ഹോംങ്കോങ്: ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവ് ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതിപ്പെട്ട ചൈനയിലെ ടെന്നീസ് താരത്തെ കാണാതായ വിവാദം കൂടുതല്‍ ശക്തമാകുന്നു. ടെന്നീസ് താരം പെങ് ഷുവായാണ് അപ്രത്യക്ഷമായത്. എന്നാല്‍, ഇപ്പോഴിത ഔദ്യോഗികമായി പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് പെങ് ഷുവായ്.
ബെയ്ജിങ്ങില്‍ നടന്ന ഒരു ടൂര്‍ണമെന്റില്‍ പെങ് അതിഥിയായി പങ്കെടുക്കുന്ന ദൃശ്യം സര്‍ക്കാര്‍ മാധ്യമമായ ഗ്ലോബല്‍ ടൈംസ് പുറത്തുവിട്ടിരിക്കുന്നു. കുട്ടികളുടെ ടെന്നിസ് മത്സരം നടക്കുമ്പോള്‍ സംഘാടകര്‍ക്കൊപ്പം സ്പോര്‍ട്സ് ജാക്കറ്റ് ധരിച്ച് പെങ് നില്‍ക്കുന്നതാണ് ട്വിറ്ററില്‍ വന്ന ദൃശ്യത്തിലുള്ളത്. പക്ഷേ ഈ വിഡിയോ ദൃശ്യത്തിന്റെ ആധികാരികത ഉറപ്പുവരുത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഈ ദൃശ്യത്തില്‍ മതിയായ തെളിവില്ലെന്ന് ഇന്റര്‍നാഷനല്‍ ടെന്നീസ് അസോസിയേഷന് ചെയര്മാന് സ്റ്റീവ് സൈമണും പറഞ്ഞു. ശനിയാഴ്ചയും പെങ്ങിന്റെ രണ്ടു വിഡിയോകള്‍ പുറത്ത് വന്നിരുന്നു. കുട്ടികള്‍ക്ക് ഓട്ടോഗ്രാഫ് നല്‍കുന്നതും ഒരു റെസ്റ്റോററ്റില്‍ ഇരിക്കുന്നതുമായിരുന്നു അവയുടെ ഉള്ളടക്കം.
കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായ ജാങ് ഗൗലീക്ക് എതിരെയാണ് പെങ് ആരോപണം ഉന്നയിച്ചത്. അതിനു ശേഷം പെങ്ങിനെ ആരും കണ്ടിരുന്നില്ല. പെങ് വിമ്പിള്‍ഡന്‍, ഫ്രഞ്ച് ഓപ്പണ്‍ ഡബിള്‍സ് വിജയിയും 3 തവണ ഒളിംപിക് ചാംപ്യനുമാണ്. താരങ്ങളായ സെറീന വില്യംസും നവോമി ഒസാകയും വനിതാ ടെന്നിസ് അസോസിയേഷനും അടക്കമുള്ളവര്‍ രംഗത്തുവന്നതോടെ വിവാദം രാജ്യാന്തരതലത്തിലെത്തിയത്. പെങ് ഷൂയി അപ്രത്യക്ഷമായതോടെ ടെന്നീസ് ടൂര്‍ണ്ണമെന്റുകള്‍ ചൈനയില്‍ നിന്നും പിന്‍വലിക്കുമെന്ന് വിമന്‍സ് ടെന്നീസ് അസോസിയേഷന് പറയുന്നു. എന്നാല്‍ തികച്ചും കമ്മ്യൂണിസ്റ്റ് ശൈലിയില്‍ ഇക്കാര്യത്തെക്കുറിച്ച് അറിയില്ലെന്ന് പറഞ്ഞ് കൈമലര്‍ത്തുകയാണ് ചൈനീസ് അധികൃതര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: