ലഖ്നോ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തോളില്‍ കൈവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തര്‍പ്രദേശ് രാജ്ഭവന് ഇടനാഴിയിലൂടെ ചേര്‍ന്ന് നടക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറല്‍. യോഗി ആദിത്യനാഥ് തന്നെയാണ് ഈ ചിത്രം ഞായറാഴ്ച ട്വീറ്റ് ചെയ്തത്.
ഈ ചിത്രം കണ്ടയുടന്‍ സമൂഹമാധ്യമങ്ങള്‍ അത് ആഘോഷിക്കുകയായിരുന്നു. ഇന്ത്യയുടെ രണ്ട് നിര്‍ഭയരായ നേതാക്കള്‍ കുശലം പറഞ്ഞ് നടക്കുന്ന ചിത്രം മോദി, യോഗി ആരാധകര്‍ വൈകാരികമായി ഏറ്റെടുക്കുകയും രസകരമായ കമന്റുകള്‍ ചേര്‍ക്കുകയും ചെയ്തു. ചില ആര്ടിസ്റ്റുകള് യോഗിയുടെ അടുത്ത് പുലിയെയും മോദിയുടെ അടുത്ത് സിംഹത്തെയും ചേര്‍ത്ത് ഇരു നേതാക്കളുടെയും നിര്‍ഭയത്വത്തെ വാഴ്ത്തുന്ന രീതിയില്‍ ഡിസൈന്‍ ചെയ്ത് പോസ്റ്ററുകളും ട്വിറ്റില്‍ പങ്കുവെച്ചു.
“ഇന്നത്തെ പ്രധാനമന്ത്രിയും നാളത്തെ പ്രധാനമന്ത്രിയും” എന്നായിരുന്നു ഒരാളുടെ കമന്റ്. ഒരു കോടി വാക്കുകള്‍ പറയുന്നതിന് തുല്ല്യമാണ് ഈ ചിത്രങ്ങളെന്നായിരുന്നു മറ്റൊരാളുടെ കമന്റ്. ഇന്ത്യയുടെ വര്‍ത്തമാനകാലം ഭാരതത്തിന്റെ ഭാവികാലത്തോടൊപ്പം നടക്കുന്നുവെന്നായിരുന്നു മറ്റൊരു പ്രതികരണം. രാജ്യത്തെ ഡിജിപിമാരുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ലഖ്നോവില്‍ എത്തിയതാണ് മോദി. “ഇന്ത്യയുടെ ഇന്നും നാളെയും ഒന്നിച്ച്”, “വര്‍ത്തമാനവും ഭാവിയും ഒന്നിച്ച്” എന്നിങ്ങനെ തുടരുന്നു പ്രതികരണങ്ങള്‍….മോദിക്ക് 71 വയസ്സായെങ്കില്‍ മോദിയുടെ അതേ കരളുറപ്പും ദൃഡനിശ്ചയവും കാണിക്കുന്ന യോഗിയ്ക്ക് 49 വയസ്സേ ഉള്ളൂ.
ഞായറാഴ്ച രാവിലെ മോദിയെ കാണാന്‍ പോയതാണ് യോഗി ആദിത്യനാഥ്. എന്നാല്‍ ഈ നടത്തത്തിനിടയില്‍ ഇരുനേതാക്കളും തമ്മില്‍ എന്തൊക്കെയാണ് ചര്‍ച്ച ചെയ്തതെന്ന് യോഗി വെളിപ്പെടുത്തിയില്ല.
ഈ ഫോട്ടോ ട്വിറ്ററില്‍ പങ്കുവെച്ചതോടൊപ്പം ഒരു ഹിന്ദി കവിതയും ആദിത്യനാഥ് പങ്കുവെച്ചിരുന്നു: ‘ഒരു പ്രതിജ്ഞയോടെ നമ്മള് ഇരുവരും ഒരു യാത്ര തുടങ്ങി; നമ്മുടെ മനസ്സും ശരീരവും സമര്‍പ്പിച്ചുകൊണ്ട്, സൂര്യോദയത്തെ സൃഷ്ടിക്കാന്‍; സൂര്യനെ ആകാശത്തിന് മുകളിലേക്കുയര്‍ത്താന്‍; അതുവഴി ഒരു പുതിയ ഇന്ത്യയെ സൃഷ്ടിക്കാന്‍’- ഇതാണ് യോഗി പങ്കുവെച്ച കവിതയുടെ ഏകദേശ അര്‍ത്ഥം.
യോഗിയുടെ ഈ ട്വീറ്റ് ഉടനെ ഉത്തര്‍പ്രദേശ് ബിജെപി അധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിംഗ് വീണ്ടും ട്വീറ്റ് ചെയ്തു: ‘സമഗ്ര വിജയത്തിലേക്ക് നീങ്ങുന്നു’ എന്ന കുറിപ്പോടെയാണ് സ്വതന്ത്രദേവ് സിംഗിന്റെ ട്വീറ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: