌സിസി).

കരള്‍ ക്യാന്‍സറിന്റെ അപകട സാധ്യത ഇരട്ടിയാക്കുന്ന നിരവധി കാരണങ്ങളുണ്ടെന്നാണ് എറണാകുളം ലിസി ആശുപത്രിയിയിലെ കണ്‍സള്‍ട്ടന്റ് മെഡിക്കല്‍ ഓങ്കോളജിസ്റ്റ് ഡോ. ജയശങ്കര്‍ വ്യക്തമാക്കുന്നത്. ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി വൈറസുകള്‍ ശരീരത്തില്‍ നീണ്ടു നില്‍ക്കുന്ന അണുബാധയാണ്. ലിവര്‍ ക്യാന്‍സര്‍ ബാധിതനായ ഒരാളുടെ ആരോഗ്യ സ്ഥിതി കൂടുതല്‍ മോശമാക്കുന്നതിലെ ഒരു പ്രധാന കാരണവും ഈ വൈറസുകള്‍ തന്നെ. അമിത മദ്യപാനവും പ്രധാന കാരണമാണ്. രോഗിയുടെ പ്രായം, സിറോസിസ്, അമിതവണ്ണം, ടൈപ്പ് 2 പ്രമേഹം തുടങ്ങിയവയും സ്ഥിതി ഗുരുതരമാക്കും.

കരളിനെ ബാധിക്കുന്ന രോഗങ്ങള്‍ക്ക് ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങുന്നത് പലപ്പോഴും വൈകിയാണ്. ഇത് രോഗിക്ക് ചികിത്സ ലഭിക്കുന്നത് വൈകാനും ഇടയാക്കും. ഈ സാഹചര്യത്തില്‍ പ്രതിരോധ ശേഷി കുറഞ്ഞവരും രോഗബാധയേല്‍ക്കാന്‍ സാധ്യത കൂടുതലുള്ളവരും കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തുകയാണ് നല്ലത്.

ലിവര്‍ ക്യാന്‍സര്‍ രോഗ ലക്ഷണങ്ങള്‍

ശരീരഭാരം കുത്തനെ കുറയുക,വിശപ്പില്ലായ്മ, ഓക്കാനം അല്ലെങ്കില്‍ ചര്‍ദ്ദി, ലഘു ഭക്ഷണം കഴിച്ചാല്‍ പോലും വയറ് നിറഞ്ഞതായി അനുഭവപ്പെടുക, ഇടതുവശത്തെ വാരിയെല്ലുകള്‍ക്കടിയല്‍ വലിയ പ്ലീഹ (SPLEEN) നിറഞ്ഞതായി തോന്നുക, അടിവയറ്റിലോ വലതു തോളെല്ലിന്റെ വശങ്ങളിലോ വേദന, കരള്‍ വികസിക്കുകയും വലതു ഭാഗത്തെ വാരിയെല്ലുകള്‍ക്ക് താഴെ നിറഞ്ഞതു പോലെ അനുഭവപ്പെടുക തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. മഞ്ഞപ്പിത്തം, ചൊറിച്ചില്‍, ഉദരത്തില്‍ വീക്കമോ ദ്രാവകമോ രൂപപ്പെടുക, പനി, ചര്‍മ്മത്തിലൂടെ കാണാന്‍ കഴിയുന്ന തരത്തില്‍ വയറിലെ ഞരമ്പുകള്‍ വികസിക്കുക, അസാധാരണമായ ചതവ്, രക്തസ്രാവം തുടങ്ങിയവയും ലിവര്‍ ക്യാന്‍സറിന്റെ ലക്ഷണങ്ങളാണ്.

ഇവയില്‍ ഒന്നോ അതിലധികമോ ലക്ഷണങ്ങള്‍ നിങ്ങള്‍ക്കുണ്ടെന്നു വച്ച് അത് ക്യാന്‍സറാണെന്ന് ഭയപ്പെടേണ്ടതില്ല. എങ്കിലും രോഗലക്ഷണങ്ങള്‍ കാണുന്ന സാഹചര്യത്തില്‍ ഡോക്ടറെ കണ്ട് പരിശോധിക്കുന്നതാണ് ഉചിതം.

ഹെപ്പറ്റൈറ്റിസ് ബി, സി അണുബാധയേല്‍ക്കാതെ നോക്കുകയും കൃത്യമായ ചികിത്സ തേടുകയുമാണ് ആദ്യം ചെയ്യേണ്ട കാര്യം. കരളിനെ ഏറ്റവും എളുപ്പത്തില്‍ ദുര്‍ബലമാക്കുന്ന മദ്യപാനവും പുകവലിയും നിര്‍ബന്ധമായും നിയന്ത്രിക്കണം. ശരീരഭാരം ആരോഗ്യകരമായ അളവില്‍ നിലനിര്‍ത്താനും ക്യാന്‍സര്‍ വരുത്തിവയ്‌ക്കാന്‍ സാധ്യതയുള്ള രാസവസ്തുക്കളുമായുള്ള സമ്പര്‍ക്കം നിയന്ത്രിക്കുന്നതിലും ശ്രദ്ധ വേണം.ലിവര്‍ ക്യാന്‍സറിന് സാധ്യത കൂട്ടുന്ന രോഗങ്ങള്‍ ബാധിച്ചാല്‍ കൃത്യമായ ചികിത്സ തേടണം. ഇതുവഴി ലിവര്‍ ക്യാന്‍സര്‍ സങ്കീര്‍ണ്ണമാകുന്നത് ഒരു വലിയ പരിധി വരെ തടയാനാകും.

നിശ്ശബ്ദ കൊലയാളികളായ കരള്‍രോഗങ്ങള്‍ ഗുരുതരമാകുന്നതിനു മുമ്പ് കണ്ടെത്തി മികച്ച ചികിത്സ ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്. ജീവിതശൈലി ക്രമപ്പെടുത്തുകയെന്നതു തന്നെയാണ് പ്രധാന ചികിത്സരീതിയും പ്രതിരോധ മാര്‍ഗവും. ലിവര്‍ ക്യാന്‍സറിന് വൈദ്യശാസ്ത്രത്തില്‍ ഇന്ന് നിരവധി ചികിത്സകള്‍ ലഭ്യമാണ്.

ശസ്ത്രക്രിയയോ കരള്‍ മാറ്റിവയ്‌ക്കലോ ആണ് ലിവര്‍ ക്യാന്‍സര്‍ ഭേദമാക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗം.അതുപോലെ തന്നെ മറ്റോരു ചികിത്സയാണ് അബ്ലേഷന്‍. ഇത് കരളിലെ ട്യൂമറുകള്‍ നീക്കം ചെയ്യാതെ അവയെ നശിപ്പിക്കുന്നു.കരളിലെ ട്യൂമറിലേക്കുള്ള രക്തപ്രവാഹം തടയാനോ കുറയ്‌ക്കുന്നതിനോ ആയി കരളിലെ ധമനിയിലേക്ക് നേരിട്ട് പദാര്‍ത്ഥങ്ങള്‍ കുത്തിവയ്‌ക്കുന്ന എംബോലൈസേഷന്‍ എന്ന ചികിത്സ രീതിയും ലിവര്‍ ക്യാന്‍സറില്‍ നിന്ന് മുക്തി നേടാന്‍ സ്വീകരിക്കാറുണ്ട്. മറ്റോരുചികിത്സ രീതിയായ റേഡിയേഷന്‍ തെറാപ്പി വഴി തീവ്രത കൂടിയ ഊര്‍ജ്ജ കണങ്ങള്‍ ഉപയോഗിച്ച് ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുകയാണ് ചെയ്യുന്നത്.

ഒരു മനുഷ്യന്റെ ശരീരത്തില്‍ സ്വാഭാവികമായുള്ള രോഗപ്രതിരോധ സംവിധാനത്തെ ഉപയോഗിച്ച് കാന്‍സര്‍ കോശങ്ങള്‍ കണ്ടെത്തി നശിപ്പിക്കുന്ന ചികിത്സ രീതിയും പല അവസരങ്ങളിലും ഉപയോഗിക്കാറുണ്ട്. ഇതിന് ഇമ്മ്യൂണോതെറാപ്പി എന്നാണ് പറയുന്നത്. കീമോതെറാപ്പിക്ക് സമാനമായി മരുന്നുകള്‍ രക്തത്തില്‍ പ്രവേശിച്ച് ശരീരത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും എത്തിക്കുകയും ഇത് ശരീരത്തിന്റെ മുക്കിലും മൂലയിലേക്കും പടര്‍ന്ന ക്യാന്‍സര്‍ കോശങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ടാര്‍ഗെറ്റഡ് ഡ്രഗ് തെറാപ്പിയും ഫലപ്രദമായ ചികിത്സ രീതിയാണ്.

ക്യാന്‍സറിന്റെ വ്യാപ്തിയും രോഗിയുടെ ആരോഗ്യ സ്ഥിതിയും ആശ്രയിച്ചാണ് ഏത് ചികിത്സരീതിയാണ് സ്വീകരിക്കേണ്ടതെന്ന് തീരുമാനിക്കുക. ഇത് രോഗിയെ ചികിത്സിക്കുന്ന ഓങ്കോളജിസ്റ്റിന്റെ വിവേചനാധികാരം കൂടിയാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: healthCancer