പാലക്കാട്: തീവണ്ടികളുടെ നിയന്ത്രണ സംവിധാനത്തിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കഞ്ചിക്കോട് – വാളയാര്‍ സ്റ്റേഷനുകള്‍ക്കിടക്ക് ബി ലൈനില്‍, റെയില്‍വേ ഇന്റര്‍മീഡിയറ്റ് സിഗ്നല്‍ സംവിധാനം സ്ഥാപിക്കുന്നു.
സ്റ്റേഷനുകള്‍ക്കിടക്കുള്ള 12.34 കിലോമീറ്റര്‍ ദൂരത്തെ രണ്ടാക്കി കഞ്ചിക്കോട്, വാളയാര്‍ സ്റ്റേഷനുകളില്‍നിന്ന് നിയന്ത്രിക്കാവുന്ന തരത്തില്‍ സിഗ്നലുകള്‍ ഒരുക്കുന്നതാണ് ഇന്റര്‍മീഡിയറ്റ് ബ്ലോക്ക് സിഗ്നല്‍ സംവിധാനം. തീവണ്ടികളുടെ സമയനിഷ്ഠ ഉറപ്പാക്കുന്നതിനും സെക്ഷനുകളില്‍ കൈകാര്യം ചെയ്യാവുന്ന വണ്ടികളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനും ഇതിലൂടെ കഴിയും. ഈ മാസം അവസാനത്തോടെ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യം.
കഞ്ചിക്കോട് – വാളയാര്‍ പാത കടന്നുപോകാന്‍ യാത്രാവണ്ടികള്‍ 12 മുതല്‍ 14 മിനുട്ടും ഗുഡ്സ് ട്രെയിനുകള്‍ക്ക് 20 മിനുട്ടുമാണ്. കഞ്ചിക്കോടുനിന്ന് വളയാറിലേക്കൊരു വണ്ടി പുറപ്പെട്ടാല്‍ ഇത്രയും സമയം പിന്നില്‍ വരുന്ന വണ്ടി കാത്തിരിക്കണം. ഐബിഎസ് പ്രവര്‍ത്തന ക്ഷമമാവുന്നതോടെ പിന്നാലെ വരുന്ന വണ്ടികള്‍ കാത്തുനില്‍ക്കേണ്ട സമയം, യാത്രാവണ്ടിയാണ് മുന്നില്‍ കടന്നുപോയിട്ടുള്ളതെങ്കില്‍ ആറുമുതല്‍ ഏഴു മിനുട്ടും ചരക്കുവണ്ടിയാണെങ്കില്‍ 10 മുതല്‍ 12 മിനിറ്റുമായി ചുരുങ്ങും.
കഞ്ചിക്കോടിനും വാളയാറിനും ഇടയില്‍ നിലവില്‍ വരുന്ന ഐബിഎസ് സംവിധാനം പാലക്കാട് ഡിവിഷനില്‍ എട്ടാമത്തേതാണ്. പാലക്കാട് – പറളി, പറളി – ലക്കിടി, തിക്കോടി – വടകര, വടകര – മാഹി, പയ്യന്നൂര്‍ – ചെറുവത്തൂര്‍, കാഞ്ഞങ്ങാട് – കോട്ടിക്കുളം, കുമ്പള – മഞ്ചേശ്വരം എന്നീ റെയില്‍വേ സെക്ഷനുകളില്‍ ഐ ബിഎസ് സംവിധാനം പ്രവര്‍ത്തിക്കുന്നുണ്ട്. 2018-2019 വര്‍ഷത്തെ ബജറ്റില്‍ റെയില്‍വേ യാത്രാസംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള നിധിയില്‍നിന്ന് 4.12 കോടി രൂപയാണ് ഈ പദ്ധതിക്കായി അനുവദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: