പ്രൊഫ. ഡി. അരവിന്ദാക്ഷന്
കിഫ്ബിയെക്കുറിച്ചുള്ള കേരള മുഖ്യമന്ത്രിയുടെ പ്രസ്താവന ഭരണഘടനാ ലംഘനവും സത്യപ്രതിജ്ഞാ ലംഘനവുമാണ്. കിഫ്ബിയെ സംബന്ധിച്ച് സിഎജിയുടെ ഓഡിറ്റ് റിപ്പോര്‍ട്ട് നിയമസഭയില്‍ സമര്‍പ്പിച്ചിരുന്നു. കിഫ്ബി ബഡ്ജറ്റിനു പുറത്ത് പണം കടമെടുക്കുന്നത് ഗുരുതരമായ നിയമലംഘനമാണ് എന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ഇതിനെതിരെയാണ് മുഖ്യമന്ത്രി പ്രസ്താവന നടത്തിയത്. അദ്ദേഹം ആവശ്യപ്പെടുന്നത് ബഡ്ജറ്റിനു പുറത്ത് പണം കടമെടുക്കാന്‍ അനുവദിക്കണം എന്നാണ്.
ജനങ്ങളില്‍ നിന്നും നികുതിയായി പിരിക്കുന്ന പണം സര്‍ക്കാരുകളും ഉദ്യോഗസ്ഥന്മാരും വിനിയോഗിക്കുന്നത് നിയമപരമാണോയെന്നും ജനോപകാരപ്രദമാണോയെന്നും പരിശോധിക്കാനായി രൂപീകരിക്കപ്പെട്ട ഭരണഘടനാ സ്ഥാപനമാണ് സിഎജി. പ്രധാനമന്ത്രി സിഎജിയെപ്പറ്റി ഉദാത്തമായി സംസാരിച്ച ദിവസം തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ‘സാഡിസ്റ്റ്’ എന്ന പ്രയോഗവും ഉണ്ടായത്. കഴിഞ്ഞ വര്‍ഷവും മുഖ്യമന്ത്രി സിഎജിക്കെതിരെ കടന്നാക്രമണം നടത്തി. അതും കിഫ്ബിയെകുറിച്ച് നിയമസഭയില്‍ വെച്ച ഓഡിറ്റ് റിപ്പോര്‍ട്ടിന് എതിരായിട്ടാണ്.
കഴിഞ്ഞവര്‍ഷം നിയമസഭയില്‍ വെച്ച ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കിഫ്ബി കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ മസാലബോണ്ട് നല്‍കിയെന്നും ലാവലിനുമായി ബന്ധമുള്ള ധനകാര്യസ്ഥാപനത്തില്‍ നിന്നും 2150 കോടി രൂപ കടം വാങ്ങിയത് ഭരണഘടനയുടെ അനുച്ഛേദം 293(2) ന്റെ ലംഘനമാണെന്നും രാജ്യവിരുദ്ധ പ്രവര്‍ത്തനമാണെന്നും സിഎജി രേഖപ്പെടുത്തി. എന്നാല്‍ ഈ ഓഡിറ്റ് റിപ്പോര്‍ട്ട് നിയമപ്രകാരം പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പിഎസി)ക്ക് വിടുന്നതിനു പകരം നിയമസഭയിലെ ഭൂരിപക്ഷം ഉപയോഗിച്ച് കിഫ്ബിക്കെതിരെയുള്ള ഭാഗം നീക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. എന്നാല്‍ ഇങ്ങനെ നീക്കിയാല്‍ ഇല്ലാതാകുന്നതല്ല കിഫ്ബിയെ കുറിച്ചുള്ള ഓഡിറ്റ് റിപ്പോര്‍ട്ട്. സിഎജിക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കാനുള്ള അധികാരം ഭരണഘടനാകോടതികള്ക്കു മാത്രമാണ്. മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും ഓഡിറ്റ് റിപ്പോര്‍ട്ടിനെക്കുറിച്ച് ആക്ഷേപമുണ്ടെങ്കില്‍ അവര്‍ ഹൈക്കോടതിയേയും സുപ്രീംകോടതിയേയും സമീപിക്കണം. നാളിതുവരെ സര്‍ക്കാര്‍ സിഎജി റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഉന്നതാധികാര കോടതികളെ സമീപിച്ചിട്ടില്ല. പകരം മുഖ്യമന്ത്രി നിയമവിരുദ്ധ ആരോപണങ്ങള്‍ ഉന്നയിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ്.
വിദേശത്തു നിന്നും മസാലബോണ്ട് നല്കി 2150 കോടി രൂപ കിഫ്ബിക്കു വേണ്ടി കടം എടുക്കാന്‍ റിസര്‍വ് ബാങ്ക് ആക്സിസ് ബാങ്കിനു നല്കിയ എന്‍ഒസി നിയമപരമായി നിലനില്‍ക്കുന്നതല്ല എന്നും ഓഡിറ്റ് റിപ്പോര്‍ട്ടിലുണ്ട്. ഇതു സംബന്ധിച്ച് ഓഡിറ്റര്‍ രഞ്ജിത് കാര്ത്തികേയന് കേരള സര്‍ക്കാരിനെയും കിഫ്ബിയെയും എതിര്‍കക്ഷികളാക്കി ഹൈക്കോടതിയില്‍ നല്കിയ കേസ് നിലനില്‍ക്കുന്നുണ്ട്. ഇപ്പോള്‍ നിയമസഭയില്‍ വെച്ച ഓഡിറ്റ് റിപ്പോര്‍ട്ട് ഈ കേസില്‍ രേഖയായി പരിഗണിക്കപ്പെടാവുന്നതാണ്. നിയമസഭ റദ്ദ് ചെയ്ത ഓഡിറ്റ് റിപ്പോര്‍ട്ട് വീണ്ടും സിഎജി ആവര്‍ത്തിക്കുന്നത് ശരിയാണോ എന്നാണ് ധനമന്ത്രിയുടെ സംശയം. ഭൂരിപക്ഷം ഉപയാഗിച്ച് നിയമസഭ റദ്ദ് ചെയ്താല്‍ ഇല്ലാതാകുന്നതല്ല സിഎജിയുടെ ഓഡിറ്റ് റിപ്പോര്‍ട്ട് എന്നാണ് ഭരണഘടനാ വിദഗ്ധരുടെ അഭിപ്രായം. ഈ കാര്യത്തില്‍ അവസാന തീര്‍പ്പ് സുപ്രീംകോടതിയുടേതാണ്.
ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത് പ്രത്യേക ഓഡിറ്റില്‍ ഉന്നയിക്കപ്പെട്ട 72 ചോദ്യങ്ങളാണ്. രേഖാമൂലം ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്കാന് സര്‍ക്കാരും കിഫ്ബിയും ബാധ്യസ്ഥരാണ്. ഇത് ഒഴിവാക്കാനാണ് നേരത്തെ സര്‍ക്കാര്‍ കിഫ്ബിയില്‍ സിഎജി. ഓഡിറ്റ് വേണ്ട എന്ന ആവശ്യം ഉന്നയിച്ചത്.
കേരള നിയമസഭയില്‍ പാസാക്കിയ നിയമം മൂലം 1999-ല്‍ രൂപീകരിക്കപ്പെട്ട, അടിസ്ഥാന മേഖലാ വികസനത്തിനുവേണ്ടിയുള്ള ധനകാര്യ സ്ഥാപനമാണ് കിഫ്ബി. ഇത് കോര്‍പ്പറേറ്റ് ബോഡിയല്ല. ബോഡി കോര്പ്പറേറ്റുമല്ല. കിഫ്ബി ബോഡി കോര്പ്പറേറ്റാണെന്നാണ് അവകാശവാദം. കോര്‍പ്പറേറ്റ് ബോഡി ആകണമെങ്കില്‍ കമ്പനി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യണം. അല്ലെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക വിജ്ഞാപനം വേണം. കേന്ദ്രസര്‍ക്കാര്‍ അത്തരത്തിലൊരു വിജ്ഞാപനം നടത്തിയിട്ടില്ല. അതിനാല്‍ കോര്‍പ്പറേറ്റ് ബോഡി എന്ന നിലയില്‍ വിദേശ സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ കിഫ്ബി ലിസ്റ്റ് ചെയ്യാന്‍ പാടില്ല. ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ കിഫ്ബിയുടെ മസാല ബോണ്ട് ലിസ്റ്റ് ചെയ്ത മുഖ്യമന്ത്രിയുടെ നടപടി നിയമപരമായി ശരിയാണോ എന്ന് പരിശോധിക്കണം.
പ്രത്യേക ഓഡിറ്റിന്റെ ഭാഗമായി ഇപ്പോള്‍ സിഎജി ഉന്നയിച്ച 72 ചോദ്യങ്ങള്‍ക്കും മറുപടി നല്കി എന്നാണ് കിഫ്ബി മേധാവി ഡോ.കെ.എം. എബ്രഹാം അവകാശപ്പെടുന്നത്. ഈ ചോദ്യങ്ങള്‍ നിയമ ലംഘനങ്ങളെ കുറിച്ചും അഴിമതികളെ കുറിച്ചുമാണ്. ഇവയ്ക്ക് തൃപ്തികരമായ ഉത്തരം നല്കാന് സര്‍ക്കാരിനും കിഫ്ബിക്കും കഴിയില്ല. ചോദ്യങ്ങള്‍ക്ക് ഉത്തരമായി എബ്രഹാം പറയുന്നത് സര്‍ക്കാര്‍ അംഗീകരിച്ചു നടപ്പാക്കി എന്നതാണ്. നിയമലംഘനങ്ങളും അഴിമതികളും സര്‍ക്കാര്‍ അംഗീകരിച്ചാല്‍, അത് അംഗീകരിക്കുന്ന ഉദ്യോഗസ്ഥരും മന്ത്രിയും, മുഖ്യമന്ത്രിയും കൂട്ടുപ്രതികളാകും എന്ന് അറിയാത്ത ആളല്ല ഡോ.എബ്രഹാം. മുന്‍ ധന സെക്രട്ടറിയും, ചീഫ് സെക്രട്ടറിയുമായ അദ്ദേഹം ഐഐടിയില്‍ നിന്ന് എംടെക് ബിരുദം നേടിയ ആളാണ്.
എഴുപതിനായിരം കോടിയിലധികം രൂപയുടെ പദ്ധതികള്‍ നടപ്പാക്കാന്‍ കേരള സര്‍ക്കാര്‍ കിഫ്ബിയെ ചുമതലപ്പെടുത്തിയിട്ടുണ്ട് എന്നും, അതില്‍ 60000 കോടിയുടെ പദ്ധതികള്‍ അംഗീകരിച്ചു എന്നുമാണ് കിഫ്ബി പറയുന്നത്. ഇത് സിഎജി ഉന്നയിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടിയല്ല. കിഫ്ബിയുടെ വരുമാന സ്രോതസ്സുകള്‍, റോഡ് നികുതിയുടെ പകുതിയും പെട്രോളിന് ഏര്‍പ്പെടുത്തിയ സെസ്സുമാണ്. ഇപ്രകാരം 5032 കോടി രൂപ കേരള സര്‍ക്കാര്‍ 2019-20 ല്‍ കിഫ്ബിക്ക് നല്കി. ഇത് ജനങ്ങള്‍ അടയ്ക്കുന്ന നികുതിപ്പണമാണ്. പെട്രോളിന് വില കൂടിയത് സെസ്സ് ഏര്‍പ്പെടുത്തിയതുകൊണ്ടാണ്. ഇങ്ങനെ ജനങ്ങളില്‍ നിന്നു പിരിക്കുന്ന തുകയുടെ വിനിയോഗം അന്വേഷിക്കാന്‍ സിഎജിക്ക് ഭരണഘടനാപരമായ ബാധ്യതയുണ്ട്. ഇത് ജനങ്ങളുടെ അവകാശമാണ്. 2019-20ല്‍ 5568 കോടിയുടെ പദ്ധതികള്‍ നടപ്പാക്കാന്‍ അത്രയും പണം സര്‍ക്കാരില്‍ നിന്ന് ലഭിച്ചപ്പോള്‍ എന്തിനാണ് 5000 കോടി കടം എടുത്തതെന്ന് കിഫ്ബി വിശദീകരിക്കേണ്ടി വരും. ഇങ്ങനെ കടംവാങ്ങിയ പണം ബാങ്കില്‍ നിക്ഷേപിച്ചപ്പോള്‍ പലിശ വാങ്ങാതിരുന്നതെന്തു കൊണ്ട് എന്നാണ് സിഎജി ഉന്നയിച്ച ഒരു ചോദ്യം.
2021-22-ലെ ബഡ്ജറ്റിനൊപ്പം പാര്‍ലമെന്റ് അംഗീകരിച്ച 15-ാം ധനകാര്യ കമ്മീഷന്റെ ശുപാര്‍ശകള്‍ മുഖ്യമന്ത്രിയും ധനമന്ത്രിയും അറിഞ്ഞിരിക്കേണ്ടതാണ്. സംസ്ഥാനങ്ങള്‍ ബഡ്ജറ്റിനു പുറത്ത് കടം വാങ്ങാന്‍ പാടില്ല എന്ന് പാര്‍ലമെന്റ് അംഗീകരിച്ച 15-ാം ധനകാര്യ കമ്മീഷന്റെ ശുപാര്‍ശകളില്‍ വ്യക്തമാണ്. ഈ നിയമം കേരളത്തിനും ബാധകമാണ്. അതിനാല്‍ ബഡ്ജറ്റിനു പുറത്ത് കടം എടുക്കണം എന്ന മുഖ്യമന്ത്രിയുടെ ആവശ്യം നിയമവിരുദ്ധവും ഭരണഘടനാ ലംഘനവുമാണ്. കോര്‍പ്പറേറ്റ് ബോഡികള്‍ക്ക് അഥവാ കമ്പനികള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെയും റിസര്‍വ് ബാങ്കിന്റെയും അനുമതിയോടെ പുറംരാജ്യങ്ങളില്‍ നിന്നും വായ്പ എടുക്കാം. നിയമപ്രകാരം കേരള സര്‍ക്കാരിന്റെ കമ്പനികളുടെ പ്രവര്‍ത്തനങ്ങള്‍ സിഎജി പരിശോധിക്കും. ഇത്തരം സ്ഥാപനങ്ങള്‍ വായ്പ എടുക്കുമ്പോള്‍ സര്‍ക്കാര്‍ ജാമ്യം (ഗ്യാരന്റി) നല്കുന്നതുകൊണ്ട് വായ്പകളെ കുറിച്ചും പരിശോധിക്കും.
കേന്ദ്രസര്‍ക്കാരിന്റെ അനുമതി ഇല്ലാത്ത കെ-റെയില്‍ പദ്ധതിക്ക് വിദേശത്തുനിന്നും കടം എടുക്കാന്‍ കേരള സര്‍ക്കാരിന് അധികാരമില്ല. കെ-റെയില്‍ പദ്ധതി അപ്രായോഗികവും ലാഭകരമല്ലാത്തതിനാലും കേരളത്തിന്റെ കടം പരിധി കഴിഞ്ഞതു കൊണ്ടും 34,000 കോടി കടം എടുക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെയും റിസര്‍വ്വ് ബാങ്കിന്റെയും അനുമതി ലഭിക്കാന്‍ സാധ്യതയില്ല. കെ-റെയില്‍ പദ്ധതി കൂടി മനസ്സില്‍ വെച്ചുകൊണ്ടാണ് മുഖ്യമന്ത്രി സിഎജി ക്കെതിരെ കടന്നാക്രമണം നടത്തിയത്.
കേന്ദ്രവും ‘അന്വിറ്റി’ മാതൃകയില്‍ പണം കടം എടുക്കുന്നതായി കെ.എം. എബ്രഹാം പറഞ്ഞത് ഭരണഘടനയെകുറിച്ചുള്ള അജ്ഞതയാണ്. ഭാരതം പരമാധികാര സ്വതന്ത്രറിപ്പബ്ലിക് ആണ്. അതിലെ ഒരു സംസ്ഥാനം മാത്രമാണ് കേരളം. കിഫ്ബിക്കെതിരെ ഇപ്പോള്‍ തന്നെ ആദായനികുതിവകുപ്പും ഇഡിയും അന്വേഷണം നടത്തുന്നതായി വാര്‍ത്ത വന്നു. അതിനാല്‍ കിഫ്ബിയിലെ നിയമലംഘനങ്ങളും അഴിമതികളും പുറത്തുകൊണ്ടുവരുന്നതിന് വിജിലന്‍സല്ല, സിബിഐ അന്വേഷണമാണ് വേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: