പാലക്കാട് : ആര്‍എസ്എസ് പ്രവര്ത്തകന് സഞ്ജിത്ത് കൊല്ലപ്പെട്ട സംഭവം അപലപനീയം. ഇത്തരത്തിലുള്ള ആസൂത്രിതമായ കൊലപാതകങ്ങള്‍ തടയുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു. വിഷയത്തില്‍ ന്യായമായ അന്വേഷണം നടത്തണമെന്ന് ആര്‍എസ്എസ് അഖില ഭാരതീയ സഹ സര്‍കാര്യവാഹ് ഡോ. മന്മോഹന് വൈദ്യ. സഞ്ജിത്തിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
സഞ്ജിത്തിന്റെ മരണം വളരെ ദൗര്‍ഭാഗ്യകരവും അത്യന്തം അപലപനീയവുമാണ്. ഈ ഭീകരപ്രവര്‍ത്തനത്തെ ശക്തമായി അപലപിക്കുകയും മരിച്ചയാളുടെ കുടുംബത്തോടൊപ്പം ഉറച്ചുനില്‍ക്കുകയും ചെയ്യുന്നു. ആസൂത്രിത കൊലപാതകങ്ങള്‍ തടയുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു എന്നത് വളരെ ദയനീയമാണ്. സ്വയംസേവകരെ ലക്ഷ്യമിട്ടുള്ള കൊലപാതകത്തില്‍ ഭരണകക്ഷിയായ സിപിഎമ്മും ഇസ്ലാമിക ശക്തികളും തമ്മില്‍ രഹസ്യധാരണയുണ്ട്. മുന്‍കാല അനുഭവങ്ങളില്‍ നിന്ന് തന്നെ ഇത് വ്യക്തമാണ്.
സഞ്ജിത്തിന്റെ കൊലപാതകത്തില്‍ സമഗ്രമായ അന്വേഷണം നടത്തണം. അക്രമികളെ എത്രയും വേഗം പിടികൂടി ശിക്ഷിക്കണം. സിപിഎം സര്‍ക്കാരില്‍ നിന്നും നീതി ലഭിച്ചില്ലെങ്കില്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണം. അക്രമികള്‍ക്ക് ഭീകര ബന്ധമുള്ളതിനാല്‍ സഞ്ജിത്തിന്റെ കൊലപാതകത്തില്‍ വിശദമായ എന്‍ഐഎ അന്വേഷണം വേണമെന്നും മന് മോഹന്‍ വൈദ്യ ആവശ്യപ്പെട്ടു.
പിഎഫ്ഐയുടെ ഭീകരവാദ ബന്ധങ്ങളെയും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളെയും കുറിച്ചും അന്വേഷണം നടത്തണം. സമൂഹത്തിലെ സാമുദായിക സൗഹാര്‍ദ്ദവും സമാധാനവും തകര്‍ക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് ഈ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നത്. എസ്ഡിപിഐ സംഘടനയെ നിരോധിക്കണമെന്ന് സംസ്ഥാന- കേന്ദ്ര സര്‍ക്കാരുകളോട് താന്‍ അഭ്യര്‍ത്ഥിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: