പാലക്കാട്: മെമു ഷെഡിന് മൂന്ന് ഐഎസ്ഒ അംഗീകാരം ലഭിച്ചു. അറ്റകുറ്റപ്പണിയിലെ ഗുണനിലവാരം ഉറപ്പാക്കുന്നതിനുള്ള ഐഎസ്ഒ 9001, സുരക്ഷിതമായ രീതിയില്‍ ജോലി ചെയ്യുന്നതിനും ജോലിക്കാരുടെ സുരക്ഷാ ഉറപ്പാക്കുന്നതിനുള്ള ഐഎസ്ഒ 45001, പ്രകൃതി സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഐഎസ്ഒ 14001 എന്നീ അംഗീകാര സാക്ഷ്യപത്രങ്ങളാണ് ലഭിച്ചത്. സാക്ഷ്യപത്രങ്ങള്‍ ഡിആര്‍എം ത്രിലോക് കോത്താരിയില്നിന്നും സീനിയര്‍ ഡിവിഷണല്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍ എസ്. ജയകൃഷ്ണന് ഏറ്റുവാങ്ങി.
മെമു റേക്കുകളുടെ ഓരോ ട്രിപ്പിനുശേഷവുമുള്ള പരിശോധനയും, ഇതേ റേക്കുകളുടെ പ്രതിമാസ, അര്‍ദ്ധവാര്‍ഷിക പരിശോധന എന്നീ ജോലികളാണ് മെമു ഷെഡില്‍ നടക്കുന്നത്. ഐഎസ്ഒ അംഗീകാരം ലഭിക്കുന്നതിനുള്ള നടപടിയായി മെമു ഷെഡില്‍ നടക്കുന്ന അറ്റുകുറ്റപണികളുടെ രേഖകള്‍ ഐഎസ്ഒ മാനദണ്ഡപ്രകാരം ക്രമപ്പെടുത്തി രൂപരേഖ തയാറാക്കുകയും ഏകീകൃത സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്തു. കൂടാതെ ഷെഡില്‍ ഉപയോഗിക്കുന്ന അളവുപകരണങ്ങളുടെ കൃത്യത സമയാസമയം സ്ഥിരീകരിക്കുന്നതിനുള്ള സംവിധാനവും ഉറപ്പാക്കി. യന്ത്രങ്ങള്‍ പുതിയ സാങ്കേതിക വിദ്യകള്ക്കനുസരിച്ചു പുതുക്കുകയും ചെയ്തു.
സുരക്ഷിതമായ രീതിയില്‍ ജോലി ചെയ്യുന്നതിനും ജോലിക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുമുള്ള പരിശീലനം നല്‍കുന്നതിനായി ഉന്നത ഗുണമേന്മയുള്ള സുരക്ഷാ ഉപകരണങ്ങള്‍ ലഭ്യമാക്കി. തീപിടുത്തം മൂലമുള്ള അപകടങ്ങള്‍ ഒഴിവാക്കുന്നതിനുള്ള പരിശീലനവും നല്കി. പരിസ്ഥിതി സംരക്ഷണത്തിനായി ഷെഡില്‍ ഉണ്ടാകുന്ന മാലിന്യം ഉത്ഭവസ്ഥാനത്തുതന്നെ തരംതിരിച്ച് ശേഖരിക്കുന്നതിനും നിര്‍മാര്‍ജനത്തിനും പദ്ധതി നടപ്പാക്കി. ഇവ വിവിധ നിറങ്ങളിലുള്ള കൂടകളിലാണ് ശേഖരിക്കുന്നത്. അപകടസാധ്യതയുള്ളവ സംസ്കരിക്കുന്നതിനുമുമ്പ് നിര്‍വീര്യമാക്കും. ഷെഡിനോടനുബന്ധിച്ച് പൂന്തോട്ടവും, ഔഷധ തോട്ടവും പരിപാലിക്കുന്നുണ്ട്. മരങ്ങളും വെച്ചുപിടിപ്പിച്ചു.
കേരളത്തിലെ ആദ്യത്തെ മെമു ഷെഡാണ് പാലക്കാട്ടേത്. 2011 ലാണ് മെമു ട്രെയിനുകള്‍ പരിപാലനം ആരംഭിച്ചത്. തുടക്കത്തില്‍ നാലു മെമു കോച്ചുകള്‍ കൈകാര്യം ചെയ്യാവുന്നവിധം 100 മീറ്റര്‍ പിറ്റ് ലൈനില്‍ തുടങ്ങി ഇപ്പോള്‍ 180 ആയി വര്‍ധിപ്പിച്ചു. മെമു റേക്കുകള്‍ കഴുകുന്നതിനുള്ള ഒരു ലൈനും കോച്ചുകളുടെ ഭാഗം ഉയര്‍ത്തി അറ്റകുറ്റപണി നടത്തുന്നതിനുള്ള കെട്ടിടവും നിലവിലുണ്ട്. 12 കോച്ചുകള്‍ ഉള്‍ക്കൊള്ളുന്ന മെമു റേക്കുകള്‍ പരിപാലനത്തിനായുള്ള 14.2 കോടിയുടെ പുതിയ പദ്ധതിക്കും തുടക്കമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: