ഗുവാഹത്തി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ഭാരതത്തിന്റെ കാവല്ക്കോട്ടകളാണെന്ന് ആസാം മുഖ്യമന്ത്രി ഹീമാന്ത ബിശ്വ ശര്‍മ്മ. ദേശീയ വികാരം അലയടിക്കുന്നതിന്റെ തെളിവാണ് മണിപ്പൂരില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച കത്നി കൊന്യാക്കിന്റെ ധീരപിതാവ് ഗ്രാമവാസികള്‍ക്ക് മുമ്പില്‍ അഭിമാനത്തോടെ പറഞ്ഞ വാക്കുകളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
‘രാജ്യത്തെ ശക്തമാക്കാന്‍ രണ്ട് ആണ്മക്കളെ ഞാന്‍ നല്കി, ഇന്ന് ഒരാള്‍ ത്രിവര്‍ണ്ണ പതാകയില്‍ പൊതിഞ്ഞ് വീട്ടിലേക്ക് മടങ്ങി, ഒരു മകന് കൂടി എനിക്കുണ്ട്. കൊന്യാക് സഹോദരന്മാര് മരണത്തെ ഭയക്കില്ല. അവര്‍ രാജ്യത്തെ സേവിക്കുന്നത് തുടരണം. എന്റെ മകന് നാടിന് വേണ്ടി രക്തം നല്കി. ആ ബലിദാനത്തില്‍ ഞാന്‍ അഭിമാനിക്കുകയാണ്….’ നവംബര്‍ 13 ന് മണിപ്പൂരിലെ ചുരാചന്ദ്പൂരില്‍ ഭീകരരുടെ ആക്രമണത്തില്‍ വീരമൃത്യു വരിച്ച റൈഫിള്‍മാന്‍ കാത്നി കൊന്യാക്കിന്റെ ധീരപിതാവ്, നാഗാലാന്‍ഡിലെ ടിസിറ്റില് മകന്റെ സംസ്കാര ചടങ്ങിനിടെ ഗ്രാമവാസികളെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞതാണിത്. വടക്കുകിഴക്കന്‍ മേഖലയിലെ ജനങ്ങള്‍ കൊന്യാക്കിന്റെ വാക്കുകളെ നെഞ്ചേറ്റുകയാണെന്ന് ഹിമന്തബിശ്വശര്‍മ്മ പറഞ്ഞു.
ബക്സ ജില്ലയില്‍ ബരാമയില് വീരബലിദാനി സുമന് സ്വര്‍ഗിയരിയുടെ കുടുംബത്തെ സന്ദര്‍ശിക്കുമ്പോഴാണ് മാറുന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെക്കുറിച്ച് ആസാം മുഖ്യമന്ത്രി വാചാലനായത്. സംസ്ഥാന സര്‍ക്കാരില്‍ നിന്നുള്ള 50 ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രി കുടുംബത്തിന് കൈമാറി. മണിപ്പൂര്‍ ഭീകരാക്രമണത്തില്‍ സുമന് സ്വര്ഗിയരിയും വീരമൃത്യു വരിച്ചിരുന്നു. സ്വര്‍ഗിയരിയുടെ വീട്ടിലേക്ക് ഗ്രാമപാത നിര്‍മിക്കുമെന്നും അതിന് സ്വര്‍ഗിയരിയുടെ പേര് നല്‍കുമെന്നും ഡോ. ശര്‍മ്മ പറഞ്ഞു.
മണിപ്പൂരിലെ ചുരാചന്ദ്പൂരില്‍ വീരമൃത്യുവരിച്ച 46ആസാം റൈഫിള്‍സിലെ അഞ്ച് സൈനികരെ ആദരിക്കുന്നതിനായി മിസോറാം ആസ്ഥാനമായുള്ള ആസാം റൈഫിള്‍സ് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ചടങ്ങില്‍ മിസോറാം ഗവര്‍ണര്‍ ഹരി ബാബു കമ്പംപതി, ഡിജിപി എസ്ബികെ സിങ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: