കോഴിക്കോട്: പാര്‍സലായി വാങ്ങിയ ബിരിയാണിയില്‍ പുഴു ഉണ്ടെന്ന് ആരോപിച്ച് ഹോട്ടലിലെ ബിരിയാണിച്ചെമ്പ് യുവാവ് റോഡിലേക്ക് മറിച്ചിട്ടു. കോഴിക്കോട് രാമനാട്ടുകര എയര്‍പോര്‍ട്ട് റോഡില്‍ പാലക്കല്‍ ബിരിയാണി സെന്ററിലാണ് സംഭവം. ചൊവ്വാഴ്ച വൈകിട്ട് ആറരയോടെയാണ് രാമനാട്ടുകര സ്വദേശിയായ യുവാവ് ഹോട്ടലിലെത്തി ബിരിയാണി വാങ്ങിയത്.
അരമണിക്കൂറിനകം തിരിച്ചെത്തിയ യുവാവ് ബിരിയാണിയില്‍ പുഴുവുണ്ടെന്ന് ആരോപിച്ച് ബഹളം ഉണ്ടാക്കുകയായിരുന്നു.എന്നാല്‍ ബിരിയാണിയില്‍ പുഴുവില്ലെന്നും എണ്ണയില്‍ വറുത്ത അരിമണിയാണ് പുഴുവാണെന്ന് തെറ്റിദ്ധരിച്ചതെന്നുമാണ് ഹോട്ടല്‍ ഉടമ പറഞ്ഞത്. മുന്‍പും ഹോട്ടലില്‍ എത്തിയവര്‍ സംശയം ഉന്നയിച്ചിട്ടുണ്ടെന്നും അവരെ ബോധ്യപ്പെടുത്തിയതാണെന്നും ഹോട്ടല്‍ ഉടമ പറയുന്നു. എന്നാല്‍ യുവാവ് ഇത് സമ്മതിക്കാന്‍ കൂട്ടാക്കിയില്ല.
തുടര്‍ന്ന് രാമനാട്ടുകര നഗരസഭയിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടറെ യുവാവ് വിളിച്ചുവരുത്തി. ബിരിയാണി പരിശോധിച്ച ഹെല്‍ത്ത് ഇന്‍സ്പെക്ടറും അതില്‍ പുഴുവല്ല, അരി മണികളാണെന്ന് വ്യക്തമാക്കി. എന്നാല്‍ ഇക്കാര്യം സമ്മതിക്കാതെ യുവാവ് ഹോട്ടലിലെ എട്ട് കിലോയുടെ ബിരിയാണിച്ചെമ്പ് റോഡിലേക്ക് മറിച്ചിടുകയായിരുന്നു. ഇതോടെ ഹോട്ടല്‍ ജീവനക്കാരും യുവാവും തമ്മില്‍ വാക്കുതര്‍ക്കവും ഉന്തുംതള്ളും ഉണ്ടായി. തുടര്‍ന്ന് ഫറോക് പോലീസെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു. ഒത്തുതീര്‍പ്പിനൊടുവില്‍ യുവാവ് ഹോട്ടല്‍ ഉടമയ്ക്ക് നഷ്ടപരിഹാരം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: