കാബൂള്‍: 35 പേരടങ്ങുന്ന അഫ്ഗാനിസ്ഥാനിലെ വനിതകളായ ഫുട്ബാള്‍ കളിക്കാരുടെ സംഘം താലിബാന്റെ കണ്ണ് വെട്ടിച്ച് ലണ്ടനിലെ സ്റ്റാന്‍സ്റ്റെഡ് വിമാനത്താവളത്തില്‍ വ്യാഴാഴ്ച എത്തി. 13നും 19നും ഇടയില്‍ പ്രായമുള്ള 35 പെണ്‍കുട്ടികളാണ് പാകിസ്ഥാനില്‍ നിന്നും ഒറ്റരാത്രികളൊണ്ട് ലണ്ടനില്‍ എത്തിയതെന്ന് ഖാമാ പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
അമേരിക്കന്‍ നടിയും ടിവി താരവുമായ കിം കാര്ദാഷിയാന് ആണ് ജൂതന്മാരുടെ സന്നദ്ധ സംഘടന ചാര്‍ട്ടര്‍ ചെയ്ത പ്രത്യേക വിമാനത്തിന്റെ ചെലവ് വഹിച്ചത്. ‘ഈ ദൗത്യം സാക്ഷാല്‍ക്കരിച്ചു,’ അഫ്ഗാന് വനിതാ ദേശീയ ഫുട്ബാള്‍ ടീമിന്റെ മുന്‍ മാനേജരായിരുന്ന ഖാലിദ പോപല്‍ പറഞ്ഞു. ഡെന്മാര്ക്കിലിരുന്ന് ഇവരാണ് ടീമിന്റെ രക്ഷപ്പെടല്‍ ആസൂത്രണം ചെയ്തത്.
ദാരിദ്ര്യത്തില്‍ കഴിയുന്ന പെണ്‍കുട്ടികളെ ഏറ്റെടുത്ത് പരിശീലിപ്പിക്കുന്ന ടീം നേരത്തെ അഫ്ഗാനില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഭീകരാക്രണ ഭീഷണിയുള്ളതിനാല്‍ അവര്‍ക്ക് കാബൂള്‍ വിമാനത്താവളത്തില്‍ എത്തിപ്പെടാന്‍ കഴിഞ്ഞില്ല. അന്ന് അഫ്ഗാന് അതിര്‍ത്തി കടന്ന് ടീം പാകിസ്ഥാനിലേക്ക് എത്തി. താല്‍ക്കാലിക വിസയില്‍ പാകിസ്ഥാനില്‍ കഴിയുകയായിരുന്ന ടീമിന് പിന്നീടാണ് ബ്രിട്ടന് വിസ അനുവദിച്ചത്.
മറ്റൊരു രക്ഷാദൗത്യത്തില്‍ അഫ്ഗാനിസ്ഥാന് സ്ത്രീകളുടെ ദേശീയ ഫുട്ബാള്‍ ടീം ആസ്ത്രേല്യയിലേക്ക് കടന്ന് രക്ഷപ്പെട്ടു. ദേശീയ ഫുട്ബാള്‍ ടീമിലെ അംഗങ്ങള്‍ ഉള്‍പ്പെടെ 100 വനിതാ ഫുട്ബാള്‍ കളിക്കാരെ അഫ്ഗാനിസ്ഥാനില്‍ നിന്നും ഒക്ടോബറില്‍ സുരക്ഷിതമായി ഒഴിപ്പിച്ചു. ഇവര്‍ പോര്‍ച്ചുഗലിലാണ്.
എന്തായാലും സ്ത്രീകളുടെ സുരക്ഷ സംബന്ധിച്ചുള്ള ആശങ്കകള്‍ അഫ്ഗാനില്‍ വര്‍ധിച്ചുവരികയാണ്. ആഗസ്ത് 15ന് താലിബാന് ഭരണമേറ്റെടുത്ത ശേഷം പ്രത്യേകിച്ചും. ഡസന്‍കണക്കിന് വനിതാ ഫുട്ബാള്‍ കളിക്കാരുടെ സംഘം ഇപ്പോഴും യുദ്ധത്താല്‍ തകര്‍ന്ന അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിക്കിടക്കുന്നതായി ബിബിസി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: