ആലപ്പുഴ: രാജ്യത്തെ പട്ടികവിഭാഗ, പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള വിവിധ സ്കോളര്‍ഷിപ്പുകള്‍ ഏകോപിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി ആരംഭിച്ചത് ശുഭകരമാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. യോഗനാദത്തില്‍ പേര് വെച്ചെഴുതിയ മുഖപ്രസംഗത്തിലാണ് വെള്ളാപ്പള്ളി നിലപാട് വ്യക്തമാക്കിയത്.
മാനദണ്ഡങ്ങള്‍, തുക, വിതരണ രീതികള്‍, സമയം എന്നിവ സംബന്ധിച്ച പരാതികളെത്തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്‍കൈയെടുത്ത് ഇക്കാര്യം പരിശോധിച്ചു. വിഷയം പഠിക്കാന്‍ മാസങ്ങള്‍ക്ക് മുമ്പേ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തില്‍ മന്ത്രിതല സമിതിയെയും നിയോഗിച്ചിരുന്നു.
സമിതിയുടെ ശുപാര്‍ശകള്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ഈ സാമ്പത്തികവര്‍ഷം തന്നെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നും പ്രതീക്ഷിക്കാം. ഒരേ ക്ലാസിലെ സ്കോളര്‍ഷിപ്പിന് ഒരേ തുകയും രക്ഷിതാക്കളുടെ വരുമാനത്തിന് ഒരേ മാനദണ്ഡവും വേണമെന്നാണ് റിപ്പോര്‍ട്ടില്‍ പ്രധാന നിര്‍ദേശമുള്ളത്. ഇന്ത്യയൊട്ടാകെ സ്കോളര്‍ഷിപ്പുകള്‍ ഒരേസമയം വിതരണം ചെയ്യണമെന്നും ശുപാര്‍ശയുണ്ട്.
കുമാരപിള്ള കമ്മിഷന് റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി സംസ്ഥാനം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിവരുന്ന സ്കോളര്‍ഷിപ്പിലും സ്റ്റൈപ്പന്റിലും പോരായ്മകളുണ്ട്. സംസ്ഥാന സര്‍ക്കാരും ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ പാ
ത പിന്തുടരണം. കേരളത്തില്‍ നടപ്പാക്കുന്ന പല സാമൂഹ്യക്ഷേമപദ്ധതികളിലും ജാതിയും മതവും തിരിച്ച്, കേട്ടാല്‍ അസംബന്ധമെന്ന് തോന്നുന്ന പലവിധ സഹായ പദ്ധതികളുമുണ്ട്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് സംസ്ഥാന പിന്നാക്കസമുദായ വികസന കോര്‍പ്പറേഷന്റെ വായ്പാ പദ്ധതികള്‍. ഒരേ പദ്ധതിക്ക് ഹൈന്ദവര്‍ ന്യൂനപക്ഷങ്ങളെക്കാള്‍ രണ്ട് മൂന്നും ശതമാനം അധികം പലിശ നല്‍കണം.
വായ്പാതുക ഹൈന്ദവരുടേതിനെക്കാള് ഇരട്ടിയും നല്‍കും. ഇതിനും പുറമേ കേന്ദ്രസര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് ന്യൂനപക്ഷങ്ങള്‍ക്ക് മാത്രമായി ഒട്ടേറെ പ്രത്യേകം വായ്പാ പദ്ധതികളും കോര്പ്പറേഷന് നടപ്പാക്കുന്നുണ്ട്. വിധവാസഹായവും ഗൃഹനിര്‍മ്മാണ വായ്പയുമെല്ലാം ഇതേപോലെ വിവേചനപരം തന്നെ. നവോത്ഥാന മുന്നേറ്റങ്ങളെ നോക്കി കൊഞ്ഞനം കുത്തുകയാണ് സര്‍ക്കാര്‍ വിലാസം പദ്ധതികളെന്നും യോഗനാദത്തിന്റെ എഡിറ്റോറിയലില്‍ വെള്ളാപ്പള്ളി വിമര്‍ശിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: