ഇന്ത്യയില്‍ ഏറ്റവും ജനപ്രിയവും കൂടുതല്‍ ആള്‍ക്കാരും ഉപയോഗിക്കുന്നതുമായ പാസ്വേഡുകളെ പറ്റിയുള്ള ഗവേഷണ വിവരങ്ങള്‍ പാസ്വേഡ് മാനേജര്‍ സേവനമായ നോര്‍ഡ്പാസ്സ് പുറത്തുവിട്ടു. ‘PASSWORD’ എന്നതാണ് ഇന്ത്യക്കാര്‍ക്ക് ഏറ്റവും ജനപ്രിയമായ പാസ്വേഡ്. ഐ ലവ് യൂ, കൃഷ്ണ, സായ്റാം, ഓംസായ്റാം തുടങ്ങിയവയാണ് മറ്റു ജനപ്രിയമായ പാസ്വേഡുകള്. എളുപ്പം പ്രവചിക്കാന്‍ സാധിക്കുന്നതും കീബോര്‍ഡിലെ ശ്രേണിയായ വരുന്ന അക്കങ്ങളുമൊക്കെയാണ് ഇന്ത്യക്കാര്‍ക്ക് ഏറ്റവും പ്രിയം.
12345, QWERTY പോലുള്ള പാസ്വേഡുകളും ജനപ്രിയ പാസ്വേഡുകളുടെ പട്ടികയില്‍ മുന്നിലാണ്. ആഗോള തലത്തിലും ഇത്തരം പാസ് വേഡുകള്‍ക്ക് വലിയ ജനപ്രീതി തന്നെയാണുള്ളത്. QWERTY യ്ക്ക് സമാനമായ മറ്റ് ഭാഷകളിലെ കീബോര്‍ഡ് ശ്രേണികളും ഈ പട്ടികയില്‍ വരും. പേരുകളും, ഇഷ്ടമുള്ള വാക്കുകളുമല്ലാം ഇന്ത്യക്കാരുടെ പതിവ് പാസ്വേഡുകളാണ്. 123456789, 12345678, india123, qwerty, abc123, xxx, indya123, 123123, abcd1234 എന്നിവയും ഇന്ത്യയില്‍ സാധാരണമായി കാണുന്ന പാസ്വേഡുകളാണ്.
കീബോര്‍ഡിലെ ലംബമായും, തിരശ്ചീനമായുമുള്ള കീകള്‍ ഉപയോഗിച്ചുള്ള പാസ് വേഡുകളാണ് പട്ടികയില്‍ ഇതിനു പിന്നിലുള്ളത്. പാസ്വേഡുകളായി മുന്നില്‍ വരുന്ന പേരുകള്‍ പ്രിയങ്ക, സഞ്ജയ്, രാകേഷ് എന്നിവയാണ്. ഐ ലവ് യു, സ്വീറ്റ് ഹാര്‍ട്ട്, ലവ്ലി, സണ്‍ഷൈന്‍ പോലുള്ള വാക്കുകളും ഇന്ത്യക്കാര്ക്കിഷ്ടപ്പെട്ടവയാണ്. ഹാക്കര്‍മാര്‍ക്ക് അനായാസം കണ്ടുപിടിക്കാന്‍ സാധിക്കുന്ന പാസ് വേഡുകളാണ് ഇതെല്ലാം. ദുര്‍ബലമായ ഈ പാസ്വേഡുകള് കണ്ടെത്താന്‍ ഹാക്കര്‍മാര്‍ക്ക് അധികം സമയമാവശ്യമില്ലെന്ന് ഗവേഷണം വ്യക്തമാക്കുന്നു. ഇന്ത്യയില്‍ 200ല്‍ 62 പാസ്വേഡുകളും ഒരു സെക്കന്റില്‍ താഴെ സമയം കൊണ്ട് ഹാക്ക് ചെയ്യാന്‍ സാധിക്കുന്നവയാണ്.
‘നിര്‍ഭാഗ്യവശാല്‍, പാസ്വേഡുകള് ദുര്‍ബലമായിക്കൊണ്ടിരിക്കുകയാണ്. ആളുകള്‍ ഇപ്പോഴും ശരിയായ രീതിയില്‍ പാസ്വേഡുകള് ഉപയോഗിക്കുന്നില്ലെന്ന് നോര്‍ഡ്പാസിന്റെ സിഇഒ ജോനാസ് കാര്‍ക്ലിസ് പറഞ്ഞു. ‘നമ്മുടെ ഡിജിറ്റല്‍ ജീവിതത്തിലേക്കുള്ള പ്രവേശന കവാടമാണ് പാസ്വേഡുകള് എന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ്. നമ്മള് കൂടുതല്‍ സമയം ഓണ്‍ലൈനില്‍ ചിലവഴിക്കുന്നുണ്ട് അതിനാല്‍ തന്നെ നമ്മുടെ സൈബര്‍ സുരക്ഷയുടെ കാര്യത്തിലും ജാഗ്രത കാണിക്കണമെന്നും കാര്‍ക്ലിസ് കൂട്ടിച്ചേര്‍ത്തു.
നിങ്ങള്‍ ഉപയോഗിക്കുന്ന പാസ്വേഡുകളില് ഏതെങ്കിലും ഈ പട്ടികയില്‍ ഉണ്ടെങ്കില്‍ എത്രയും വേഗം അവ മാറ്റി ശക്തമായൊരു പാസ്വേഡ് ഉപയോഗിക്കുക. ഇന്നത്തെ കാലത്ത് ഒരു വ്യക്തിക്ക് തന്നെ ഏകദേശം നൂറ് അക്കൗണ്ടുകളുണ്ടാകും. അതിനാല്‍ തന്നെ പാസ്വേഡുകള് സൂക്ഷിച്ചുവെക്കുക പ്രയാസമാണ്. പ്രത്യേകതയുള്ളതും സങ്കീര്‍ണവുമായ പാസ് വേഡുകള്ക്കായി പാസ്വേഡ് മാനേജറുകള്‍ ഉപയോഗിക്കാവുന്നതാണ്. ബയോമെട്രിക് ഓതന്റിക്കേഷന്, ലോക്കുകള്‍ എന്നിവയെല്ലാം ഉണ്ടെങ്കിലും പാസ്വേഡുകളുടെ അധിക സുരക്ഷ എപ്പോഴും നല്ലതാണെന്നും നോര്‍ഡ്പാസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: