ന്യൂഡൽഹി : ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആയുധങ്ങൾ രാജ്യത്തിന്റെ വിവിധ സൈനിക കേന്ദ്രങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച സമര്‍പ്പിച്ചു. ഉത്തർപ്രദേശിലെ ഝാൻസിയിൽ നടന്ന ചടങ്ങിലാണ് പ്രതിരോധ സേന മേധാവികൾക്ക് പ്രധാനമന്ത്രി ആയുധങ്ങൾ കൈമാറിയത്.
ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ലൈറ്റ് ആക്രമണ ഹെലികോപ്റ്റർ പ്രധാനമന്ത്രി വ്യോമ സേന മേധാവിക്ക് കൈമാറി. ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സ് ലിമിറ്റഡിലാണ് ഈ ആക്രമണ ഹെലികോപ്റ്റർ നിർമ്മിച്ചത്. ആവശ്യത്തിന് ആയുധങ്ങളും ഇന്ധനവും വഹിച്ച് 5000 മീറ്റര്‍ ഉയരത്തില്‍ വരെ പറക്കാനും ലാന്റ് ചെയ്യാനും ഈ ആക്രമണഹെലികോപ്റ്ററിന് കഴിയും. ഇതോടെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആക്രമണ ഹെലികോപ്റ്റർ വ്യോമസേനയുടെ ഭാഗമായി. രാജ്യത്തിന് വേണ്ടി നടത്തിയ യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികർക്ക് പുഷ്പാർച്ചന നടത്താൻ സന്ദർശകർക്ക് അവസരം നൽകുന്ന ഇലക്ട്രോണിക് സംവിധാനവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
ഡിആർഡിഒ ഡിസൈൻ ചെയ്ത് ബിഇഎൽ നിർമ്മിച്ച നാവിക കപ്പലുകൾക്കായുളള അത്യാധുനിക ഇലക്ട്രോണിക് വാർഫെയർ സ്യൂട്ട് നാവിക സേനയ്ക്ക് പ്രധാനമന്ത്രി നൽകി. രാജ്യത്തെ സ്റ്റാർട്ട് അപ് കമ്പനികൾ നിർമ്മിച്ച ഡ്രോണുകളും യുഎവികളുമാണ് കരസേനയ്ക്ക് പ്രധാനമന്ത്രി സമ്മാനിച്ചു. 400 കോടിയുടെ ആന്റി ടാങ്ക് മിസൈലിനുള്ള പ്രൊപല്‍ഷന്‍ സംവിധാനവും മോദി ഉദ്ഘാടനം ചെയ്തു.
എൻസിസി(നാഷണൽ കാഡറ്റ് കോപ്സ്) അലുംനി അസോസിയേഷന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവ്വഹിച്ചു. എൻസിസി കാഡറ്റുകൾക്ക് കൂടുതൽ പരിശീലനം നൽകുന്നതിന് വേണ്ടിയുള്ള പദ്ധതികൾക്കും ശനിയാഴ്ച തുടക്കം കുറിച്ചു. ചടങ്ങിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ധനമന്ത്രി നിർമ്മല സീതാരാമൻ ഉൾപ്പെടെയുള്ളവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: