മെല്‍ബണ്‍: മുന്‍ സഹപ്രവര്‍ത്തകയ്ക്ക് തന്റെ സ്വകാര്യഭാഗങ്ങളുടെ അടക്കം അശ്ലീല സന്ദേശങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നതിനു പിന്നാലെ ഓസ്ട്രേലിയന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ടിം പെയ്ന് രാജിവെച്ചു. നാലു വര്‍ഷം മുമ്പ് ടീമിന്റെ സപ്പോര്‍ട്ട് സ്റ്റാഫ് ആയിരുന്ന വനിതയുമായുള്ള ടെക്സ്റ്റ് സന്ദേശങ്ങള്‍ പുറത്തായതോടെയാണ് പെയ്ന് രാജി പ്രഖ്യാപിച്ചത്. ബുദ്ധിമുട്ടേറിയ തീരുമാനമാണിതെന്നും, എന്നാല്‍ തന്നെയും കുടുംബത്തെയും ക്രിക്കറ്റിനെയും സംബന്ധിച്ച് ഇത് ശരിയാണെന്നും വാര്‍ത്താസമ്മേളനത്തില്‍ രാജി പ്രഖ്യാപിച്ചു കൊണ്ട് പെയ്ന് പറഞ്ഞു.
2017 നവംബര്‍ 23ന് ബ്രിസ്ബെയ്നിലെ ആദ്യ ആഷസ് ടെസ്റ്റിന്റെ രാവിലെയും തലേന്നു വൈകുന്നേരവുമാണ് പെയ്നെ സഹപ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശങ്ങളയച്ചത്. 2018ല്‍ ഓസ്ട്രേലിയന്‍ മനുഷ്യാവകാശ കമ്മീഷനടക്കം യുവതി പരാതി നല്‍കിയിരുന്നു.
‘നാലു വര്‍ഷം മുമ്പ്, അന്നത്തെ ഒരു സഹപ്രവര്‍ത്തകയ്ക്ക് ടെക്സ്റ്റ് മെസേജ് അയച്ച സംഭവമാണ് ഈ തീരുമാനത്തിന്റെ പശ്ചാത്തലം. ആ സമയത്ത്, ആ സംഭവത്തെപ്പറ്റി ക്രിക്കറ്റ് ഓസ്ട്രേലിയയുടെ അച്ചടക്ക സമിതി അന്വേഷണം നടത്തുകയും ഉടനീളം ഞാന്‍ സഹകരിക്കുകയും ചെയ്തിരുന്നു. ക്രിക്കറ്റ് ടാസ്മാനിയ എച്ച്.ആര് അന്വേഷണത്തില്‍ ഞാന്‍ ക്രിക്കറ്റ് ഓസ്ട്രേലിയയുടെ പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്നാണ് കണ്ടെത്തിയത്. കുറ്റവിമുക്തനാക്കപ്പെട്ടെങ്കിലും ആ സംഭവത്തില്‍ എനിക്ക് അഗാധമായ ഖേദം അന്നും ഇപ്പോഴുമുണ്ട്.’
ആ സംഭവം കഴിഞ്ഞുപോയെന്നും ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാമെന്നുമാണ് ഞാന്‍ കരുതിയിരുന്നത്. പക്ഷേ, ഈയിടെയാണ് ആ സ്വകാര്യ സന്ദേശങ്ങള്‍ പരസ്യമാവാന്‍ പോവുകയാണെന്ന വിവരം ലഭിച്ചത്. 2017ലെ എന്റെ നടപടി ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ക്യാപ്റ്റനോ പൊതുസമൂഹത്തിനോ യോജിച്ചതായിരുന്നില്ലെന്നും പെയ്ന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: