എം. ശ്രീഹര്ഷന്
ഐതിഹാസികമായ ഒരു തീര്‍ഥയാത്ര. ഭര്ഗവഭൂമിയുടെ പുണ്യത്തിലൂടെ. നൂറ്റാണ്ടുകളായി നിലനിന്നുപോരുന്ന സാംസ്കാരികപാരമ്പര്യത്തിന്റെ സ്രേതസ്സുകള്‍ കണ്ടെത്തുന്നതിനും, അതിനെ പ്രോജ്വലിപ്പിച്ച പൂര്‍വസൂരികളെ അനുസ്മരിക്കുന്നതിനുമായി. കന്യാകുമാരി മുതല്‍ ഗോകര്‍ണം വരെ. 1991 നവംബര്‍ പത്തു മുതല്‍ പന്ത്രണ്ടു ദിവസം. തപസ്യ കലാ-സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍. നയിച്ചത് മലയാളത്തിന്റെ ഋഷികവി അക്കിത്തം.
കേരളത്തിന്റെ സാംസ്കാരികചരിത്രത്തിലെ അതിസവിശഷമായ ഒരു അനുഭവമായിരുന്നു അത്. ഇതിനുമുമ്പ് ഒരിക്കലും ഉണ്ടായിട്ടില്ലാത്തത്. നയിക്കാന്‍ അക്കിത്തത്തെപ്പോലെ ഒരാള്‍ ഇനിയില്ല എന്നതിനാല്‍ ഒരു പക്ഷേ ഇനിയൊരിക്കലും സംഭവിക്കാനിടയില്ലാത്തത്.
ഭാരതത്തിന്റെ സാംസ്കാരികസ്വത്വത്തെ ഉണര്‍ത്തുന്നതിനും അതിന്റെ ആര്‍ജവം സമൂഹത്തിലാകെ പ്രസരിപ്പിക്കുന്നതിനും വേണ്ടിയുള്ള ശക്തമായ മുന്നേറ്റം ദേശീയതലത്തില്‍ നടന്നുകൊണ്ടിരിക്കുന്ന കാലം. അതിന്റെ പ്രഭാവം തടയുന്നതിനായി കപടമതേതരത്വത്തിന്റെ ആഭിചാരക്രിയകള്‍ തകൃതിയായി നടക്കുന്നുണ്ടായിരുന്നു. പ്രത്യേകിച്ച് കേരളത്തില്‍. കലാ-സാഹിത്യരംഗത്ത് പുതിയൊരുതരം അസ്പ്രശ്യത സൃഷ്ടിച്ചുകൊണ്ട് മതേതരസാംസ്കാരികവേദിയുടെ ഊഷരമായ കാറ്റ് ഇവിടെ വീശിയടിക്കാന്‍ തുടങ്ങുകയായിരുന്നു.
അക്കാലത്തിനിടയില്‍ മലയാളത്തിലെ സാംസ്കാരികരംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞിരുന്ന പ്രസ്ഥാനമാണ് തപസ്യ കലാ-സാഹിത്യവേദി. സാംസ്കാരികപാരമ്പര്യവും മൂല്യങ്ങളും നവോഥാനപ്രക്രിയയും സംരക്ഷിക്കുകയും മുന്നോട്ട് നയിക്കുകയും ചെയ്യുക ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനം. സര്‍ഗാത്മകമായ സ്വാതന്ത്ര്യത്തെയും നവീകരണത്തെയും പൂര്‍ണമായി പിന്തുണയ്ക്കുന്ന സ്വതന്ത്രവേദി. കേരളത്തിലെ പ്രാമാണികരായ ഒട്ടുമിക്ക കലാ-സാഹിത്യനായകരും സഹൃദയലോകവും അതുമായി സര്‍വാത്മനാ സഹകരിച്ചുവന്നിരുന്നു.
1991 ജനുവരിയില്‍ തപസ്യയുടെ പതിനാലാം വാര്‍ഷികോത്സവം കണ്ണൂരില്‍ നടക്കുമ്പോള്‍ സമ്മേളനവേദിയായ ടൗണ്‍ഹാളിന്റെ മതിലുകളില്‍ ചില പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. അതിന്റെ വളര്‍ച്ചയില്‍ വിറളിപിടിച്ച ചില ഇരുണ്ടകേന്ദ്രങ്ങളുടെ മനോവിഭ്രാന്തികള്‍. ‘Thapasya cultural vultures’ എന്ന്. വാര്‍ഷികോത്സവത്തിന്റെ സമാപനസമ്മേളനത്തില്‍ പ്രസംഗിക്കുമ്പോള്‍ പി. പരമേശ്വരന് ഇതേക്കുറിച്ച് ഇങ്ങനെ സൂചിപ്പിച്ചു: ”ശക്തമായി മുന്നേറുന്ന ഏതൊരു പ്രസ്ഥാനത്തിനു നേരെയും ഇത്തരം കറുത്ത വാക്കുകള്‍ സ്വാഭാവികമാണ്. എന്നാല്‍ അവയോടുള്ള തപസ്യയുടെ പ്രതികരണം തികച്ചും ഭാവാത്മകമായിരിക്കണം.”
‘സാംസ്കാരികതീര്‍ഥയാത്ര’ എന്ന ആശയം മനസ്സിലുദിക്കുമ്പോള്‍ ആ വാക്കുകളായിരുന്നു എന്നെ പ്രേരിപ്പിച്ചത്. സര്‍ഗാത്മകവും ക്രിയാത്മകവുമായ പ്രവര്‍ത്തനത്തിലൂടെ കേരളത്തിന്റെ സാംസ്കാരികഭൂമികയില്‍ ശുദ്ധവായു പരത്തുക. അന്ന് തപസ്യയുടെ സംഘടനാസെക്രട്ടറിയായിരുന്ന ആര്. സഞ്ജയനോടാണ് (ഇന്ന് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍) ഇങ്ങനെ ഒരു പരിപാടിയെക്കുറിച്ചുള്ള ചിന്ത ഞാന്‍ ആദ്യമായി അവതരിപ്പിച്ചത്. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം വിശദമായ പദ്ധതി തയാറാക്കി. അതേത്തുടര്‍ന്നു എറണാകുളത്തു നടന്ന ആലോചനായോഗത്തില്‍ യാത്രയുടെ തീരുമാനം ഉണ്ടാവുകയും രൂപരേഖ തയാറാക്കുകയും ചെയ്തു. മഹാകവി അക്കിത്തം, പി. പരമേശ്വരന്, ആര്.ഹരി, എം.എ കൃഷ്ണന്, വി.എം. കൊറാത്ത്, തുറവൂര്‍ വിശ്വംഭരന്, എന്‍.പി രാജന് നമ്പി, ആര്. സഞ്ജയന് തുടങ്ങിയവര്‍ ആ യോഗത്തില്‍ പങ്കെടുത്തിരുന്നു.
കാവ്യകൈരളിക്ക് പാരമ്പര്യത്തിന്റെ ചൈതന്യവും ആധുനികതയുടെ സംവേദനക്ഷമതയും പ്രദാനം ചെയ്ത മഹാകവി അക്കിത്തം തപസ്യയുടെ അധ്യക്ഷന്‍ എന്ന നിലയില്‍ യാത്രയുടെ നായകത്വം സ്വയം ഏറ്റെടുക്കുകയും കേരളത്തിലെ പ്രമുഖരായ കലാ-സാഹിത്യനായകര്‍ മിക്കവരും അതിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തതോടുകൂടി ഈ സംരഭം വലിയ ബഹുജനശ്രദ്ധ പിടിച്ചുപറ്റുകയുണ്ടായി.
”ഇന്നലെയുടെ സാംസ്കാരികബിന്ദുക്കളോരോന്നും ഓരോ തീര്ഥസങ്കേതമത്രേ. ആ തീര്ഥാനുഭൂതികളെ നമുക്ക് സ്വയം സമാഹരിക്കേണ്ടിയിരിക്കുന്നു. അങ്ങനെ ചെയ്താല്‍ ആ ഉദാരത മറ്റുള്ളവരിലേക്കും വ്യാപിച്ചുകൊള്ളും. അരവിന്ദ മഹര്‍ഷി വിഭാവനം ചെയ്തതുപോലെ മനുഷ്യസമുദായം അതിമാനുഷനില്‍ (ടൗുലൃാമി) എത്തിച്ചേരണം. അതിലേക്കുള്ള ചവിട്ടുപടിയാണ് ഗാന്ധിജി ഉയര്‍ത്തിക്കാണിച്ച അഹിംസാവ്രതം. കലാസാഹിത്യപ്രവര്‍ത്തകര്‍ തപസ്വികള്‍ ആവേണ്ടിയിരിക്കുന്നു. തപസ്സില്ലെങ്കില് ഉദാത്തകലയുണ്ടാവില്ല. സംഘര്‍ഷമല്ല, സഹകരണമാണ് എല്ലാ പുരോഗതിക്കും ആധാരം എന്ന തത്ത്വത്തിലൂന്നിക്കൊണ്ട് നിരുപാധികസ്നേഹത്തിന്റെ യുഗം ഉണ്ടാവാന്‍ വേണ്ടിയാണ് ഈ യാത്ര. മാര്ഗശുദ്ധിതന്നെയാണ് ലക്ഷ്യശുദ്ധി” എന്നു പറഞ്ഞുകൊണ്ടാണ് അക്കിത്തം ഈ യാത്ര നയിച്ചത്.
അനന്യമായ ഒരു സാംസ്കാരികമുന്നേറ്റമെന്ന നിലയില്‍ വന്‍സ്വീകാര്യതയാണ് സാംസ്കാരികതീര്ഥയാത്രയ്ക്ക് ലഭിച്ചത്. സാംസ്കാരികമേഖലയാകെ രാഷ്ട്രീയവത്ക്കരിക്കപ്പെട്ട സാഹചര്യത്തില്‍ ഒരു ജനതയ്ക്ക് ആത്മജ്ഞാനത്തിന്റെയും തനിമയുടെയും തിരിച്ചറിവ് പകര്‍ന്നുകൊടുത്ത് പുതിയൊരു ഉണര്‍വും ഉന്മേഷവും സൃഷ്ടിച്ച് വ്യക്തമായ കാഴ്ചപ്പാട് നല്‍കുകയായിരുന്നു യാത്രയുടെ ഉദ്ദേശ്യം. അതു മുന്നോട്ടു വച്ച ആശയവും ലക്ഷ്യവും കൈക്കൊണ്ട മാര്‍ഗവും കേരളീയസമൂഹത്തില്‍ വലിയ ചലനങ്ങള്‍ ഉണ്ടാക്കി.
അക്കിത്തം എന്ന മഹാകവിയെ സഹൃദയലോകത്തിനും അക്കാദമികലോകത്തിനുമപ്പുറം കേരളത്തിലെ എല്ലാവിഭാഗങ്ങളിലും പെട്ട സാമാന്യജനങ്ങള്‍ക്ക് സുപരിചിതനാക്കിയത് സമാനതകളില്ലാത്ത ഈ യാത്രയായിരുന്നു. യാത്ര കടന്നുപോയ ഓരോ പ്രദേശങ്ങളിലും സ്വീകരിക്കാന്‍ വന്നുകൂടിയ വന്‍ജനക്കൂട്ടം. സാംസ്കാരികലോകത്തെ പ്രമുഖരും കലാ-സാഹിത്യകുതുകികളും. ഗ്രാമീണരും നഗരവാസികളും തൊഴിലാളികളും വൃദ്ധജനങ്ങളും യുവാക്കളും വിദ്യാര്‍ഥികളും. എല്ലാം സാഹിത്യലോകത്തിനപ്പുറത്തേക്കുകൂടി പടര്‍ന്ന ജനപ്രീതി അക്കിത്തത്തിന് നേടിക്കൊടുക്കുകയുണ്ടായി.
കന്യാകുമാരി ക്ഷേത്രസന്നിധിയില്‍ നടന്ന ലളിതമായ ചടങ്ങില്‍ പ്രശസ്ത തമിഴ് നോവലിസ്റ്റ് സുന്ദരരാമസ്വാമിയാണ് യാത്ര ഉദ്ഘാടനം ചെയ്തത്. ഭാരതത്തെക്കുറിച്ചുള്ള സമഗ്രമായ വീക്ഷണം വളര്‍ത്തിയെടുക്കാന്‍ ഈ യാത്രയ്ക്ക് കഴിയുമെന്ന് അദ്ദേഹം ആശംസിച്ചു. യാത്രയുടെ സമാപനസമ്മേളനം ഗോകര്‍ണത്ത് ഉദ്ഘാടനം ചെയ്തത് പ്രമുഖ വേദപണ്ഡിതനായ മഹാബലേശ്വര ശാസ്ത്രി ഭട്ടിയാണ്. ഓരോ സ്വീകരണകേന്ദ്രങ്ങളിലും കേരളത്തിലെ പ്രമുഖരായ സാംസ്കാരികനായകര്‍ യാത്രക്ക് ആശംസകള്‍ അര്‍പ്പിക്കാനെത്തിയിരുന്നു.
നമ്മുടെ സംസ്കാരത്തിന് വിലപ്പെട്ട സംഭാവനകള്‍ നല്കിയ മഹാപുരുഷന്മാരുടെ സ്മാരകങ്ങളും ജന്മസ്ഥലങ്ങളും മറ്റ് പുണ്യസ്ഥലങ്ങളും സന്ദര്‍ശിച്ച് പ്രണാമങ്ങള്‍ അര്‍പ്പിച്ചുകൊണ്ടും, അവയോടു ബന്ധപ്പെട്ട ജനസമൂഹങ്ങളുടെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടുമാണ് യാത്ര കടന്നുപോയത്. ഓരോയിടങ്ങളിലെയും വലിയ ജനപങ്കാളിത്തം ആവേശകരമായിരുന്നു.
കന്യാകുമാരി ദേവീദര്ശനത്തോടെ സമാരംഭിച്ച യാത്ര വിവേകാനന്ദസ്മാരകവും സ്വാമിത്തോപ്പും ശുചീന്ദ്രവും വെള്ളിമല ആശ്രമവും പത്മനാഭപുരവും തിരുവട്ടാര്‍ ആദികേശവപുരവും ആറയൂര്‍ ആശ്രമവും നെയ്യാറ്റിന്‍കരയിലെ സ്വദേശാഭിമാനിസ്മാരകവും അരുവിപ്പുറത്ത് ഗുരുദേവന് സ്ഥാപിച്ച ശിവക്ഷേത്രവും സന്ദര്‍ശിച്ച് കേരളത്തിലെ സാമൂഹ്യനവോഥാനത്തില് നിര്‍ണായകപങ്കു നിര്‍വഹിച്ച അയ്യങ്കാളിയുടെ സ്മരണ നിലനില്‍ക്കുന്ന വെങ്ങാനൂരിലെത്തിയപ്പോള്‍ അവിടത്തെ വിദ്യാലയത്തിലെ വിദ്യാര്‍ഥികളും അധ്യാപകരും നാട്ടുകാരും ചേര്‍ന്ന് വന്‍വരവേല്‍പ്പാണ് നല്‍കിയത്.
ഇതിഹാസങ്ങള്‍ പൂര്‍ണരൂപത്തില്‍ ആദ്യമായി മലയാളത്തില്‍ രചിച്ച അയ്യമ്പിള്ളി ആശാന്റെയും അയ്യിനപ്പിള്ളി ആശാന്റെയും സ്മരണയുതിര്ക്കുന്ന കോവളത്ത് യാത്ര എത്തിയപ്പോള്‍ ആ കാവ്യപ്പെരുമയുടെ സ്മാരകമായി ഹൗവാബീച്ചിന്റെ പകിട്ടിനുള്ളില്പ്പെട്ടുപോയ അനാഥമായ അയ്യപ്പക്ഷത്രത്തിനും അവിടെ നൂറ്റാണ്ടുകളായി സൂക്ഷിച്ചുപോരുന്ന ചന്ദവളയത്തിനും ഏകാകിയായ കാവല്ക്കാരിയെപ്പോലെ ജീവിക്കുന്ന വയോവൃദ്ധയായ ഗോമതിയമ്മ നിറകണ്ണുകളോടെയാണ് യാത്രയെ സ്വീകരിച്ചത്.
കൊല്ലം ജില്ലയിലെ പറവൂരില്‍ മഹാകവി കെ.സി. കേശവപ്പിള്ളയുടെ സ്മരണ നിലനനില്‍ക്കുന്ന കോതേത്തുവീട്ടില്‍ യാത്രയെത്തിയപ്പോള്‍ ആ ഗ്രാമം മുഴുവന്‍ യാത്രയെ സ്വീകരിക്കാന്‍ അവിടെ എത്തിയിരുന്നു. വഴിക്കിരുവശവുമുള്ള വീടുകള്‍ക്കു മുമ്പില്‍ നിലവിളക്കും നിറപറയും വച്ച് ആളുകള്‍ കാത്തുനിന്നു. കടന്നുവന്ന വഴിയില്‍ പൂക്കള്‍ വര്‍ഷിച്ചുകൊണ്ടാണ് അവര്‍ യാത്രാസംഘത്തെ വരവേറ്റത്.
നിരണംകവികളുടെ സ്മരണനിലനില്‍ക്കുന്ന കണ്ണശ്ശന്പറമ്പിലെത്തിയപ്പോള് ആ കവീശ്വരന്മാരുടെ കാലടി പതിഞ്ഞ മണ്ണ് നല്‍കിയാണ് നാട്ടുകാര്‍ അക്കിത്തത്തെ സ്വീകരിച്ചത്. കൂടല്മാണിക്യക്ഷേത്രപരിസരത്തെ വേദപാഠശാലയില്‍ എത്തിയപ്പോള്‍ വാതില്പ്പടിക്കപ്പുറത്തിരുന്ന് അനായാസമായി വേദം ചൊല്ലുന്ന ഒരു കൊച്ചുകുട്ടിയാണ് യാത്രയ്ക്ക് സ്വാഗതമോതിയത്.
യാത്രയില്‍ കോഴിക്കോട്ട് വൈക്കം മുഹമ്മദ് ബഷീറിനെ സന്ദര്‍ശിച്ച അക്കിത്തം കഥകളുടെ സുല്‍ത്താന്റെ കാല്‍തൊട്ടുവന്ദിച്ചത് കണ്ടുനിന്നവരില്‍ വികാരവായ്പ്പുളവാക്കി. ബഷീര്‍ തലയില്‍ കൈവച്ച് മഹാകവിയെ അനുഗ്രഹിച്ചു. അക്ഷരത്തിനു മുന്നില്‍ തലകുനിക്കണമെന്ന് തന്നെ പഠിപ്പിച്ചത് നാലാപ്പാടനാണെന്ന് പുന്നീയൂര് കുളത്തെ സ്വീകരണത്തില്‍ അക്കിത്തം അനുസ്മരിക്കുകയുണ്ടായി.
ശ്രീശങ്കരാചാര്യരുടെയും സ്വാമി വിവേകാന്ദന്റെയും ചട്ടമ്പിസ്വാമികളുടെയും ശ്രീനാരായണഗുരുദേവന്റെയും പാദസ്പര്‍ശമേറ്റ പവിത്രഭൂമിയില്‍ അഞ്ജലി അര്‍പ്പിച്ചു. സാമൂഹ്യ-സാമുദായിക പരിഷ്കരണത്തിനു വേണ്ടി ഭഗീരഥപ്രയത്നങ്ങള്‍ നടത്തിയ അയ്യങ്കാളി, ടി.കെ മാധവന്, സഹോദരന് അയ്യപ്പന്, പണ്ഡിറ്റ് കറുപ്പന്, വി.ടി. ഭട്ടതിരിപ്പാട്, കെ. കേളപ്പന്, സ്വാമി ആനന്ദതീര്ഥന് എന്നിവരുടെ സ്മരണനിലനില്‍ക്കുന്ന പ്രദേശങ്ങളില്‍നിന്ന് ആശിസ്സുകള്‍ ഏറ്റുവാങ്ങി. ഭാഷാപിതാവായ തുഞ്ചത്താചാര്യന്റെയും കൈരളിയുടെ കാവ്യാചാര്യരായ ചെറുശ്ശേരി, കോവളം കവികള്‍, കണ്ണശ്ശന്മാര്, കുഞ്ചന്നമ്പ്യാര് എന്നിവരുടെയും സ്മാരകങ്ങളില്‍ നമസ്കരിച്ചു. കേരളസാഹിത്യം എന്നും കൃതജ്ഞതയോടെ ഓര്‍ക്കേണ്ട സേവനങ്ങളിലൂടെ അനശ്വരകീര്‍ത്തി നേടിയ അര്‍ണോസ് പാതിരിയുടെയും മലയാളഭാഷയുടെ പ്രാമാണികത്വത്തെ ലോകത്തിനു മുന്നില്‍ അവതരിപ്പിച്ച ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ടിന്റെയും സ്മാരകത്തില്‍ ആദരവുകള്‍ അര്‍പ്പിച്ചു. മലയാണ്മയെ പ്രഭാമയമാക്കിയ എല്ലാ കലാ-സാഹിത്യാചാര്യന്മരുടെയും അമരസ്മൃതികളില് കൈകൂപ്പി. കൂടാതെ ആശ്രമങ്ങള്‍, ദേവാലയങ്ങള്‍, കലാകേന്ദ്രങ്ങള്‍, സാംസ്കാരികസ്ഥാപനങ്ങള്‍ എന്നിവയും സന്ദര്‍ശിക്കുകയുണ്ടായി.
ഇങ്ങനെ വിവരിച്ചാല്‍ തീര്‍ത്തത്ര നിരവധി അനുഭവങ്ങളൂലൂടെ സഞ്ചരിച്ച ആ തീര്ഥയാത്രയില് സ്വാമി ജ്ഞാനാനന്ദ സരസ്വതി, ഗാന്ധിയന്‍ ജി. രാമചന്ദ്രന്, സ്വാമി സത്യാനന്ദസരസ്വതി, സ്വാമി ശാശ്വതീകാനന്ദ, ആര്‍ട്ടിസ്റ്റ് സി.കെ.രാ, സ്വാതന്ത്ര്യസമരസേനാനി എന്‍.എസ്. പിള്ള, കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ, സ്വാമി ഗണാനന്ദ സരസ്വതി, പ്രസിദ്ധ നാടകനടന്‍ വി.ടി. അരവിന്ദാക്ഷമേനോന്‍, ഫാദര്‍ ആന്റണി ഐനിക്കില്‍, ടി.പി വിനേദിനിയമ്മ, വൈദ്യമഠം ചെറിയനാരായണന്‍നമ്പൂതിരി, ഡോ. പി.കെ.വാരിയര്‍, വൈക്കം മുഹമ്മദ് ബഷീര്‍, കടത്തനാട്ട് മാധവിയമ്മ, ആര്‍ട്ടിസ്റ്റ് സി.വി ബാലന് നായര്‍, ഇടനീര്‍ മഠാധിപതി കേശവാനന്ദഭാരതി, പേജാവര്‍ മഠാധിപതി സ്വാമി വിശ്വേശ്വരതീര്ഥ തുടങ്ങി മുപ്പതോളം മഹദ്വ്യക്തികളുടെ താമസസ്ഥലത്തെത്തി അനുഗ്രഹം വാങ്ങുകയുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: