ഖത്തറിലെ ഫിഫ ലോകകപ്പിന് പന്തുരുളാന്‍ ഇനി കഷ്ടിച്ച് ഒരു വര്‍ഷം. കൃത്യമായി പറഞ്ഞാല്‍ 364 ദിവസം. അതായത് അടുത്ത വര്‍ഷം നവംബര്‍ 21 ന് ലോകകപ്പിന് തിരശീല ഉയരും. ലോകകപ്പിനുള്ള തയ്യാറെടുപ്പുകള്‍ തകൃതിയായി നടന്നുവരികയാണ്.
ഖത്തറിലെ എട്ട് വേദികളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. എട്ട് വേദികളുടെയും നിര്‍മ്മാണം പൂര്‍ത്തിയായി. ഏഴാമത്തെ വേദിയായ സ്റ്റേഡിയം 974 ന്റെ ഉദ്ഘാടനം ഇന്നലെ നടന്നു. ഇനി ഒരു സ്റ്റേഡിയം കൂടി ഉദ്ഘാടനം ചെയ്യാനുണ്ട്. നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെ നടക്കുന്ന ലോകകപ്പില്‍ മുപ്പത്തിരണ്ട് ടീമുകള്‍ മാറ്റുരയ്ക്കും. പതിമൂന്ന്് ടീമുകള്‍ ഇതിനകം യോഗ്യത നേടിക്കഴിഞ്ഞു.
യൂറോപ്പില്‍ നിന്ന് നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സ് അടക്കം പത്ത് ടീമുകള്‍ ഖത്തര്‍ ലോകകപ്പിന് ടിക്കറ്റ് എടുത്തുകഴിഞ്ഞു. ദക്ഷിണ അമേരിക്കന്‍ ശക്തികളായ ബ്രസീലും അര്‍ജന്റീനയും യോഗ്യത നേടിയിട്ടുണ്ട്.
എന്നാല്‍ യൂറോപ്പിലെ വമ്പന്മാരായ ഇറ്റലിക്കും പോര്‍ച്ചുഗലിനും ഇതുവരെ ടിക്കറ്റ് ഉറപ്പായിട്ടില്ല. യൂറോപ്യന്‍ യോഗ്യതാ ഗ്രൂപ്പ് മത്സരങ്ങളില്‍ പിന്നാക്കം പോയ ഇറ്റലിക്കും പോര്‍ച്ചുഗലിനും ലോകകപ്പിന് യോഗ്യത നേടാന്‍ ഇനി പ്ലേ ഓഫ് കളിക്കണം. യൂറോപ്പില്‍ നിന്ന് ഫ്രാന്‍സിന് പുറമെ ഇംഗ്ലണ്ട്, ജര്‍മ്മനി, സ്പെയിന് ,ക്രൊയേഷ്യ, ഡെന്മാര്ക്ക്, സെര്‍ബിയ, സ്വിറ്റ്സര്‍ലന്‍ഡ്, ബെല്‍ജിയം , നെതര്‍ലന്‍ഡ്സ് ടീമുകളും യോഗ്യത നേടിയിട്ടുണ്ട്.
ജര്‍മ്മനിയാണ് ലോകകപ്പിന് യോഗ്യത നേടിയ ആദ്യ ടീം. യോഗ്യതാ റൗണ്ടിലെ പത്ത് മത്സരങ്ങളില്‍ ഒമ്പതിലും വിജയം നേടിയാണ് ജര്‍മ്മനി യോഗ്യത നേടിയത്.
ഏഷ്യയില്‍ നിന്ന് ഇറാന്, സൗദി അറേബ്യ, ദക്ഷിണ കൊറിയ എന്നീ ടീമുകള്‍ യോഗ്യത നേടുമെന്നുറപ്പായി. ഏഷ്യയില്‍ നിന്നുള്ള നാലാമത്തെ ടീമായി യോഗ്യത നേടാന്‍ ഓസ്ട്രേലിയയയും ജപ്പാനും തമ്മിലാണ് മത്സരം. നോര്‍ത്ത് അമേരിക്കയില്‍ നിന്ന് കാനഡ യോഗ്യത നേടിയേക്കും.
ആഫ്രിക്കയില്‍ നിന്ന് ഇതുവരെ ഒരുടീമും ലോകകപ്പില്‍ സ്ഥാനമുറപ്പാക്കിട്ടില്ല. കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തില്‍ യോഗ്യതാ മത്സരങ്ങള്‍ തടസ്സപ്പെട്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: