കൊച്ചി: പരിശോധനകള്‍ കര്‍ശനമാക്കുമ്പോഴും ഓണ്‍ലൈനിലൂടെ കേരള ലോട്ടറിയുടെ പേരില്‍ വില്‍പ്പന സജീവം. ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പ് സംഘങ്ങളെ പിടികൂടാന്‍ പോലീസ് പ്രത്യേക സംഘത്തെ രംഗത്തിറക്കിയിട്ടും ഓണ്‍ലൈന്‍ തട്ടിപ്പിന് തടയിടാന്‍ ഇതുവരെ സാധിച്ചിട്ടില്ല.
ബംബര്‍ ലോട്ടറികളുടെ പേരിലാണ് ഏറ്റവും കൂടുതല്‍ അനധികൃത വില്‍പ്പന നടക്കുന്നത്. ഇതിന് പുറമേ മറ്റ് ചെറിയ സംഖ്യകള്‍ അടങ്ങിയ ലോട്ടറികളുടെ വില്‍പ്പനയും സാമൂഹിക മാധ്യമങ്ങളിലൂടെ നടക്കുന്നുണ്ട്. ഫെയ്സ്ബുക്ക്, വാട്സ് ആപ്പ് ഗ്രൂപ്പുകള്‍ എന്നിവയിലൂടെയാണ് അനധികൃത ഓണ്‍ലൈന്‍ വില്‍പ്പന. ഏജന്‍സികളാണെന്ന് അവകാശപ്പെടുന്നവര്‍ ഇതില്‍ കൊടുത്തിരിക്കുന്ന നമ്പറുകളിലേക്ക് വിളിച്ചാല്‍ വാട്സ് ആപ്പിലേക്ക് വിലാസം അയച്ചുനല്‍കാന്‍ ആവശ്യപ്പെടും. പണം ഗൂഗിള്‍പേ വഴിയാണ് ഇവര്‍ ആവശ്യപ്പെടുന്നത്. 200 രൂപയുടെ ടിക്കറ്റിന് 100 രൂപ അധികം നല്‍കണം.
സമ്മാനം അടിച്ചില്ലെങ്കില്‍ ടിക്കറ്റുതുക തിരിച്ചുതരുമെന്ന വാഗ്ദാനത്തിലാണ് ആളുകള്‍ വീഴുന്നത്. ദിവസങ്ങള്‍ക്കുള്ളില്‍ ലോട്ടറി ആവശ്യക്കാരുടെ കൈയില്‍ എത്തിക്കുമെന്നും ഇവര്‍ വാഗ്ദാനവും നല്‍കും. എന്നാല്‍ ലോട്ടറി എത്തിച്ച് നല്കാന് ഇവര്‍ തയാറാവില്ല. ലോട്ടറിയുടെ ചിത്രമെടുത്ത് വാട്സ് ആപ്പിലൂടെ അയച്ച് നല്‍കുകയാണ് ചെയ്യുന്നത്. ഇതേ നമ്പറിന് സമ്മാനം അടിക്കുമ്പോള്‍ മാത്രമാണ് ഓണ്‍ലൈന്‍ തട്ടിപ്പിനെ കുറിച്ച് ഇത് വാങ്ങുന്ന ആള് തിരിച്ചറിയുകയുള്ളു. ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിന് നേതൃത്വം നല്കിയ ചിലരെ മലപ്പുറത്ത് നിന്നും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ലോട്ടറി തട്ടിപ്പിന് പിന്നില്‍ ചില ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും പോലീസ് പറയുന്നു. എന്നാല്‍ ഇവരെ കണ്ടെത്താന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല.
കെണിയില്‍ പ്രവാസികള്‍
ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിന്റെ കെണിയില്‍ വീഴുന്നവരില്‍ അധികവും പ്രവാസികള്‍. ഇതില്‍ തന്നെ ഗള്‍ഫ് നാടുകളില്‍ ജോലി ചെയ്യുന്നവരാണ് ഓണ്‍ലൈന്‍ ലോട്ടറി സംഘത്തിന്റെ വലയില്‍ വീഴുന്നത്. ലോട്ടറി അടിച്ചില്ലെങ്കില്‍ പണം തിരിച്ച് തരാമെന്ന വാഗ്ദാനം കൂടി കേള്‍ക്കുമ്പോഴാണ് പലരും ചതിക്കുഴിയില്‍ വീഴുന്നത്. ലോട്ടറി അടിച്ചാല്‍ സ്വന്തം വീട്ടില്‍ ടിക്കറ്റ് എത്തുമെന്നും പലരും വിശ്വസിക്കുന്നു. ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പ് വാര്‍ത്തകള്‍ നിരന്തരം പുറത്ത് വരുമ്പോഴും ചതിക്കുഴിയില്‍ വീഴുന്നവരുടെ എണ്ണം കൂടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: