കൊച്ചി: കൂടുതല്‍ മത്സ്യബന്ധന തുറമുഖങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് കേന്ദ്ര മത്സ്യ ബന്ധന, മൃഗസംരക്ഷണ, ക്ഷീരോല്പാദന, വാര്‍ത്താവിതരണ പ്രക്ഷേപണ സഹമന്ത്രി ഡോ. എല്‍. മുരുകന് പറഞ്ഞു. കേന്ദ്ര സമുദ്രോല്പന്ന കയറ്റുമതി വികസന അതോറിറ്റിയുടെ (എംപിഇഡിഎ) കൊച്ചി ഓഫീസ് സന്ദര്‍ശിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
എംപിഇഡിഎ ചെയര്മാന് കെ.എസ്. ശ്രീനിവാസ്, ഡയറക്ടര്‍ ഡോ. എം. കാര്ത്തികേയന്, ജോയിന്റ് ഡയറക്ടര്‍മാരായ ഡോ. രാം. മോഹന്‍ എം.കെ., പി. അനില്‍ കുമാര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി അദ്ദേഹം ചര്‍ച്ച നടത്തി. രാജ്യത്തെ സമുദ്രോല്പന്ന ഭക്ഷ്യ മേഖലയിലെ എംപിഇഡിഎയുടെ നാഴികക്കല്ലുകള്‍ വ്യക്തമാക്കുന്ന പവര്‍ പോയിന്റ പ്രസന്റേഷനും ഡോ. എല്‍. മുരുകന് വീക്ഷിച്ചു. എംപിഇഡിഎയുടെ ക്വാളിറ്റി കണ്ട്രോള്, മൈക്രോ ബയോളജി ലബോറട്ടറികളും സീ ഫുഡ് ഇന്ത്യാ സിഗ്നേച്ചര്‍ സ്റ്റാളും അദ്ദേഹം സന്ദര്‍ശിച്ചു.
തുടര്‍ന്ന് അദ്ദേഹം ആലപ്പുഴ ജില്ലയിലുള്ള ഏഴുപുന്നയിലെ ആക്സിലറേറ്റഡ് ഫ്രീസ് ഡ്രൈയിംഗ് കമ്പനിയും (എഎഫ്ഡിസി) സന്ദര്‍ശിച്ചു. രാജ്യത്ത് ആകെയുള്ള രണ്ട് ആക്സിലറേറ്റഡ് ഫ്രീസ് ഡ്രൈയിംഗ് സംവിധാനമുള്ള ചെമ്മീന്‍ സംസ്കരണ, കയറ്റുമതി സ്ഥാപനങ്ങളില്‍ ഒന്നാണ് ഏഴുപുന്നയിലുള്ളത്. എഎഫ്ഡിസി മാനേജിംഗ് ഡയറക്ടര്‍ എബ്രഹാം ജെ. തരകനുമായും കേന്ദ്രമന്ത്രി ചര്‍ച്ച നടത്തി. ചെമ്മീന്‍ സംസ്കരണ സംവിധാനങ്ങളുടെയും കയറ്റുമതിക്കാവശ്യമായ കോള്‍ഡ് സ്റ്റോറേജ്, ഡ്രൈയിംഗ് സംവിധാനങ്ങളുടെയും പ്രവര്‍ത്തനങ്ങളും അദ്ദേഹം വീക്ഷിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: