‘നേരിടേണ്ടത് കാലാവസ്ഥാ വ്യതിയാനത്തെയല്ല, ഫോസില്‍ വ്യവസായത്തിന്റെ രാഷ്ട്രീയ ശക്തിയെയാണ്’ എന്ന ആത്യന്തിക സത്യം വിളിച്ചുപറഞ്ഞത് ഒരു ആസ്ട്രേലിയന്‍ ഷെയര്‍ ട്രേഡര്‍ ആയ റിച്ചാര്‍ഡ് ഡെന്നിസ് ആണ്. ഭാരതത്തിന്റെ മാത്രം ഊര്‍ജ്ജ ഇറക്കുമതി കഴിഞ്ഞ വര്‍ഷം 12 ലക്ഷം കോടി രൂപയുടേതാണ്. ഇതില്‍ കല്‍ക്കരിയുടെ ഇറക്കുമതി ഏതാണ്ട് 200 മില്യണ്‍ ടണ്‍ (2019 ലെ കണക്ക്)
ഉണ്ടെങ്കിലും ഭൂരിഭാഗവും പെട്രോളിയം ഉല്പന്നങ്ങളാണ്. അതുകൊണ്ട് ഈ സാമ്പത്തിക വരുമാനം ലഭിക്കുന്ന കമ്പനികളും രാഷ്ട്രീയ നേതൃത്വവും അവരുടെ രാജ്യങ്ങളും എത്രമാത്രം ഭാരതത്തിന്റെ ഫോസില്‍ ഇന്ധനവിരുദ്ധ നീക്കങ്ങളെ തടയിടുമെന്ന സാമാന്യബോധം നമുക്കുണ്ടാകണം. പലരും കരുതുന്നതുപോലെ അറബ് രാജ്യങ്ങള്‍ മാത്രമല്ല, മറിച്ച് യുഎസും റഷ്യയും മലേഷ്യയും എല്ലാം നമുക്ക് ഓയിലും കല്‍ക്കരിയും നല്കുന്നതുകൊണ്ട് ഭാവിയില്‍ അവരെയും സാമ്പത്തികമായി ബാധിക്കുന്ന നയമാണ് നരേന്ദ്രമോദി കൈക്കൊള്ളുന്നത് എന്നത് ആ രാജ്യങ്ങളെയും വേദനിപ്പിക്കുന്നുണ്ടാകും. അതുകൊണ്ടുതന്നെ വികസിത രാഷ്ട്രങ്ങള്‍ കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള നയങ്ങള്‍ക്കും പദ്ധതികള്‍ക്കും കാര്യമായ സഹായം ചെയ്യില്ലെന്ന് മാത്രമല്ല, പലതും അട്ടിമറിക്കുവാനും ശ്രമിക്കും. പന്ത്രണ്ടു വര്‍ഷം മുന്‍പ് കോപ്പന്‍ഹേഗന്‍ ഉച്ചകോടിയില്‍ വികസിത രാജ്യങ്ങള്‍ പ്രഖ്യാപിച്ച 100 കോടി ബില്യണ്‍ ഡോളര്‍ സഹായധനമെല്ലാം പാഴ്വാക്കുകളായിരുന്നുവെന്ന് ഗ്ലാസ്ഗോ ഉച്ചകോടിയില്‍ പരസ്യമായിത്തന്നെ ഉത്തരവാദിത്തപ്പെട്ടവര്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. അതുകൊണ്ട് കാലാവസ്ഥാവ്യതിയാനം കൂടുതലായി ബാധിക്കുന്ന അവികസിത രാജ്യങ്ങളും ജനസംഖ്യാനിരക്ക് കൂടുതലുള്ള രാജ്യങ്ങളും സ്വന്തം കാലില്‍ നിന്നുകൊണ്ട്, സ്വദേശീയമായ പദ്ധതികളും സാങ്കേതിക വിദ്യകളും പ്രയോജനപ്പെടുത്തി ഭാവിയിലെ ഭീകരമായ പ്രകൃതി ദുരന്തത്തെ നേരിടുക എന്നതുമാത്രമാണ് ജനങ്ങളെ രക്ഷിക്കുവാനുള്ള ഏക പോംവഴി.
കല്‍ക്കരി കരുവാക്കി ചില ഒളിപ്പോരുകള്‍
ഭാരതത്തെ ഇകഴ്ത്തുവാന്‍ ചില മാധ്യമങ്ങളും ഇടതുപക്ഷ പരിസ്ഥിതി ചിന്തകരും ഇപ്പോള്‍ മുന്നോട്ട് വെക്കുന്ന ഒരു വാദം, രാജ്യം കല്‍ക്കരി ഉപയോഗം നിര്‍ത്തലാക്കുവാന്‍ ഉള്ള പ്രമേയത്തില്‍ നിന്ന് പിന്മാറിയെന്നാണ്. സത്യത്തില്‍ ഭാരതം ഈ പ്രമേയത്തിന് ഒരേയൊരു വാക്കിന്റെ ഭേദഗതി ആവശ്യപ്പെട്ടു എന്നതാണ് സത്യം. കല്‍ക്കരിയുടെ ഉപയോഗം ‘ഉടനടി നി
ര്ത്തലാക്കുക’ എന്നതിന് പകരം ‘ഘട്ടം ഘട്ടമായി നിര്‍ത്തലാക്കുമെന്ന’ ഭേദഗതി മാത്രമാണ് ഭാരതം മുന്നോട്ടുവെച്ചത്. ഇത് ആത്യന്തികമായി നമ്മുടെ അവകാശവും സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനവുമാണ്. കാരണം ഭാരതത്തിലെ ഏതാണ്ട് 21 ലക്ഷം തൊഴിലാളികളാണ് കല്‍ക്കരി മേഖലയുമായി ബന്ധപ്പെട്ട വ്യവസായങ്ങളില്‍ പണിയെടുക്കുന്നത്, ഇന്ത്യയുടെ ഇപ്പോഴത്തെ വൈദ്യുതി ഉല്പാദനത്തില് 72 ശതമാനവും കല്‍ക്കരി ഉപയോഗിച്ചുള്ള ഉല്പാദനകേന്ദ്രങ്ങളില് നിന്നാണ്. ഏറ്റവും കുറഞ്ഞ നിരക്കില്‍ ഭാരതം വൈദ്യുതി ഉല്പാദിപ്പിക്കുന്നതും കല്‍ക്കരി ഉപയോഗിച്ചുകൊണ്ടാണ് എന്നതും നമ്മുടെ വ്യവസായ വളര്‍ച്ചയുടെ പ്രധാന ഭാഗമാണ്.
ഇത്രയേറെ കല്‍ക്കരിമേഖലയെ ആശ്രയിച്ചു നില്ക്കുന്ന ഒരു സമ്പദ്ഘടനയ്ക്ക് ഒരു സുപ്രഭാതത്തില്‍ ഒറ്റയടിക്ക് ഇവയെല്ലാം നിര്‍ത്തലാക്കുവാന്‍ സാധ്യമല്ല. കുവൈറ്റും സൗദിയും അടക്കമുള്ള രാജ്യങ്ങളോട് നാളെമുതല്‍ പെട്രോള്‍ ഉല്പാദനവും കയറ്റുമതിയും നിര്‍ത്തലാക്കണമെന്ന് ഉപദേശിക്കുന്നതു പോലെയാണത്. ഭാഗ്യത്തിന് ഉപദേശകര്‍ എല്ലാം കേരളത്തിലാണ്. അവരാകട്ടെ അറബ് സമ്പദ്വ്യവസ്ഥയുടെ സ്തുതിപാഠകരുമാണ്. രാജ്യത്തിനെതിരെ നുണപ്രചാരണം നടത്താന്‍ അവര്‍ക്ക് നിര്‍ഭയമായി സാധിക്കുന്നത് കേരളത്തിലാണ്. ഇത്തരം വിമര്‍ശനങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കും രാഷ്ട്രീയവും സാമ്പത്തികവുമായ ഗൂഢതാല്പര്യങ്ങളുണ്ട്. അവിടെയാണ് ‘നേരിടേണ്ടത് കാലാവസ്ഥാവ്യതിയാനത്തെയല്ല, ഫോസില്‍ വ്യവസായത്തിന്റെ രാഷ്ട്രീയശക്തിയെയാണ്’ എന്ന പ്രവചനത്തിനു കൂടുതല്‍ പിന്തുണ ലഭിക്കുന്നത്.
ഭാരതം മുന്നോട്ടുവെക്കുന്നത്
കഴിഞ്ഞവര്‍ഷം സ്വാതന്ത്ര്യദിന സന്ദേശത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ ഹൈഡ്രജന്‍ മിഷന് (ചഒങ) എന്ന സ്വപ്നപദ്ധതിയെക്കുറിച്ച് പ്രഖ്യാപിച്ചത്. ഭാരതം ഊര്‍ജ്ജ സ്വാതന്ത്ര്യം ലഭിക്കാത്ത രാജ്യമാണ്. 12 ലക്ഷം കോടിരൂപ നമ്മള് ഊര്‍ജ്ജ ഇറക്കുമതിക്കായി ചെലവാക്കുന്നു. രാഷ്ട്രീയ സ്വാതന്ത്ര്യം കിട്ടി 100 വര്‍ഷം കഴിയുമ്പോഴെങ്കിലും ഭാരതം ഊര്‍ജ്ജത്തിന്റെ കാര്യത്തിലും സ്വതന്ത്രമാകണം. ഇതാണ് നരേന്ദ്രമോദി മുന്നോട്ട് വെയ്ക്കുന്ന സ്വപ്നം. ‘ആരെയാണ് നമ്മള് തിരഞ്ഞെടുക്കുന്നത് എന്നതാണ് ഏതൊക്കെ പ്രശ്നങ്ങളാണ് നമ്മള് പരിഹരിക്കുന്നത് എന്ന് തീരുമാനിക്കുന്നത്’ എന്ന് പറയാറുണ്ട്. ആഭ്യന്തര സുരക്ഷയുടെ കാര്യത്തിലെന്ന പോലെ പരിസ്ഥിതി സുരക്ഷയുടെ കാര്യത്തിലും ബിജെപിയും കേന്ദ്രസര്‍ക്കാരും പ്രതിജ്ഞാബദ്ധമാണ് എന്ന് ഉറപ്പിക്കുന്ന നയങ്ങളാണ് കേന്ദ്രം മുന്നോട്ട് വയ്ക്കുന്നത്.
അന്താരാഷ്ട്രതലത്തില്‍ തന്നെ ആസ്ട്രേലിയ ഒഴിച്ച് പലരാജ്യങ്ങളും ഗ്രീന്‍ ഹൈഡ്രജന്‍ നിര്‍മ്മാണത്തിനും വിതരണത്തിനും കാര്യമായ നയങ്ങളും മുതല്‍മുടക്കും നടത്തിയിട്ടില്ല എന്നുള്ളതും ഭാരതത്തിന് ഈ രംഗത്തെ ‘ഏര്‍ളി ബേര്‍ഡ് അഡ്വാന്റേജ്’ ലഭിക്കാന്‍ കാരണമാകും.
ഭാവിയുടെ ഇന്ധനമാണ് ഹൈഡ്രജന്‍, അതും ഗ്രീന്‍ ഹൈഡ്രജന്‍ (ഉല്പാദനത്തിന്റെ ഒരു ഘട്ടത്തിലും കാര്‍ബണ്‍ ഉദ്ഗമനം ഇല്ലാത്ത) ചെലവുകുറഞ്ഞു ഉല്പാദിപ്പിക്കുവാന് ഭാരതത്തിനു കഴിഞ്ഞാല്‍ ഭാവിയില്‍ ലോകത്തിന്റെ ഊര്‍ജ്ജ ഉല്പാദനത്തിന്റെ കേന്ദ്രം ഭാരതമാകും എന്ന കാര്യത്തില്‍ സംശയമില്ല. വൈദ്യുത വാഹനങ്ങള്‍ക്കുള്ള ചില പ്രായോഗിക പരിമിതിയും പ്രത്യേകിച്ച് വലിയ വാഹനങ്ങളിലെ ദീര്‍ഘദൂര യാത്രക്കുള്ള പരിമിതികളും ഹൈഡ്രജന്‍ ഫ്യൂവലിനെ ഭാവിയില്‍ വാഹന ഗതാഗതത്തില്‍ വലിയ തോതില്‍ പ്രയോജനപ്പെടുത്തേണ്ടിവരും. അങ്ങിനെ വരുമ്പോള്‍ വൈദ്യുതി ഉല്പാദനത്തിനും വാഹനഗതാഗതത്തിനും ഒരുപോലെ ഉപയോഗിക്കാവുന്ന ഇന്ധനമായി ഹൈഡ്രജന്‍ മാറുമെന്നുതന്നെയാണ് ശാസ്ത്രലോകം വിശ്വസിക്കുന്നത്. എന്നാല്‍ ഹൈഡ്രജന്‍ ഉല്പാദനത്തിനും സൂക്ഷിക്കുന്നതിനും മറ്റുമുള്ള ചെലവുകുറഞ്ഞ സാങ്കേതിക മാര്‍ഗ്ഗങ്ങളും അടിസ്ഥാന സൗകര്യങ്ങളും സൃഷ്ടിക്കുകയാണ് ഭാരതം നേരിടേണ്ടിവരുന്ന ബാലാരിഷ്ടതകള്‍.
ഇതെല്ലാം മറികടന്നുകൊണ്ടുള്ള നേട്ടങ്ങളാണ് ഭാരതം നടപ്പാക്കിവരുന്നത്. കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ഏജന്‍സികളായ ഗെയില്‍ 10 എംഡബ്ല്യു ഉല്പാദനശേഷിയുള്ള രാജ്യത്തെ ഏറ്റവും വലിയ ഗ്രീന്‍ ഹൈഡ്രജന്‍ പ്ലാന്റ് നിര്‍മ്മാണത്തിന് മധ്യപ്രദേശിലെ വിജയ്പൂരില്‍ തുടക്കമിട്ടുകഴിഞ്ഞു. മറ്റൊരു ഏജന്‍സിയായ എന്‍ടിപിസിയും അഞ്ച് എംഡബ്ല്യു പ്ലാന്റിന് ടെണ്ടര്‍ വിളിച്ചുകഴിഞ്ഞു. ഇന്ത്യന്‍ ഓയില്‍ മഥുര റിഫൈനറിയില്‍ ഗ്രീന്‍ ഹൈഡ്രജന്‍ നിര്‍മ്മാണം ഉടന്‍ തുടങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടുമുണ്ട്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ മാത്രമല്ല അദാനിയും അംബാനിയും അടക്കം പല ഇന്ത്യന്‍ കമ്പനികളും ദീര്‍ഘകാലത്തേക്കുള്ള തങ്ങളുടെ പദ്ധതികളില്‍ ഗ്രീന്‍ ഹൈഡ്രജന്‍ പ്ലാന്റുകള്‍ക്ക് പരസഹസ്രം കോടികള്‍ മാറ്റിവെച്ചുകഴിഞ്ഞു. അദാനി 70 ബില്യണ്‍ യുഎസ് ഡോളര്‍ ആണ് ഗ്രീന്‍ ഹൈഡ്രജന്‍ നിര്‍മ്മാണത്തിനും ട്രാന്‍സ്മിഷനും
മാറ്റിവെച്ചതെങ്കില്‍ റിലയന്‍സ് 100 എംഡബ്ല്യു പുനര്‍നിര്‍മ്മിക്കാവുന്ന ഊര്‍ജ്ജം ഉല്പാദിപ്പിക്കുവാനും ഗ്രീന്‍ ഹൈഡ്രജന്‍ യൂണിറ്റിന് ഒരു രൂപയ്ക്ക് നിര്മിക്കുവാനുമുള്ള പദ്ധതികള്‍ക്കുമാണ് രൂപംകൊടുക്കുന്നത്. ടാറ്റയാകട്ടെ പെട്രോനെറ്റുമായിച്ചേര്ന്ന സോളാറില്‍ നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കുവാന് 750 മില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ മുതല്‍ മുടക്കിന്റെ പദ്ധതികളുമായി മുന്നോട്ടു വരുന്നു. ഇതെല്ലം സൂചിപ്പിക്കുന്നത് ഭാരതം ഊര്ജ്ജോല്പാദനത്തിന്റെ കാര്യത്തിലും സ്വയം പര്യാപ്ത കൈവരിക്കുമെന്നുതന്നെയാണ്.
ഭാരതം മുന്നോട്ടുവെക്കുന്നത് ഒരേസമയം പരിസ്ഥിതിക്ക് ഉപകാരപ്രദവും ലോകത്തിന്റെ പല പ്രശ്നങ്ങള്‍ക്കും പരിഹാരമാകുന്നതുമായ വിന്-വിന് സിറ്റുവേഷന് എന്ന വിജയമന്ത്രമാണ്. ഭൂമിയെ പരിസ്ഥിതി പ്രശ്നങ്ങളില്‍ നിന്ന് മോചിപ്പിക്കുന്നതോടൊപ്പം രാജ്യത്തിന് ഊര്‍ജ്ജസ്വാതന്ത്ര്യം നേടിയെടുത്ത് നാട്ടിലെ സമ്പത്തു വിദേശത്തേക്കുപോകാതെ രാജ്യത്തിനുള്ളില്‍ തന്നെ വികസനത്തിന് ഉപയോഗപ്പെടുത്തുക എന്നതാണ് ഇതിലൂടെ നടപ്പാക്കുന്നത്. വിശാലവും ദൂരവ്യാപകഗുണഫലങ്ങള് സൃഷ്ടിക്കുന്നതുമായ ഇത്തരം ദീര്ഘവീക്ഷണങ്ങളാ ണ് എപ്പോഴും ഒരു ഭരണാധികാരിയെ വ്യത്യസ്തനാക്കുന്നത്. രാജ്യത്തെ പരമവൈഭവത്തിലേക്ക് നയിക്കുന്നതും.
പി.ആര്. ശിവശങ്കര്‍
( ബിജെപി സംസ്ഥാന സമിതിയംഗമാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: