ക്ഷേത്രാചാരങ്ങളില്‍ ഇടപെടാന്‍ ഭരണഘടനാ കോടതികള്‍ക്ക് കഴിയില്ലെന്ന സുപ്രീംകോടതി ഉത്തരവ് ഹൈന്ദവമായ ആരാധനാലയങ്ങള്‍ പലതരം കടന്നാക്രമണങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ പ്രസക്തമാണ്. തിരുപ്പതി ക്ഷേത്രത്തിലെ പൂജകളിലും ദര്‍ശനം അനുവദിക്കുന്നതിലും മറ്റും ക്രമക്കേടുകള്‍ ആരോപിച്ച് ഒരാള്‍ നല്കിയ ഹര്‍ജി ആന്ധ്ര ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരായ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് പരമോന്നത നീതിപീഠം നിര്‍ണായകമായ ഉത്തരവ് പു
റപ്പെടുവിച്ചത്. ഇത് പൊതുതാല്‍പ്പര്യ ഹര്‍ജിയല്ല, ജനശ്രദ്ധയാകര്‍ഷിക്കാനുള്ള ഹര്‍ജിയാണെന്നു പറഞ്ഞുകൊണ്ടാണ് ഹര്‍ജിക്കാരന്റെ ആവശ്യം കോടതി നിരസിച്ചത്. ഭരണഘടനാ കോടതികള്‍ക്ക് ക്ഷേത്രങ്ങളില്‍ നടക്കുന്ന നിത്യപൂജകളിലും ആചാരാനുഷ്ഠാനങ്ങളിലും ഇടപെടാനാവില്ല. കോടതിക്ക് കൈകാര്യം ചെയ്യാവുന്ന വിഷയമല്ല ഇത്. ക്ഷേത്രങ്ങളുടെ നിത്യാനുഷ്ഠാനങ്ങളില്‍ ഇടപെടാന്‍ ഏത് നിയമമാണ് കോടതികളെ അനുവദിക്കുന്നത്? വിഗ്രഹത്തിനു മുന്നില്‍ എങ്ങനെ തേങ്ങയുടയ്ക്കണമെന്ന് ക്ഷേത്രാധികാരികളോട് നിര്‍ദ്ദേശിക്കാനാവുമോ? ആരതി എങ്ങനെ വേണമെന്ന് പൂജാരിമാരോട് പറയാനാവുമോ? ഇങ്ങനെയൊക്കെയാണ് യാതൊരു വളച്ചുകെട്ടുമില്ലാതെ സുപ്രീംകോടതി ചോദിച്ചത്. നിത്യവുമുള്ള പൂജാവിധികള്‍ ഏതെങ്കിലും നടക്കുന്നില്ലെന്ന് ഭക്തര്‍ക്ക് പരാതിയുണ്ടെങ്കില്‍ സിവില്‍ കേസ് നല്‍കുകയോ ബന്ധപ്പെട്ട അധികൃതരെ സമീപിച്ച് പരിഹാരം തേടുകയോ ചെയ്യാം. ഹൈക്കോടതികള്‍ക്കോ സുപ്രീംകോടതിക്കോ ഇത് കൈകാര്യം ചെയ്യാനാവില്ല എന്നുകൂടി വ്യക്തമാക്കിക്കൊണ്ടാണ് പരമോന്നത നീതിപീഠം ഹര്‍ജി തള്ളിയത്.
താരതമ്യേന വ്യത്യസ്തമായ വിഷയത്തിലാണ് സുപ്രീം കോടതിയുടെ ഈ വിധിയെങ്കിലും ക്ഷേത്രാചാരങ്ങളില്‍ കോടതികള്‍ക്ക് ഇടപെടാനാവില്ലെന്ന നിലപാട് ശബരിമല യുവതീപ്രവേശന കാര്യത്തിലും പ്രസക്തമാണ്. യുവതീ പ്രവേശനത്തിന് വിലക്കില്ലെന്ന സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ച് പുറപ്പെടുവിച്ച വിധിയുടെ സാധുത അസ്ഥിരപ്പെട്ടിരിക്കുകയാണ്. ഈ വിഷയം ഒന്‍പതംഗ ഭരണഘടനാ ബെഞ്ചിന്റെ പരിശോധനയിലാണെങ്കിലും യുവതീ പ്രവേശനത്തിന്റെ കാര്യത്തില്‍ അയ്യപ്പഭക്തര്‍ ഉന്നയിച്ച പ്രശ്നങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കുന്നതാണ് പുതിയ വിധി. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പൊതുവായ വിലക്കില്ലെന്നും നിശ്ചിത പ്രായപരിധിയിലുള്ളവര്‍ക്ക് ദര്‍ശനം അനുവദിക്കാത്തത് അവിടുത്തെ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട ആചാരമാണെന്നുമാണ് വിശ്വാസികള്‍ പറഞ്ഞത്. മറ്റ് അയ്യപ്പക്ഷേത്രങ്ങളിലൊന്നും ഇങ്ങനെയൊരു വിലക്കില്ലാത്തത് അവര്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു. ഇത്തരം സവിശേഷമായ ആചാരങ്ങള്‍ പിന്തുടരുന്ന നിരവധി ക്ഷേത്രങ്ങള്‍ രാജ്യത്തിന്റെ മറ്റിടങ്ങളിലുമുണ്ട്. പക്ഷേ ഇതൊന്നും അംഗീകരിക്കാതെ ബലം പ്രയോഗിച്ച് സ്ത്രീകളെ സന്നിധാനത്തെത്തിച്ച് ക്ഷേത്ര വിശുദ്ധി കളങ്കപ്പെടുത്താനും കോടിക്കണക്കിന് അയ്യപ്പഭക്തരെ അവഹേളിക്കാനുമാണ് ഇടതുമുന്നണി സര്‍ക്കാര്‍ ശ്രമിച്ചത്. എന്നിട്ട് ഇത് നവോത്ഥാനമാണെന്ന് കൊട്ടിഘോഷിക്കുകയും ചെയ്തു. അഹിന്ദുക്കളുടെ ആരാധനാ കേന്ദ്രങ്ങളില്‍ പ്രായഭേദമെന്യേ സ്ത്രീകള്‍ക്ക് പ്രവേശനമില്ലാത്തതിനെക്കുറിച്ച് നിശ്ശബ്ദത പാലിച്ചുകൊണ്ടായിരുന്നു ഹിന്ദുക്കള്‍ക്കെതിരായ കടന്നുകയറ്റം. തങ്ങളുടെ കുത്സിത നീക്കം വിജയിക്കില്ല എന്നുവന്നപ്പോള്‍ തെറ്റുപറ്റിയെന്നും ഇനി ബലം പ്രയോഗിച്ചു യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കില്ലെന്നും എല്ലാവരോടും ആലോചിച്ചു മാത്രമേ സുപ്രീംകോടതി വിധി നടപ്പാക്കുകയുള്ളൂ എന്നും പിണറായി സര്‍ക്കാരിന് പറയേണ്ടിവന്നു.
ശബരിമല യുവതീ പ്രവേശന കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് മുന്‍ തന്ത്രി കണ്ഠര് മഹേശ്വരരുടെ ഭാര്യ ദേവകി അന്തര്‍ജനം സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതിയതിന്റെയും ക്ഷേത്രാചാരങ്ങളില്‍ ഇടപെടാന്‍ ഭരണഘടനാ കോടതികള്‍ക്ക് കഴിയില്ലെന്ന വിധിയുടെയും വാര്‍ത്ത ഒരേ ദിവസം പുറത്തുവന്നത് യാദൃച്ഛികമാണെങ്കിലും ഭക്തര്‍ക്ക് സന്തോഷം പകരുന്നതാണ്. പ്രായപരിധിയില്ലാതെ ശബരിമലയില്‍ യുവതികള്‍ക്ക് ദര്‍ശനം നടത്താമെന്ന് വിധിച്ച സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ചില്‍ അംഗമായിരുന്ന ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര വിയോജിപ്പ് രേഖപ്പെടുത്തി ന്യൂനപക്ഷ വിധിന്യായം എഴുതിയിരുന്നു. ഒഴിച്ചുകൂടാനാവാത്ത മതാചാരം എന്തെന്ന് തീരുമാനിക്കേണ്ടത് മതസമൂഹമാണ്, കോടതിയല്ലെന്നായിരുന്നു ഇന്ദു മല്‍ഹോത്ര ഈ വിധിയില്‍ പറഞ്ഞത്. സതി പോലുള്ള ദുരാചാരങ്ങളോ സാമൂഹ്യ തിന്മകളോ അല്ലാത്തപക്ഷം വിശ്വാസസംബന്ധമായ ഏത് ആചാരമാണ് റദ്ദാക്കപ്പെടേണ്ടതെന്ന് തീരുമാനിക്കേണ്ടത് കോടതികളല്ലെന്ന സുചിന്തിതമായ നിലപാടാണ് ജസ്റ്റിസ് മല്‍ഹോത്ര സ്വീകരിച്ചത്. ഈ വിധിന്യായത്തില്‍ പറയുന്ന കാര്യങ്ങളിലും, അയ്യപ്പഭക്തര്‍ ഉന്നയിച്ച ആശങ്കകളിലും കഴമ്പുണ്ടെന്നു കണ്ടാണ് പ്രശ്നം ഭരണഘടനാ ബെഞ്ചിന് വിടാന്‍ സുപ്രീംകോടതി തീരുമാനിച്ചത്. ഇതു സംബന്ധിച്ച അന്തിമവിധിക്ക് കാത്തിരിക്കുമ്പോഴാണ് ജസ്റ്റിസ് മല്‍ഹോത്ര സ്വീകരിച്ച നിലപാടിനോട് സാദൃശ്യമുള്ള വിധിന്യായം സുപ്രീംകോടതിയില്‍ നിന്നുതന്നെ ഉണ്ടായിരിക്കുന്നത്. ക്ഷേത്ര വിശ്വാസികള്‍ക്ക് പൊതുവെയും, അയ്യപ്പഭക്തര്‍ക്ക് പ്രത്യേകിച്ചും ആഹ്ലാദം പകരുന്ന ഒന്നാണിതെന്ന് എടുത്തു പറയേണ്ടതില്ലല്ലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: