കൊല്‍ക്കത്ത: രാഹുല്‍ ദ്രാവിഡ്- രോഹിത് ശര്‍മ്മ സഖ്യത്തിന്റെ പുത്തന്‍ ഇന്ത്യ കന്നി പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു. ന്യൂസിലന്‍ഡിനെ രണ്ടാം ടി 20 മത്സരത്തില്‍ കീഴടക്കിയാണ് ഇന്ത്യ മൂന്ന് മത്സരങ്ങളുള്ള ടി 20 പരമ്പര പോക്കറ്റിലാക്കിയത്. അടുത്ത ലക്ഷ്യം സമ്പൂര്‍ണ്ണ വിജയമാണ്. മൂന്നാം മത്സരത്തിലും വിജയക്കൊടി നാട്ടി പരമ്പര തൂത്തുവാരാനുള്ള ഒരുക്കത്തിലാണ് ഇന്ത്യ. അവസാന മത്സരം ഇന്ന് കൊല്‍ക്കത്തയിലെ ഈഡന് ഗാര്‍ഡനില്‍ നടക്കും. രാത്രി ഏഴിന് കളി തുടങ്ങും. സ്റ്റാര്‍ സ്പോര്‍ട്സില്‍ തത്സമയം കാണാം.
പുതിയ പരിശീലകന് രാഹുല്‍ ദ്രാവിഡിന്റെയും പുതിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെയും ശിക്ഷണത്തില്‍ ഇന്ത്യന്‍ ടീം മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ജയ്പ്പൂരിലെ ആദ്യ ടി 20 മത്സരത്തിലും റാഞ്ചിയിലെ രണ്ടാം ടി 20 മത്സരത്തിലും ഇന്ത്യ ആധികാരിക വിജയം തന്നെ നേടി. പരമ്പര പോക്കറ്റിലായെങ്കിലും കളിയോടുള്ള സമീപനത്തില്‍ ഇന്ത്യ മാറ്റം വരുത്താന്‍ സാധ്യയില്ല. എന്നാല്‍ റിസര്‍വ് താരങ്ങള്‍ക്ക് അവസാന മത്സരത്തില്‍ അവസരം നല്‍കിയേക്കും.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ച ബാറ്റ്സ്മാന് ഋതുരാജ് ഗെയ്ക്കുവാദ്, പേസര്‍ ആവേശ് ഖാന്, വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ഇഷാന് കിഷന് എന്നിവരെ ഇന്ന് കളിപ്പിച്ചേക്കും. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയോ വൈസ് ക്യാപ്റ്റന്‍ കെ.എല്‍. രാഹുലോ വിശ്രമം എടുക്കാനും സാധ്യതയുണ്ട്.
ഇത്തവണ ഐപിഎല്ലില്‍ ഓറഞ്ച്്് ക്യാപ് സ്വന്തമാക്കിയ ഋതുരാജ് ഗെയ്ക്കുവാദിനെ ആദ്യ മൂന്നില്‍ കളിപ്പിക്കും. ദീപക് ചഹാറിനോ, ഭുവനേശ്വര്‍ കുമാറിനോ പകരം ആവേശ് ഖാന് അവസരം നല്‍കും. ലെഗ്സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിനും അവസരം ലഭിച്ചേക്കും. അക്സര്‍ പട്ടേലിനേയോ അശ്വിനെയോ ഒഴിവാക്കും. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് മുതല്‍ വിശ്രമമില്ലാതെ കളിക്കുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ഋഷഭ് പന്തിനും പകരം ഇഷാന് കിഷന് ടീമിലെത്തുമെന്നാണ് സൂചന.
റാഞ്ചിയില്‍ നടന്ന രണ്ടാം ടി 20 മത്സരത്തില്‍ ഇന്ത്യ ഏഴു വിക്കറ്റിനാണ് ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചത്. ന്യൂസിലന്‍ഡിനെ 20 ഓവറില്‍ ആറു വിക്കറ്റിന് 153 റണ്‍സിലൊതുക്കിയ ഇന്ത്യ 17.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സ് നേടി വിജയിച്ചു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ (55) , ഓപ്പണര്‍ കെ.എല്‍. രാഹുല്‍ (65) എന്നിവരുടെ അര്‍ധ ശതകങ്ങളാണ് ഇന്ത്യക്ക് അനായാസ വിജയം സമ്മാനിച്ചത്. റാഞ്ചിയില്‍ ഇന്ത്യന്‍ ജേഴ്സിയില്‍ അരങ്ങേറിയ പേസര്‍ ഹര്‍ഷല്‍ പട്ടേലാണ് കളിയിലെ കേമന്‍. നാലു ഓവറില്‍ 25 റണ്‍സ് വഴങ്ങി ഹര്‍ഷല്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.
സ്ഥിരം ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിന്റെ അഭാവത്തില്‍ ടിം സൗത്തി നയിക്കുന്ന ന്യൂസിലന്‍ഡിന് ആദ്യ രണ്ട് മത്സരങ്ങളിലും മികവ് കാട്ടാനായില്ല. അവസാന മത്സരത്തിലെങ്കിലും വിജയം നേടി ഇന്ത്യയുടെ പരമ്പര തൂത്തുവാരല്‍ ഒഴിവാക്കാനുള്ള തയ്യാറെടുപ്പിലാണ് അവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: