ശബരിമല: വ്രതശുദ്ധിയോടെ കഠിന വ്രതമെടുത്ത് അയ്യനെ കാണാന്‍ എത്തുന്ന അയ്യപ്പന്മാര്ക്ക് ഇത്തവണത്തെ യാത്ര ഏറെ ക്ലേശകരം. കൊവിഡിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളാണ് കാരണം. ഭക്തര്‍ക്ക് സുഖദര്‍ശനത്തിന് ദേവസ്വംബോര്‍ഡ് അവസരം ഒരുക്കിയിട്ടില്ലെങ്കിലും എന്തുത്യാഗവും സഹിക്കാനും തയ്യാറായാണ് ഓരോഭക്തനും മലചവിട്ടുന്നത്.
ഒരുക്കങ്ങളിലെ പോരായ്മകളും വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്മയും നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ കാണാം. സുഖമായ തീര്‍ത്ഥാടനത്തിന് 20 ഓളം യോഗങ്ങള്‍ വിവിധ മന്ത്രിമാര്‍ പങ്കെടുത്ത് നടത്തിയെങ്കിലും എല്ലാം പാളിയതായി ഇതിനോടകം തന്നെ വ്യക്തമായി. യോഗങ്ങളില്‍ തീരുമാനങ്ങള്‍ എടുക്കുന്നതല്ലാതെ നടത്തുന്നില്ല.
അടിമുടി മാറിയ തീര്‍ത്ഥാടനം
കൊവിഡ് അടിമുടി മാറ്റിമറിച്ച കാലത്തെ തീര്‍ഥാടനമാണ് ഇപ്പോള്‍ നടക്കുന്നത്. വെര്‍ച്വല്‍ ക്യൂ, നിലയ്ക്കലിലെ സ്പോട്ട് ബുക്കിങ്, കാലം തെറ്റിയെത്തിയ പെരുമഴ, മാസ്ക് ധരിച്ചുള്ള മലകയറ്റം. എല്ലാ പ്രതിസന്ധികളെയും ശരണമന്ത്രം കൊണ്ട് മറികടക്കാമെന്ന് ഉറച്ച് ധര്‍മശാസ്താവിനെ ഉള്ളിലേറ്റുവാങ്ങാന് മനസ്സും ശരീരവും പാകപ്പെടുത്തിയാണ് ഓരോ അയ്യപ്പനും മലചവിട്ടുന്നത്.
സൗകര്യങ്ങളില്ലാതെ നിലയ്ക്കല്‍
തീര്‍ത്ഥാടനത്തിന്റെ പ്രധാന കേന്ദ്രമായ നിലയ്ക്കലില്‍ യാതൊരു അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടില്ല. തീര്‍ത്ഥാടനം തുടങ്ങി ഇന്ന് ഒരാഴ്ച പിന്നിടുമ്പോള്‍ ഭക്തര്‍ക്ക് വേണ്ട വാഹന സൗകര്യങ്ങള്‍ നന്നേ കുറവാണ്. വലിയ വാഹനങ്ങളില്‍ വരുന്നവര്‍ വാഹനം ഇവിടെ പാര്‍ക്ക് ചെയ്ത് കെഎസ്ആര്‍ടിസി ബസ്സില്‍ വേണം പമ്പയിലേയ്ക്ക് പോകാന്‍. ഒരു ബസ്സിനുള്ള അയ്യപ്പന്മാര് ആകുമ്പോഴാണ് ബസ്സ് ഇവിടെ നിന്നും പുറപ്പെടുന്നത്. ഇത് ചിലപ്പോള്‍ ഒരു മണിക്കൂര്‍ വരെയാകാം. പമ്പയില്‍ നിന്നും തിരിച്ച് പത്തനംതിട്ട, ചെങ്ങന്നൂര്‍ ഭാഗങ്ങളിലേയ്ക്ക് ബസ്സ് സര്‍വ്വീസ് ഉണ്ടെങ്കിലും തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളിലേയ്ക്കുള്ള സര്‍വ്വീസ് ഇപ്പോള്‍ ചുരുക്കമാണ്. മണിക്കൂറുകളോളം നിലയ്ക്കലില്‍ അയ്യപ്പന്മാര് കാത്തുനില്‍ക്കേണ്ട അവസ്ഥയാണ് നിലവില്‍ പമ്പയിലും നിലയ്ക്കലിലും കാണുന്നത്. ഇവിടെ ആവശ്യത്തിന് ടോയ്ലറ്റ് സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടില്ല. എട്ട് ബ്ലോക്കുകളിലായി 400ല്‍ പരം ശൗചാലയങ്ങള്‍ നിലയ്ക്കലില്‍ ഉണ്ട്. അവയില്‍ ഒരു ബ്ലോക്ക് മാത്രമാണ് ഇതുവരെ തുറന്ന് കൊടുത്തിട്ടുള്ളത്. വിരിവെയ്ക്കാനുള്ള അനുമതി ഇല്ലാത്തതിനാല്‍ ഇടയ്ക്കിടെ പെയ്യുന്ന മഴയും ഭക്തരെ വലയ്ക്കുന്നുണ്ട്. നിരവധി ഹോട്ടലുകളും ഉണ്ടായിരുന്ന സ്ഥാനത്ത് ഒരു ഹോട്ടല്‍ മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.
സ്നാനമില്ലാതെ പമ്പ
അടിയ്ക്കടി ഉണ്ടാകുന്ന ന്യൂനമര്‍ദ്ദങ്ങളുടെ പശ്ചാത്തലത്തില്‍ പമ്പ സമ്യദ്ധമായാണ് ഒഴുകുന്നത്. എന്നാല്‍ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ പമ്പാ സ്നാനത്തിനും വിലക്കുണ്ട്. ശബരിമല തീര്‍ത്ഥാടനത്തില്‍ വളരെ പ്രധാനപ്പെട്ട ചടങ്ങാണ് പമ്പാ സ്നാനം. കന്നി അയ്യപ്പന്മാര്ക്കു പോലും പമ്പാ സ്നാനത്തിന് ഇത്തവണ അനുമതിയില്ല.
ശരണമന്ത്രങ്ങള്‍ ഇല്ലാതെ കാനനപാത
എല്ലാവര്‍ഷവും അയ്യപ്പമന്ത്രങ്ങളാല്‍ മുഖിരിതമാകുന്ന കാനനപാതയില്‍ കൂടി ഇത്തവണ ഭക്തരെ പ്രവേശിപ്പിക്കുന്നില്ല. ഇതുവരെ ഭക്തരെ പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനം ആകുമെന്ന് ദേവസ്വം മന്ത്രി പറഞ്ഞെങ്കിലും ഇന്നലെവരെയും തീരുമാനമായിട്ടില്ല. കാടുപിടിച്ചുകിടക്കുന്ന കാനനപാത ഇന്നലെ മുതല്‍ വെട്ടിതെളിച്ച് തുടങ്ങിയിട്ടുണ്ട്.
പമ്പയില്‍ നിന്നും നീലിമലയും അപ്പാച്ചിമേടും കടന്ന് ശബരി പീഠത്തില്‍ എത്തിയ ശേഷം ശബരി മാതാവിനെ വണങ്ങിയാണ് അയ്യപ്പന്മാര് മലചവിട്ടി ശബരിമലയില്‍ എത്തിയിരുന്നത്. അപ്പാച്ചിമേട്ടില്‍ അരി ഉണ്ട എറിഞ്ഞു ഭൂത ഗണങ്ങള്‍ക്കും പൂങ്കാവനത്തിലെ ജന്തു ജീവജാലങ്ങള്‍ക്കും അന്നം നല്‍കുന്നത് ഒരു വഴിപാടാണ്. പരമ്പരാഗത പാതയിലൂടെയുള്ള യാത്ര നിരോധിച്ചതിനാല്‍ ഈ ചടങ്ങുകളും അനുഷ്ഠാനവും നടത്താന്‍ ഇത്തവണ അയ്യപ്പന്മാര്ക്ക് കഴിയുന്നില്ല. സ്വാമി അയ്യപ്പന് പാത വഴിയാണ് ഇത്തവണത്തെ അയ്യപ്പന്മാരുടെ യാത്ര.
തുറക്കാത്ത ശുചിമുറികള്‍
സന്നിധാനത്ത് ഇപ്പോള്‍ ഏറ്റവും വലിയ പ്രശ്നം ശുചിമുറികളുടെ കാര്യത്തിലാണ്. ഇത്തവണ ശുചിമുറികള്‍ ലേലത്തില്‍ പിടിക്കാന്‍ ആരും തയാറായില്ല. അതിനാല്‍ പൂട്ടിയിട്ടിരിക്കുകയാണ്. പ്രാഥമികാവശ്യത്തിനായി അയ്യപ്പന്മാര് നെട്ടോട്ടം ഓടുകയാണ്. വിഷയം ദേവസ്വം മന്ത്രി, പുതിയ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്നിവരുടെ ശ്രദ്ധയില്‍ കൊണ്ടുവന്നപ്പോള്‍ മാളികപ്പുറത്തെ ഒരു ബ്ലോക്ക് ശുചിമുറി തുറന്നു കൊടുത്തു.
സന്നിധാനത്ത് പലയിടത്തായി 700 ശുചിമുറികള്‍ ഉണ്ട്. അതില്‍ ഒരിടത്തേത് മാത്രമാണ് തുറന്നു കൊടുത്തത്. 10000 പേര് വരെ ഇന്നലെ ദര്‍ശനത്തിന് എത്തി. നൂറില്‍ താഴെ ശുചിമുറിയാണ് തുറന്നത്. വലിയ നടപ്പന്തലിനു താഴെയുള്ള ശുചിമുറി തുറന്നെങ്കിലും ചെളി നിറഞ്ഞ് വൃത്തിഹീനമായ നിലയിലായിരുന്നു. പമ്പയില്‍ കെഎസ്ആര്‍ടിസിക്കും ത്രിവേണിക്കും മധ്യേ മൂന്നിടത്ത് ഇ -ടോയ്ലറ്റ് സ്ഥാപിച്ചിട്ടുണ്ട്. പലതിന്റെയും പൈപ്പ് കണക്ഷന് ശരിയാക്കിയിട്ടില്ല.
വിശ്രമത്തിന് സൗകര്യമില്ല
മല കയറുമ്പോള്‍ നടന്നു ക്ഷീണിക്കുന്നവര്‍ക്ക് ഇരുന്നു വിശ്രമിക്കാനുള്ള സൗകര്യങ്ങള്‍ ഒന്നും തന്നെയില്ല. കൊവിഡ് വന്നവര്‍ മല കയറുമ്പോള്‍ ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇടയ്ക്കിടെ വിശ്രമിച്ച് മല കയറണമെന്ന് ഡോക്ടര്‍മാര്‍ നല്കുന്ന നിര്‍ദേശം. വിശ്രമിക്കാന്‍ മൂന്ന് സ്ഥലത്തായി 9 ബെഞ്ച് ഉണ്ട്. ബെഞ്ചിലും പരിസരത്തും കരിയില വീണ് അഴുകിക്കിടക്കുകയാണ്. പത്താം വളവിനും ചരല്‍മേടിനും ഇടയിലായി ഇരുന്നു വിശ്രമിക്കാന്‍ കഴിയുന്ന കോണ്‍ക്രീറ്റ് സ്ലാബിന്റെ അവസ്ഥയും ഇതുതന്നെ.
പായലും തെന്നലും
സന്നിധാനത്ത് മിക്കവാറും സ്ഥലം കോണ്‍ക്രീറ്റ് ചെയ്തതാണ്. മഴ പെയ്ത് പായല്‍ പിടിച്ച് കിടക്കുന്നതിനാല്‍ അയ്യപ്പന്മാര് തെന്നി വീഴുന്നുണ്ട്. വടക്കേ നടയില്‍ ഗ്രാനൈറ്റ് ഇട്ട തറയാണ്. ഇവിടെയും തെന്നലാണ്. ബ്ലീച്ചിങ് പൗഡര്‍ ഇട്ട് കഴുകിയാല്‍ അപകടാവസ്ഥ ഒഴിവാകും. ദേവസ്വം മന്ത്രിയുടെ യോഗത്തിലും ഇതേ വിഷയം വന്നതാണ്. നടപടി ഉണ്ടായിട്ടില്ല. വലിയ നടപ്പന്തലില്‍ കരിങ്കല്ല് പാകി പുതിയ ബാരിക്കേഡ് സ്ഥാപിച്ച സ്ഥലത്ത് സിമന്റ് പൊടിയാണ്.
ഹോട്ടല്‍ ഒന്നു മാത്രം
സന്നിധാനത്ത് ഇത്തവണ ഒരു ഹോട്ടല്‍ മാത്രമാണുള്ളത്. അതുകൊണ്ട് തന്നെ മലകയറി വരുന്ന ഭക്തര്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. ദേവസ്വം ബോര്‍ഡ് നല്കുന്ന ഭക്ഷണമാണ് ഇവര്‍ക്ക് ഇപ്പോള്‍ ആശ്രയം. സ്വാമി അയ്യപ്പന് റോഡില്‍ പോലും രണ്ട് കടകളാണുള്ളത്. പമ്പയില്‍ ഉള്ളതാകട്ടെ രണ്ട് ഹോട്ടലും. സന്നിധാനത്തും പമ്പയിലും ബോര്‍ഡിന്റെ അന്നദാനം മാത്രമാണ് ആശ്വാസം.
വിരിവയ്പ്പില്ല, തൊഴുതു മടങ്ങുന്നു
ഇത്തവണ സന്നിധാനത്തും പമ്പയിലും വിരിവയ്ക്കാന്‍ അനുമതി നല്കാത്തതിനാല് ഭക്തര്‍ മലകയറി അയ്യനെ തൊഴുത് ഉടന്‍ തിരിച്ച് മടങ്ങുകയാണ്. ഇത് വയോധികര്‍ക്ക് അടക്കം ബുദ്ധിമുട്ട് സ്യഷ്ടിക്കുന്നുണ്ട്. വെളുപ്പിന് മലകയറുന്ന ഭക്തര്‍ ഉച്ചയോടെ മടങ്ങണം. ഉച്ചയ്ക്ക് കയറുന്നവര്‍ രാത്രിയോടെയും മലയിറങ്ങുന്നുണ്ട്.
എത്ര കഷ്ടപ്പെട്ടും അയ്യനെ കാണണമെന്ന ദ്യഢ നിശ്ചയമെടുത്തുവരുന്ന ഭക്തര്‍ക്ക് സര്‍ക്കാര്‍ സുഖമമായ സൗകര്യങ്ങള്‍ ഒരിക്കിയില്ലെങ്കിലും അയ്യന് തുണയ്ക്കുമെന്നാണ് ഭക്തര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: