ന്യൂദല്‍ഹി: ലൈംഗിക കുറ്റകൃത്യത്തിന് ‘ചര്‍മ്മം തമ്മില്‍’ സമ്പര്‍ക്കം അനിവാര്യമാണെന്ന ബോംബെ ഹൈക്കോടതിയുടെ വിവാദ വിധി സുപ്രീം കോടതി വ്യാഴാഴ്ച റദ്ദാക്കി. വസ്ത്രത്തിനു മുകളിലൂടെ ആയായും ലൈംഗിക ഉദ്ദേശത്തോടെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ മാറിടത്തില്‍ അടക്കം സ്പര്‍ശിക്കുന്നത് പോക്‌സോ നിയമത്തിന്റെ ഏഴാം വകുപ്പ് പ്രകാരം കുറ്റകരമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. പോക്‌സോ നിയമത്തെ തന്നെ പരാജയപ്പെടുത്തുന്ന ബോംബെ ഹൈക്കോടതിയുടെ സങ്കുചിതമായ വ്യാഖ്യാനം അംഗീകരിക്കാന്‍ കഴിയില്ലെന്നും സുപ്രീം കോടതി പറഞ്ഞു. മുംബൈ ഹൈക്കോടതിയുടെ വിചിത്രമായ വിധിയെ സുപ്രീം കോടതി വിമര്‍ശിക്കുകയും ചെയ്തു.
ഹൈക്കോടതി വിധിക്കെതിരെ അറ്റോര്‍ണി ജനറലും ദേശീയ വനിതാ കമ്മീഷനും മഹാരാഷ്‌ട്ര സംസ്ഥാനവും നല്‍കിയ അപ്പീലിലാണ് ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത്, ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് വിധി പ്രസ്താവിച്ചത്.
പോക്‌സോ സെക്ഷന്‍ 7 പ്രകാരം ‘സ്പര്‍ശനം’ അല്ലെങ്കില്‍ ‘ശാരീരിക സമ്പര്‍ക്കം’ നിയന്ത്രിക്കുന്നത് അസംബന്ധമാണെന്നും കുട്ടികളെ ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനായി നടപ്പിലാക്കിയ നിയമത്തിന്റെ ഉദ്ദേശശുദ്ധിയെ നശിപ്പിക്കുമെന്നും വിധിവായിച്ച ജസ്റ്റിസ് ബേല ത്രിവേദി പറഞ്ഞു. പോക്‌സോയുടെ സെക്ഷന്‍ 7ന് കീഴിലുള്ള ‘സ്പര്‍ശനം’, ‘ശാരീരിക സമ്പര്‍ക്കം’ എന്നീ പദപ്രയോഗങ്ങളുടെ അര്‍ത്ഥം ‘ചര്‍മ്മത്തില്‍ നിന്ന് ചര്‍മ്മത്തില്‍ സമ്പര്‍ക്കത്തിലേക്ക്’ പരിമിതപ്പെടുത്തുന്നത് സങ്കുചിതവും അനുചിതവുമായ വ്യാഖ്യാനം മാത്രമല്ല, വ്യവസ്ഥയുടെ അസംബന്ധ വ്യാഖ്യാനത്തിനും ഇടയാക്കും.
അത്തരമൊരു വ്യാഖ്യാനം സ്വീകരിക്കുകയാണെങ്കില്‍, ശാരീരികമായി ഉപദ്രവിക്കുന്ന സമയത്ത് കയ്യുറകളോ മറ്റേതെങ്കിലും വസ്തുക്കളോ ഉപയോഗിക്കുന്ന ഒരാള്‍ക്ക് കുറ്റത്തിന് ശിക്ഷ ലഭിക്കില്ല. അതൊരു അസംബന്ധ സാഹചര്യമായിരിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. വസ്ത്രത്തിന് മുകളിലൂടെ ശരീരത്തില്‍ പിടിക്കുന്നത് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354ാം വകുപ്പ് പ്രകാരമുള്ള കുറ്റം മാത്രമേ ആകൂവെന്ന് ബോംബൈ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
ചര്‍മത്തില്‍ സ്പര്‍ശിക്കാതെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മാറിടത്തില്‍ തൊടുന്നത് പോക്‌സോ നിയമപ്രകാരമുള്ള ലൈംഗിക അതിക്രമത്തിന്റെ പരിധിയില്‍പ്പെടില്ലെന്നായിരുന്നു ബോംബെ ഹൈക്കോടതിയുടെ വിവാദ ഉത്തരവ്. പേരയ്‌ക്ക നല്‍കാമെന്ന് പറഞ്ഞ് 12 വയസ്സുകാരിയെ വിളിച്ചുവരുത്തുകയും മാറിടത്തില്‍ സ്പര്‍ശിക്കുകയും വസ്ത്രം മാറ്റാന്‍ ശ്രമിച്ചുവെന്നുമാണ് കേസിലായിരുന്നു ബോംബെ ഹൈക്കോടതിയുടെ വിധി. കേസിലെ പ്രതിയായ സതീഷിന് നേരത്തെ പോക്‌സോ നിയമപ്രകാരം വിചാരണ കോടതി വിധിച്ച ശിക്ഷ ഹൈക്കോടതി റദ്ദാക്കിയിരുന്നു. എന്നാല്‍ വിചാരണ കോടതി വിധി സുപ്രീം കോടതി ശരിവച്ചതോടെ പ്രതിക്ക് മൂന്ന് വര്‍ഷത്തെ ശിക്ഷ അനുഭവിക്കണം. ഒപ്പം വിചാരണ കോടതി വിധിച്ച പിഴയും ഒടുക്കണം.
വിധി പ്രസ്താവിച്ചതിന് ശേഷം ജസ്റ്റിസ് ലളിത്, അമിക്കസ് ക്യൂറിയും മുതിര്‍ന്ന അഭിഭാഷകനുമായി സിദ്ധാര്‍ത്ഥ് ദവെ, സുപ്രീം കോടതി ലീഗല്‍ സര്‍വീസസ് കമ്മിറ്റിക്ക് വേണ്ടി പ്രതികള്‍ക്ക് നിയമസഹായം നല്‍കിയ മുതിര്‍ന്ന അഭിഭാഷകന്‍ സിദ്ധാര്‍ത്ഥ് ലൂത്ര എന്നിവര്‍ക്ക് പ്രിസൈഡിംഗ് ജഡ്ജി നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: