ഗുരുവായൂര്: ഗുരുവായൂര് ക്ഷേത്രത്തില് ഭഗവാന് കാണിക്കയായി താളിയോലയില് എഴുതിയ കൃഷ്ണഗാഥയും മഹാഭാരതവും. പഴയ മലയാള ലിപിയില് എഴുതിയ ഈ രണ്ടു ഗ്രന്ഥങ്ങളും ഗുരുവായൂരപ്പന് വഴിപാടായി സമര്പ്പിച്ചത് ഹൈദ്രാബാദ് സ്വദേശി ഹര്ഷവിജയും ഭാര്യ ലക്ഷ്മി സരസ്വതിയുമാണ്.
ഇന്നലെ ഉച്ചയോടെയാണ് ഗുരുവായൂരപ്പന്റെ നടയില് ഇവര് ഈ അമൂല്യഗ്രന്ഥങ്ങള് സമര്പ്പിച്ചത്. നാലര ഇഞ്ച് കനവും ഒന്നേകാല് അടി നീളവും ഉള്ളതാണ് ഗ്രന്ഥങ്ങള്. അമൂല്യങ്ങളായ ഈ താളിയോല ഗ്രന്ഥങ്ങള് കഴിഞ്ഞ വര്ഷം ഒരു പുരാവസ്തു വില്പ്പനക്കാരനില് നിന്ന് വാങ്ങിയതാണെന്ന് ഹര്ഷവിജയ് പറഞ്ഞു. ശുദ്ധമായ മലയാള ഭാഷയുടെ സൗന്ദര്യവും ആഴവും വിളിച്ചോതുന്ന കൃഷ്ണഗാഥയുടെ 1828ല് എഴുതപ്പെട്ട പകര്പ്പാണിതെന്ന് കരുതപ്പെടുന്നു. മഹാഭാരതം പകര്പ്പ് 1889 ല് എഴുതിയതാണെന്നാണ് സൂചന.
കളമെഴുത്തു കലാകാരനായ മണികണ്ഠന് കല്ലാറ്റ് കഴിഞ്ഞിടെ കളമെഴുത്തു പാട്ടുമായി ഹൈദ്രാബാദില് ഹര്ഷവിജയിയുടെ വീട്ടിലെത്തി ഈ ഗ്രന്ഥങ്ങള് വാങ്ങിയ കാര്യം മനസിലാക്കിയിരുന്നു. തുടര്ന്ന് മണികണ്ഠന് മുഖേന ഈ ഗ്രന്ഥങ്ങള് ഗുരുവായൂരപ്പന് സമര്പ്പിക്കണമെന്ന ആഗ്രഹം ഹര്ഷ വിജയ് ഗുരുവായൂര് ദേവസ്വം ചെയര്മാനുമായി പങ്കുവെച്ചു. ഇപ്രകാരമാണ് ഹര്ഷ വിജയ് കുടുംബസമേതം ഗുരുവായൂരില് എത്തി ഗ്രന്ഥങ്ങള് ഭഗവാന് സമര്പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: