തൃശ്ശൂര്‍: ബസില്‍ യാത്രയ്ക്കിടെ നെഞ്ചു വേദന അനുഭവപ്പെട്ട സ്ത്രീയുടെ ജീവന് രക്ഷിക്കാനായതിന്റെ സന്തോഷത്തിലാണ് സ്വകാര്യ ബസ് ജീവനക്കാരായ റിബിന് ബാലനും ഷംസീറും. ചാവക്കാട്ടു നിന്ന് തൃശൂരിലക്ക് സര്‍വീസ് നടത്തുന്ന ജോണീസ് (വില്ലന്‍) ബസിലെ ഡ്രൈവര്‍ ചാവക്കാട് സ്വദേശി റിബിന് ബാലന് (31), കണ്ടക്ടര്‍ എടക്കഴിയൂര്‍ സ്വദേശി ഷംസീര്‍ (30) എന്നിവരാണ് യാത്രക്കാരിയ്ക്ക് രക്ഷകരായത്.
ഇന്നലെ രാവിലെ 7.10നായിരുന്നു സംഭവം. ചാവക്കാട് നിന്ന് തൃശൂരിലേക്കുള്ള ട്രിപ്പിനിടെ പറപ്പൂരെത്തിയപ്പോഴാണ് ബസില്‍ യാത്ര ചെയ്തിരുന്ന ചാവക്കാട് സ്വദേശിനിയായ സ്ത്രീയ്ക്ക് നെഞ്ചുവേദനയുണ്ടായത്. സഹയാത്രികര്‍ ഉടനെ വിവരം കണ്ടക്ടര്‍ ഷംസീറിനെ അറിയിച്ചു. യാത്രാക്കാരിയുടെ അവസ്ഥ കുറച്ച് മോശമാണെന്ന് മനസിലാക്കിയ ഷംസീര്‍ ഉടനെ അമല ആശുപത്രിയിലേക്ക് ബസ് വിടാന്‍ ഡ്രൈവര്‍ റിബിന് ബാലനോട് പറഞ്ഞു. രാവിലത്തെ ട്രിപ്പായിരുന്നതിനാല്‍ ബസില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു. ആശുപത്രിയ്ക്ക് മുന്നില്‍ ബസ് നിര്‍ത്തുമ്പോഴേക്കും ഏറെക്കുറെ അബോധാവസ്ഥയിലായിരുന്ന യാത്രാക്കാരി ഷംസീറിന്റെ ദേഹത്തേക്ക് തളര്‍ന്നു വീണു.
ബസില്‍ യാത്ര ചെയ്തിരുന്ന സ്ത്രീയുടെ ജീവന് രക്ഷിക്കുകയെന്നത് ജീവനക്കാരായ തങ്ങളുടെ കടമയാണെന്ന് ബോധ്യപ്പെട്ട ഷംസീറും റിബിനും യാത്രക്കാരെ ഇറക്കാതെ ബസ് നേരെ ആശുപത്രി അത്യാഹിത വിഭാഗത്തിന് മുന്നില്‍ കൊണ്ടു നിര്‍ത്തി. തുടര്‍ന്ന് ഷംസീറും റിബിനും ചേര്‍ന്ന് യാത്രാക്കാരിയെ ബസില്‍ നിന്നെടുത്ത് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ട്രിപ്പ് കട്ട് ചെയ്ത് വേതനം പോലും വകവെക്കാതെയാണ് രോഗിയുമായി ബസ് നേരെ ആശുപത്രിയിലെത്തിച്ചത്.
പിന്നീട് രോഗിക്ക് വേണ്ട സഹായങ്ങള്‍ ചെയ്ത് കൊടുത്ത് ഇവരുടെ ബന്ധുക്കളെ വിവരം അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് സമയം വൈകിയെങ്കിലും ബസിലുണ്ടായിരുന്ന മറ്റു യാത്രക്കാരെ ഉടനെ തൃശൂരിലെത്തിച്ചു. ശക്തന് സ്റ്റാന്റില്‍ ബസ് എത്തി യാത്രക്കാരെ ഇറക്കിയ ഉടനെ ആശുപത്രിയിലേക്ക് വിളിച്ച് രോഗിയുടെ വിവരം അന്വേഷിക്കുയായിരുന്നു ഷംസീറും റിബിനും ചെയ്തത്. നെഞ്ചുവേദനയുണ്ടായപ്പോള്‍ വൈകാതെ ആശുപത്രിയിലെത്തിച്ചതിനാല്‍ യാത്രാക്കാരിയുടെ ജീവന് രക്ഷിക്കാനായെന്നും ഇവര്‍ അപകടനില തരണം ചെയ്തുവെന്നും അറിയിച്ചപ്പോഴാണ് സമാധാനമായതെന്ന് ഷംസീറും റിബിനും പറഞ്ഞു.
ഷംസീര്‍ 12 വര്‍ഷമായും റിബിന് ആറു വര്‍ഷമായും ബസ് ജീവനക്കാരായി ജോലി ചെയ്യുകയാണ്. ഇത്രയും വര്‍ഷത്തെ ജോലിയ്ക്കിടയില്‍ ഇത്തരമൊരു അനുഭവം ആദ്യത്തേതാണ്. അതിനാല്‍ ട്രിപ്പ് മുടക്കുന്നതും സാമ്പത്തിക നഷ്ടവുമൊന്നും നോക്കാന്‍ നിന്നില്ല. ഒരാളുടെ ജീവന് രക്ഷിക്കാനുള്ള തിടുക്കമായിരുന്നു ആ സമയത്ത് മനസിലുണ്ടായിരുന്ന ചിന്തയെന്ന് ഷംസീറും റിബിനും പറയുന്നു. യാത്രക്കാരിയുടെ ജിവന് രക്ഷിക്കാന്‍ തങ്ങള്‍ ജോലി ചെയ്യുന്ന ബസിനെ ‘ആംബുലന്‍സാ’ക്കിയ ഇരുവരെയും സുഹൃത്തുക്കളുള്‍പ്പെടെ നിരവധി പേര് ഇതിനകം ഫോണ്‍ വിളിച്ച് അഭിനന്ദനമറിയിച്ചു. സമൂഹ മാധ്യമങ്ങളില്‍ ഇവരുടെ സുമനസിനെയും സേവനത്തെയും കുറിച്ച് നിരവധി പേര് പോസ്റ്റിട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: