കൊല്ലം: സൗന്ദര്യലഹരി ഉപാസനയുടെ പ്രചാരണത്തിന്റെ ഭാഗമായി കൊല്ലത്ത് അനുഗ്രഹ പ്രഭാഷണത്തിനെത്തിയ സന്യാസി വര്യന് ശ്രീ ശ്രീ ശങ്കരഭാരതി സ്വാമികളെ എതിരേറ്റ് കൊല്ലം പൗരാവലി.
ആനന്ദവല്ലീശ്വരം ബ്രാഹ്മണസമാജം ഹാളില്‍ നല്കിയ സ്വീകരണത്തില്‍ നിരവധി ആചാര്യശ്രേഷ്ഠന്മാരും പങ്കാളികളായി. സൗന്ദര്യ ലഹരിയുടെ പ്രാധാന്യം ജീവിതത്തില്‍ പകര്‍ത്തുക എന്ന ദൗത്യം ഒരോരുത്തരും ഏറ്റെടുക്കണമെന്ന് അനുഗ്രഹ പ്രഭാഷണത്തില്‍ സ്വാമി പറഞ്ഞു. ഉത്തരകാശി ആദിശങ്കര വിദ്യാപീഠം സ്വാമി ഹരിബ്രഹ്മേന്ദ്രാനന്ദ തീര്‍ത്ഥ, പാലക്കാട് ദയാനന്ദ ആശ്രമം സ്വാമി കൃഷ്ണാത്മാനന്ദ സരസ്വതി, സംബോധ് ഫൗണ്ടേഷന് അദ്ധ്യാത്മാനന്ദ സരസ്വതി, കോഴിക്കോട്, അദ്വൈതാശ്രമം സ്വാമിനി ദിവ്യാനന്ദ പുരി, കേരളപുരം ആനന്ദധാം ആശ്രമം ബോധേന്ദ്ര തീര്‍ത്ഥസ്വാമികള്‍ എന്നിവര്‍ സ്വാമിയെ അനുഗമിച്ചു. പരിപാടിയുടെ കോ-ഓര്‍ഡിനേറ്റര്‍ എസ്. നാരായണസ്വാമിയുടെ നേത്യത്വത്തില്‍ നിരവധി പേര് പരിപാടിയില്‍ പങ്കാളികളായി.
മാതാ അമൃതാനന്ദമയീമഠത്തിലെ സന്ദര്‍ശനത്തിന് ശേഷമാണ് സ്വാമിജി ആനന്ദവല്ലീശ്വരത്ത് എത്തിയത്. അമ്മയെ സന്ദര്‍ശിച്ചതിനു ശേഷം അദ്ദേഹം ഗുരുഭക്തി, സാധന എന്നീ വിഷയങ്ങളെ അധികരിച്ച് പ്രഭാഷണം നടത്തി. അമ്മയുടെ ആശ്രമം സാധാരണക്കാര്‍ക്ക് വേണ്ടി നിരവധി ഉത്തമമായ കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്ന് ഭക്തജനങ്ങളില്‍നിന്നും അനേകകാലമായി ഞാന്‍ കേട്ടുകൊണ്ടിരിക്കുന്നു. പക്ഷേ, ഇന്നുവരെ ഇവിടെ എത്തിച്ചേരാന്‍ കഴിഞ്ഞില്ല. സൗന്ദര്യലഹരി യജ്ഞത്തിന്റെ ഭാഗമായി ഇപ്പോള്‍ മാതാ അമൃതാനന്ദമയി ദേവിയുടെ ആശ്രമത്തിലെത്തിച്ചേര്‍ന്നു. ആശ്രമത്തില്‍ നിന്നും ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അമ്മ വളരെയേറെ സഹായം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയുടെ ഭാഗമായി ഇന്ന് വൈകിട്ട് 4.30ന് കൊല്ലം പുതിയകാവ് ക്ഷേത്രത്തില്‍ സൗന്ദര്യ ലഹരി ഉപാസന സ്തോത്രം പാരായണ സമര്‍പ്പണം നടക്കും. 100 ശ്ലോകങ്ങളും പാരായണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: