റായ്പൂർ : നിർബന്ധിത മതപരിവർത്തനത്തിന് ഇരയായവരെ വീണ്ടും ഹിന്ദു മതത്തിലേക്ക് തിരികെ പ്രവേശിപ്പിക്കുന്ന ഘര്‍ വാപസി ചടങ്ങിന് ഛത്തീസ്ഗഡിലെ റായ്പൂരിലെ ജഷ്പൂര്‍ സാക്ഷ്യം വഹിച്ചു. 300 ഓളം കുടുംബങ്ങളിലെ 1200 ഓളം പേരാണ് ഘര്‍ വാപസി ചടങ്ങിലൂടെ ഹിന്ദുമതത്തിലേക്ക് മടങ്ങിയെത്തിയത്.
ഹിന്ദുമതത്തിലേക്ക് തിരിച്ചെത്തിയ ഇവരെ ബിജെപി നേതാവ് പ്രഭൽ പ്രതാപ് സിംഗ് ജുദേവ് സ്വാഗതം ചെയ്തു. പതര്‍ഗാവിലെ ഖുണ്ഡപാനി ഗ്രാമത്തില്‍ നടന്ന ഘര്‍ വാപസി പരിപാടിയിലാണ് ആളുകൾ വീണ്ടും ഹിന്ദു മതം സ്വീകരിച്ചത്. മുതിർന്ന പുരോഹിതരുടെ നേതൃത്വത്തിലായിരുന്നു പരിപാടി.
മൂന്ന് തലമുറ മുന്‍പ് ക്രിസ്ത്യന്‍ മതം സ്വീകരിച്ചവരുടെ പിന്‍തുടര്‍ച്ചക്കാരെയാണ് വീണ്ടും ഹിന്ദുമതത്തിലേക്കെത്തിച്ചത്. സ്വന്തം മതം സ്വീകരിച്ചവരെ കാൽ കഴുകിയാണ് പ്രഭൽ പ്രതാപ് സിംഗ് സ്വീകരിച്ചത്. ഈ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രഭലിന്റെ അച്ഛന്‍ പ്രമുഖ ബിജെപി നേതാവായ ദിലീപ് സിംഗ് ജുദേവും ഘര്‍ വാപസി നടത്തിയതിന്റെ പേരില്‍ പേരെടുത്ത നേതാവാണ്. ഏകദേശം 14,000 പേരെ സ്വന്തം പരിശ്രമ ഫലമായി ഇദ്ദേഹം ഹിന്ദുമതത്തിലേക്ക് തിരികെയെത്തിച്ചിട്ടുണ്ട്.
ദീർഘ നാളത്തെ പരിശ്രമങ്ങൾക്കൊടുവിലാണ് ആളുകളെ തിരികെ ഹിന്ദുമതത്തിലേക്ക് മടക്കികൊണ്ടുവരാൻ കഴിഞ്ഞതെന്ന് പ്രതാപ് സിംഗ് പറഞ്ഞു. സാമൂഹിക സാമ്പത്തിക കാരണങ്ങളെ തുടർന്നാണ് ഇവർ ഹിന്ദുമതം വിട്ട് മറ്റ് മതങ്ങളിലേക്ക് മാറുന്നത്. സംഘവും മറ്റ് ബന്ധപ്പെട്ട സംഘടനകളും ഇതിനായി ഏറെ നാളായി പ്രവർത്തിച്ചുവരികയാണ്. രണ്ട് ദിവസമായി നടന്ന പരിപാടിയില്‍ ആയിരങ്ങള്‍ പങ്കെടുത്തു. ഹിന്ദു സമാജും ആര്യ സമാജും സംയുക്തമായാണ് ഘര്‍ വാപസി പരിപാടി സംഘടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: