കൊച്ചി : മുന്‍ മിസ് കേരള ഉള്‍പ്പടെ മൂന്ന് പേര് വാഹനാപകടത്തില്‍ മരിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ഐപിഎസ് ഉദ്യോഗസ്ഥരിലേക്കും അന്വേഷണം. അന്‍സി കബീറും സുഹൃത്തുക്കളും ഡിജെ പാര്‍ട്ടിക്കായി എത്തിയ നമ്പര്‍ 18 ഹോട്ടലില്‍ ഐപിഎസ് ഉദ്യോഗസ്ഥനും എത്തിയതായി സംസ്ഥാന ഇന്റലിജെന്‍സ് റിപ്പോര്‍ട്ട്.
തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന ഈ ഉദ്യോഗന്ഥന്‍ തുടര്‍ച്ചയായി കൊച്ചിയില്‍ സന്ദര്‍ശനം നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ചും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ ഒക്ടോബര്‍ 31-ന് കൊച്ചിയില്‍ എത്തിയെന്നാണ് കണ്ടെത്തല്‍. എന്തിന് എത്തിയെന്നതടക്കം തൃപ്തികരമായ വിശദീകരണം നല്‍കിയില്ലെങ്കില്‍ ഇയാള്‍ക്കെതിരെ നടപടിയുണ്ടാകും.
ഹോട്ടലിലെ ഹാര്‍ഡ് ഡിസ്കിനായുള്ള തെരച്ചിലില്‍ ഈ ഉദ്യോഗസ്ഥന്റെ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ട്. ഹാര്‍ഡ് ഡിസ്ക് പരിശോധിച്ചാല്‍ താന്‍ ഹോട്ടലില്‍ എത്തിയ കാര്യം പുറത്തുവരുമെന്ന് ഭയന്നായിരുന്നു ഇടപെടല്‍. തുടര്‍ന്ന് അന്വേഷണ സംഘത്തെ ഈ ഉന്നത ഉദ്യോഗസ്ഥന് വിളിച്ച് താക്കീതും ചെയ്തിരുന്നു.
ഹോട്ടലുടമ റോയിയുമായി ഇയാള്‍ക്ക് ബന്ധമുണ്ട്. ഇത് അറിയാവുന്ന കൊച്ചിയിലെ പോലീസുകാര്‍ റോയിക്ക് പല സൗകര്യങ്ങളും ഒരുക്കി നല്‍കിയിട്ടുണ്ട്. ഇത് കൂടാതെ ഇയാള്‍ക്ക് ഭൂമിയിടപാടുകള്‍ ഉള്ളതായും സംശയിക്കുന്നുണ്ട്. ഇത് കേന്ദ്രീകരിച്ചും അന്വേഷിക്കും. മരട്, നെട്ടൂര്‍ ഭാഗങ്ങളില്‍ ബിനാമി പേരില്‍ പല ഉന്നത ഉദ്യോഗസ്ഥരും ഭൂമി വാങ്ങിക്കൂട്ടുന്നതിനെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഈ ഉദ്യോഗസ്ഥനെതിരേ ഇതിന് മുമ്പും പരാതികള്‍ ഉയര്‍ന്നിരുന്നെങ്കിലും പോലീസ് തലപ്പെത്തെ മറ്റൊരു ഉന്നതന്റെ സംരക്ഷണം ലഭിച്ചിരുന്നു. എന്നാലിപ്പോള്‍ പോലീസ് തലപ്പത്തുനിന്ന് ഇത്തരം സംരക്ഷണത്തിന് സാധ്യതയില്ലെന്നാണ് സൂചന.
പോലീസ് മേധാവിയുടെ ഓഫീസ്തന്നെ നേരിട്ട് ഇടപെട്ടതിനാല്‍ അപകടം സംബന്ധിച്ച കേസില്‍ ഇനിയുള്ള അന്വേഷണം അതീവ ഗൗരവത്തിലാകും. ഈ സാഹചര്യത്തിലാണ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്. അതിനിടെ കേസുമായി ബന്ധപ്പെട്ട് ഡിജെപാര്‍ട്ടിയില്‍ പങ്കെടുത്തവരെ പോലീസ് വെള്ളിയാഴ്ച ചോദ്യം ചെയ്തു. നൂറ്റന്പതിലധികം പേരാണ് ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: