ന്യൂദല്‍ഹി: ഇസ്രയേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് അടുത്ത വര്‍ഷം ഇന്ത്യ സന്ദര്‍ശിക്കും. വര്ഷാദ്യത്തിലോ മധ്യത്തിലോ സന്ദര്‍ശനം ഉണ്ടാകും. ഇരുരാജ്യങ്ങള്‍ക്കും സൗകര്യപ്രദമായ ഒരു തീയതിക്കായി കാക്കുകയാണെന്ന് ഇസ്രയേല്‍ അംബാസഡര്‍ നാര് ഗിലോണ്‍ പറഞ്ഞു.
ഗ്ലാസ്ഗോയില്‍ നടക്കുന്ന യുഎന്‍ കാലാവസ്ഥാ വ്യതിയാന സമ്മേളനത്തോടനുബന്ധിച്ച് മോദിയും നഫ്താലിയും കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രതിരോധം, പരിസ്ഥിതി, ആഗോള, പ്രാദേശിക വിഷയങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവിധ വിഷയങ്ങളിലെ ചര്‍ച്ചകള്‍ക്ക് പുറമെ, ഇസ്രയേലില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ജനപ്രീതി കണക്കിലെടുത്ത് തന്റെ പാര്‍ട്ടിയില്‍ ചേരാന്‍ നഫ്താലി പ്രധാനമന്ത്രി മോദിയോട് ആവശ്യപ്പെട്ടതും വലിയ വാര്‍ത്തയായിരുന്നു.
ഇരുരാജ്യങ്ങളും സ്വതന്ത്ര വ്യാപാര കരാര്‍ ചര്‍ച്ചകള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് നാര് ഗിലോണ്‍ പറഞ്ഞു. ഇസ്രയേല്‍ മുന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു 2018 ജനുവരിയില്‍ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. പിന്നാലെ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ഇസ്രയേല്‍ സന്ദര്‍ശിച്ചു. ഇപ്പോള്‍ ഇന്ത്യന്‍ കരസേനാ മേധാവി ജനറല്‍ എം.എം നരവാനെ ഇസ്രയേല്‍ സന്ദര്‍ശനത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: