കുന്നത്തൂര്‍: അശാസ്ത്രീയമായ നിര്‍മാണം മൂലം കല്ലട-കടപുഴ വില്ലേജ് ടൂറിസത്തിന്റെ കെട്ടിടം വെള്ളത്തിനടിയിലായി. കഴിഞ്ഞ വര്‍ഷം സപ്തംബറിലാണ് ഒരു കോടി 22 ലക്ഷം രൂപ ചെലവഴിച്ച് കടപുഴയില്‍ കല്ലടയാറിന്റെ തീരത്ത് കെട്ടിടം നിര്‍മിച്ചത്. ബോട്ട് സര്‍വ്വീസ്, ഭക്ഷണശാല, ഔട്ട് ഡോര്‍ കാറ്ററിംഗ്, പാര്‍ട്ടി ഹാള്‍, കുട്ടികള്‍കള്‍ക്കുള്ള പാര്‍ക്ക് തുടങ്ങിയ സംവിധാനങ്ങള്‍ ലക്ഷ്യമിട്ടാണ് ടൂറിസം പദ്ധതി ആരംഭിച്ചത്. എന്നാല്‍ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് ടൂറിസം മന്ത്രിയെക്കൊണ്ട് ഉദ്ഘാടനം നടത്തിയതല്ലാതെ മറ്റൊന്നും ഉണ്ടായില്ല.
കെട്ടിട നിര്‍മാണ സമയത്ത് തന്നെ ഇത് സംബന്ധിച്ച് അഴിമതി ആരോപണം ഉയര്‍ന്നിരുന്നു. ആംഗ്ലയറും ഷീറ്റും ഉപയോഗിച്ച് മേല്‍കൂര നിര്‍മ്മിച്ചിട്ടുള്ള കെട്ടിടത്തിന് ഇത്രയും തുക ചെലവാകില്ല എന്നതായിരുന്നു ആരോപണം. ചെറിയ മഴ പെയ്യുമ്പോള്‍ പോലും വെള്ളം കയറുന്ന സ്ഥലത്ത് കെട്ടിടം നിര്‍മിച്ചതിലും അശാസ്ത്രീയ ഉണ്ടായിരുന്നു. കടപുഴയാറ്റില്‍ ജലനിരപ്പുയര്‍ന്നാല്‍ പിന്നെ കരകവിഞ്ഞൊഴുകുന്ന വെള്ളം കെട്ടിടത്തിനുള്ളില്‍ കയറും. ഇപ്പോള്‍ പെയ്ത മഴയില്‍ കയറിയ വെള്ളം പൂര്‍ണമായും ഇതുവരെ ഇറങ്ങിയിട്ടില്ല. തൂണുകള്‍ ഉയര്‍ത്തി അതില്‍ കെട്ടിടം പണിയുന്നതിന് സാഹചര്യമുണ്ടായിട്ടും അധികൃതര്‍ അതിന് തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: