Categories: Samskriti

ഈശ്വരന്റെ നിര്‍ഗുണത്വവും സഗുണത്വവും

പരബ്രഹ്മ ചൈതന്യമെന്ന നിലയില്‍ നിര്‍ഗുണനായിരിക്കെ, സര്‍വശക്തനെന്ന നിലയില്‍ സഗുണനായും ഭഗവാന്‍ ലോകത്തില്‍ അനുഭവവേദ്യനാകുന്നു. ഗുണാതീതനായിരിക്കെ തന്നെ ഭഗവാന്‍ സര്‍വഗുണ സമ്പന്നനുമാകുന്നു. സര്‍വ്വേശ്വരന്‍ മൂര്‍ത്തിത്രയങ്ങളായി സൃഷ്ടി, സ്ഥിതി, സംഹാരങ്ങള്‍ നടത്തുന്നു എന്ന വിശ്വാസവും പൗരാണികമായി ഹൈന്ദവര്‍ സ്വീകരിച്ചിട്ടുണ്ട്.

Published by

പ്രൊഫ. കെ. കെ. കൃഷ്ണന്‍ നമ്പൂതിരി

പരബ്രഹ്മ ചൈതന്യമെന്ന നിലയില്‍ നിര്‍ഗുണനായിരിക്കെ, സര്‍വശക്തനെന്ന നിലയില്‍ സഗുണനായും ഭഗവാന്‍ ലോകത്തില്‍ അനുഭവവേദ്യനാകുന്നു. ഗുണാതീതനായിരിക്കെ തന്നെ ഭഗവാന്‍ സര്‍വഗുണ സമ്പന്നനുമാകുന്നു. സര്‍വ്വേശ്വരന്‍ മൂര്‍ത്തിത്രയങ്ങളായി സൃഷ്ടി, സ്ഥിതി, സംഹാരങ്ങള്‍ നടത്തുന്നു എന്ന വിശ്വാസവും പൗരാണികമായി ഹൈന്ദവര്‍ സ്വീകരിച്ചിട്ടുണ്ട്.  

എന്നാല്‍ സന്ദര്‍ഭത്തിന്റെ പ്രത്യേകതയനുസരിച്ച് മൂര്‍ത്തിത്രയങ്ങളില്‍ ഒരു ദേവനെത്തന്നെ പരമാത്മാവും സര്‍വ്വേശ്വരനുമായി കണ്ട് അദ്ദേഹത്തെ ഇഷ്ടദേവനായി ഉപാസിക്കുന്നു. ആ സര്‍വ്വേശ്വരന്റെ കീഴില്‍ സൂര്യാദി ദേവന്മാര്‍ തങ്ങളുടെ സ്വധര്‍മം പാലിച്ച് ലോകധര്‍മം ചെയ്യുന്നുവെന്നാണ് വിശ്വാസം. ആ ദേവന്മാരെല്ലാം അതാതു പ്രവൃത്തികളെ സംബന്ധിച്ചേടത്തോളം ഈശ്വരന്റെ പ്രതിപുരുഷന്മാരെന്ന നിലയില്‍ ഈശ്വരന്‍ തന്നെയായി മാനിക്കപ്പെടുന്നതും ഏകദൈവവിശ്വാസത്തിന് ഭംഗം വരുത്തുന്നില്ല. അതുകൊണ്ടാണല്ലോ ‘സര്‍വ്വദേവനമസ്‌ക്കാരഃ കേശവം പ്രതി ഗച്ഛതിഃ’ എന്നു പറയാറുള്ളത്.  

ഭാഗവതത്തിലെ ശ്രുതിഗീതയില്‍ വേദങ്ങള്‍ ഭഗവാനെ സ്തുതിക്കുന്നിടത്ത് ഇങ്ങനെ പറയുന്നു. ‘അല്ലയോ ഭഗവാനേ, പാരമാര്‍ത്ഥികമായി നിര്‍ഗുണപരമാത്മസ്വരൂപനായ അങ്ങ് സ്വക്രിയമായ മായാശക്തിയെ ആശ്രയിച്ച് ജഗത് സൃഷ്ടി നടത്തിയിട്ട് എപ്പോഴാണോ സഗുണ മൂര്‍ത്തിയാകുന്നത് അപ്പോള്‍ മാത്രമേ ഞങ്ങള്‍ക്ക് അവിടുത്തെ രൂപം അപൂര്‍ണ്ണമായെങ്കിലും വര്‍ണിക്കുവാന്‍ കഴിയുന്നുള്ളൂ.’ അതായത് വ്യാവഹാരിക ദശയില്‍ മാത്രമാണ് ഭഗവാന്‍ സഗുണത്വം സ്വീകരിക്കുന്നത്. അല്ലാത്ത സമയമെല്ലാം ഭഗവാന്‍ നിര്‍ഗുണനാണെന്ന് താത്പര്യം. ചുരുക്കത്തില്‍ ഹിന്ദു ധര്‍മവിശ്വാസങ്ങളില്‍ ഈശ്വരന്റെ നിര്‍ഗുണത്വവും സഗുണത്വവും അവിരോധമായി പരസ്പര പൂരകമായി സമന്വയിച്ചിരിക്കുന്നു.  

വേദപ്രാമാണ്യം

ജീവിതത്തില്‍ ധര്‍മ്മകര്‍മ്മങ്ങളെപ്പറ്റിയും അവയുടെ കര്‍ത്തവ്യാകര്‍ത്തവ്യങ്ങളെപ്പറ്റിയും ശാസ്ത്രതത്ത്വങ്ങളെപ്പറ്റിയും നമുക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക് പരിഹാരം വേദമാണ്. വേദോക്തികളാണ് നിവൃത്തി മാര്‍ഗം. വേദങ്ങള്‍ എന്നത് ഇവിടെ ശ്രുതി, സ്മൃതി, പുരാണങ്ങള്‍ എന്ന വ്യാപകാര്‍ത്ഥത്തിലാണ് പ്രയോഗിച്ചിരിക്കുന്നത്. നടന്നിട്ടുള്ളവയും നടക്കാന്‍ സാധ്യതയുള്ളവയുമായ ചരിത്ര കഥകള്‍ കൊണ്ടും അര്‍ത്ഥവാദപരങ്ങളായ ദൃഷ്ടാന്ത കഥകള്‍ കൊണ്ടും വേദതത്ത്വങ്ങളെ വികസിപ്പിക്കുകയും വ്യാഖ്യാനിക്കുകയുമാണ് ഇതിഹാസ പുരാണങ്ങള്‍ ചെയ്തിരിക്കുന്നത്.  

പ്രധാനമായും ആചാരസംഹിതകളെ പറ്റി പ്രതിപാദിക്കുന്ന കൃതികളാണ് സ്മൃതികള്‍. സദാചാരങ്ങളെയും ദുരാചാരങ്ങളെയും വ്യവച്ഛേദിച്ചു പറയുന്നത് സ്മൃതികളിലാണ്.നമ്മുടെ മിക്ക ധാര്‍മ്മിക പ്രശ്‌നങ്ങള്‍ക്കും സന്ദേഹങ്ങള്‍ക്കും പരിഹാരം ഇവയിലുണ്ട്. സ്മൃതികള്‍ക്ക് അടിസ്ഥാനമായിരിക്കുന്നത് കല്പം, ധര്‍മശാസ്ത്രം തുടങ്ങിയ മറ്റു വൈദിക വിദ്യകളത്രേ. അവയെ എല്ലാം  ആധാരമാക്കി രചിക്കപ്പെട്ടവയാണ് ആചാരസംഹിതകളും പ്രായശ്ചിത്ത ശാസ്ത്രവും മറ്റും. ഇവയെല്ലാം ആധികാരിക സ്വഭാവമുള്ളവ തന്നെയാണ്.      

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by