പാലക്കാട്: ആര്‍എസ്എസ് പ്രവര്ത്തകന് സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം എസ്ഡിപിഐ ക്രിമിനലുകള്‍ രക്ഷപ്പെട്ട കാറിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു. വെളുത്ത നിറത്തിലുള്ള പഴയമോഡല്‍ മാരുതി 800 കാറിലാണ് അക്രമികള്‍ രക്ഷപെട്ടതെന്നാണ് പോലീസ് പറയുന്നത്. ഡോറുകളുടെ ഗ്ലാസില്‍ കറുത്ത കൂളിംഗ് ഫിലിം ഒട്ടിച്ചിട്ടുണ്ട്. വിവിധ സ്ഥലങ്ങളിലെ സിസിടിവികള്‍ പരിശോധിച്ചാണ് പ്രതികള്‍ സഞ്ചരിച്ച കാറിന്റെ വിവരങ്ങള്‍ ശേഖരിച്ചത്. കാറിനെക്കുറിച്ച് വിവരങ്ങള്‍ ലഭിക്കുന്നവര്‍ പാലക്കാട് ഡിവൈഎസ്പി പി സി ഹരിദാസിനെയോ, ടൗണ്‍ സൗത്ത് ഇന്‍സ്പെക്ടര്‍ ഷിജു എബ്രഹാമിനെയോ അറിയിക്കണമെന്നും പോലീസ് പറഞ്ഞു. ഫോണ്‍: 9497990095, 9497987146.
നേരത്തെ സഞ്ജിത്തിന്റെ കൊലപാതകകളില്‍ ഒരാളുടെ രേഖാചിത്രം പൊലീസ് തയ്യാറാക്കിയിരുന്നു. സഞ്ജിത്തിന്റെ കൊലനടക്കുമ്പോള്‍ അതിന് ദൃക്സാക്ഷിയായിരുന്ന ഭാര്യയുടെ സഹായത്തോടെയാണ് പോലീസ് രേഖാചിത്രം തയ്യാറാക്കിയത്. കോയമ്പത്തൂരില്‍ നിന്നുള്ള പരിശീലനം ലഭിച്ചവരാണ് കൊലപാതകികളെന്നാണ് നിഗമനം. കൊലപാതകം കഴിഞ്ഞ് രണ്ട് ദിവസമായിട്ടും ഒരു തുമ്പും കണ്ടെത്താനായിട്ടില്ല. തമിഴ്നാടും കോയമ്പത്തൂരും കേന്ദ്രീകരിച്ചാണ് അന്വേഷണം.
ആര്‍എസ്എസ് പ്രവര്ത്തകന് സഞ്ജിത്ത് കൊല്ലപ്പെട്ട സംഭവം അപലപനീയമാണെന്ന് ആര്‍എസ്എസ് അഖില ഭാരതീയ സഹ സര്‍കാര്യവാഹ് ഡോ. മന്മോഹന് വൈദ്യ. ഇത്തരത്തിലുള്ള ആസൂത്രിതമായ കൊലപാതകങ്ങള്‍ തടയുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു. വിഷയത്തില്‍ ന്യായമായ അന്വേഷണം നടത്തണമെന്നും സഞ്ജിത്തിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയശേഷം അദേഹം പറഞ്ഞു.
സഞ്ജിത്തിന്റെ മരണം വളരെ ദൗര്‍ഭാഗ്യകരവും അത്യന്തം അപലപനീയവുമാണ്. ഈ ഭീകരപ്രവര്‍ത്തനത്തെ ശക്തമായി അപലപിക്കുകയും മരിച്ചയാളുടെ കുടുംബത്തോടൊപ്പം ഉറച്ചുനില്‍ക്കുകയും ചെയ്യുന്നു. ആസൂത്രിത കൊലപാതകങ്ങള്‍ തടയുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു എന്നത് വളരെ ദയനീയമാണ്. സ്വയംസേവകരെ ലക്ഷ്യമിട്ടുള്ള കൊലപാതകത്തില്‍ ഭരണകക്ഷിയായ സിപിഎമ്മും ഇസ്ലാമിക ശക്തികളും തമ്മില്‍ രഹസ്യധാരണയുണ്ട്. മുന്‍കാല അനുഭവങ്ങളില്‍ നിന്ന് തന്നെ ഇത് വ്യക്തമാണ്.
സഞ്ജിത്തിന്റെ കൊലപാതകത്തില്‍ സമഗ്രമായ അന്വേഷണം നടത്തണം. അക്രമികളെ എത്രയും വേഗം പിടികൂടി ശിക്ഷിക്കണം. സിപിഎം സര്‍ക്കാരില്‍ നിന്നും നീതി ലഭിച്ചില്ലെങ്കില്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണം. അക്രമികള്‍ക്ക് ഭീകര ബന്ധമുള്ളതിനാല്‍ സഞ്ജിത്തിന്റെ കൊലപാതകത്തില്‍ വിശദമായ എന്‍ഐഎ അന്വേഷണം വേണമെന്നും മന് മോഹന്‍ വൈദ്യ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: