ഹൈദരാബാദ്: അധികാരത്തില്‍ തിരിച്ചെത്തിയതിന് ശേഷം മാത്രമേ ഇനി നിയമസഭയില്‍ പ്രവേശിക്കൂ എന്ന് പ്രതിജ്ഞായെടുത്ത് തെലുങ്കുദേശം പാര്‍ട്ടി അധ്യക്ഷന്‍ എന്‍ ചന്ദ്രബാബു നായിഡു. ഭരണകക്ഷിയായ വൈഎസ്ആര്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ തനിക്കെതിരെ തുടര്‍ച്ചയായി അധിക്ഷേപിക്കുന്നതില്‍ വേദനയുണ്ടെന്ന് വികാരം നിറഞ്ഞ സ്വരത്തില്‍ പ്രതിപക്ഷ നേതാവ് സഭയില്‍ പറഞ്ഞു.’കഴിഞ്ഞ രണ്ടര വര്‍ഷമായി, ഞാന്‍ അപമാനങ്ങള്‍ സഹിച്ചുവെങ്കിലും ശാന്തനായിരുന്നു. ഇന്ന്, അവര്‍ എന്റെ ഭാര്യയെപ്പോലും ലക്ഷ്യമിടുന്നു. ഞാന്‍ എപ്പോഴും ബഹുമാനത്തോടെയും അന്തസോടെയുമാണ് ജീവിച്ചിരുന്നത്. എനിക്കിത് സഹിക്കാന്‍ കഴിയില്ല,’ നായിഡു പറഞ്ഞു. .
അദ്ദേഹം പ്രസംഗം തുടര്‍ന്നുവെങ്കിലും നായിഡുവിന്റെ പരാമര്‍ശം നാടകമെന്ന് ഭരണകക്ഷി അംഗങ്ങള്‍ വിളിച്ചപ്പോഴും സ്പീക്കര്‍ തമ്മിനേനി സീതാറാം മൈക്ക് കട്ട് ചെയ്തു. കാര്‍ഷിക മേഖലയെക്കുറിച്ചുള്ള ഹ്രസ്വ ചര്‍ച്ചയ്ക്കിടെ സഭയില്‍ ഇരുപക്ഷവും തമ്മില്‍ രൂക്ഷമായ വാക്ക് കൈമാറ്റത്തെ തുടര്‍ന്നാണ് മുന്‍ മുഖ്യമന്ത്രി നിരാശ പ്രകടിപ്പിച്ചത്.
തുടര്‍ന്ന് തെലുങ്കു ദേശം പാര്‍ട്ടിയുടെ (ടിഡിപി) സംസ്ഥാന ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നായിഡു പൊട്ടിക്കരഞ്ഞു. തന്റെ ഭാര്യ ഒരിക്കലും രാഷ്ട്രീയത്തില്‍ ഇടപെട്ടിട്ടില്ല. എന്റെ ജീവിതത്തിന്റെ ഓരോ ചുവടിലും എന്നെ പ്രോത്സാഹിപ്പിക്കുക എന്നതൊഴിച്ചാല്‍, ഞാന്‍ അധികാരത്തിലായാലും പുറത്തായാലും അവള് ഒരിക്കലും രാഷ്ട്രീയത്തില്‍ ഇടപെട്ടിട്ടില്ല. എന്നിട്ടും അവര്‍ അവളെ അപമാനിക്കാന്‍ ശ്രമിച്ചു,’ നായിഡു പറഞ്ഞു. തന്റെ 40 വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തില്‍ ഇത്രയധികം പീഡനങ്ങള്‍ അനുഭവിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: